സിഡ്‌നി: ടെസ്റ്റ് പരമ്പരയില്‍ സീനിയര്‍ പേസര്‍ ഇശാന്ത് ശര്‍മ്മയുടെ അഭാവം ഇന്ത്യയുടെ ബൗളിംഗ് കരുത്ത് കുറയ്‌ക്കുമെന്ന് ഓസീസ് സ്റ്റാര്‍ ബാറ്റ്സ്‌മാന്‍ സ്റ്റീവ് സ്‌മിത്ത്. അതേസമയം ജസ്‌പ്രീത് ബുമ്രയെ എങ്ങനെ നേരിടണം എന്ന് തങ്ങള്‍ക്കറിയാമെന്നും സ്‌മിത്ത് പറഞ്ഞു. 

'ഇന്ത്യയുടെ മൂന്നാം പേസര്‍ അധികം മത്സരം കളിച്ച് പരിചയമില്ലാത്ത താരമായിരിക്കും. അവരെല്ലാം മികച്ച മികച്ച ബൗളര്‍മാരാണ് എന്ന് സമ്മതിക്കുന്നു. എന്നാല്‍ ഏറ്റവും മികച്ച ടീമാണ് തങ്ങളുടെ ബാറ്റിംഗ് നിര. അതിനാല്‍ ഇന്ത്യയെ തോല്‍പിക്കാന്‍ പോവുകയാണ് ഞങ്ങള്‍. ഇശാന്ത് ശര്‍മ്മ കളിക്കാത്തത് ഇന്ത്യക്ക് വലിയ നഷ്‌ടമാണ്. ഇശാന്ത് മികച്ച ബൗളറാണ് എന്നു മാത്രമല്ല, ഏറെ മത്സരം കളിച്ച് പരിചയവുമുണ്ട്. ഇശാന്ത് കളിക്കാത്ത സാഹചര്യത്തില്‍ ഇന്ത്യയുടെ ബൗളിംഗ് കരുത്തുറ്റതാണ് എന്ന് പറയാനാവില്ല. ഇശാന്ത് കളിക്കണമെന്ന് ഇന്ത്യയും ആഗ്രഹിക്കുന്നു എന്ന് കരുതുന്നതായും' സ്‌മിത്ത് പറഞ്ഞു.

ബുമ്ര-സ്‌മിത്ത് പോരിനെ കുറിച്ച്

'ടെസ്റ്റില്‍ ജസ്‌പ്രീത് ബുമ്രയെ ആദ്യമായാണ് നേരിടുന്നത്. അദേഹം ശൈലിയില്‍ കാര്യമായ മാറ്റം വരുത്തില്ല എന്ന് പ്രതീക്ഷിക്കുന്നു. ബുമ്ര എങ്ങനെ പന്തെറിയും എന്ന് ഞങ്ങള്‍ക്കറിയാം. നല്ല വേഗവും വ്യത്യസ്തമായ ആക്ഷനും അദേഹത്തിനുണ്ട്. ബുമ്രക്കെതിരെ കളിക്കുന്നതിന്‍റെ ആകാംക്ഷയുണ്ട്. ഷമി പരിചയസമ്പന്നനായ പേസറാണ്. സ്‌പിന്നര്‍മാരായി രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവരില്‍ ആരെ പരീക്ഷിക്കുമെന്ന് അറിയില്ല. എങ്കിലും അവരും ആവശ്യത്തിന് മത്സരം കളിച്ചവരാണ്' എന്നും സ്‌മിത്ത് കൂട്ടിച്ചേര്‍ത്തു.

ഐപിഎല്ലിനിടെയേറ്റ പരിക്കിനെ തുടര്‍ന്നാണ് ഇശാന്തിന് ഓസ്‌ട്രലിയക്കെതിരായ ടെസ്റ്റ് പരമ്പര നഷ്‌ടമായത്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം നടത്തുന്നുണ്ടെങ്കിലും പരമ്പരയ്‌ക്ക് മുമ്പ് താരത്തിന് പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കാനായില്ല. നിലവിലെ ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും പരിചയസമ്പന്നനായ പേസറാണ് 32കാരനായ ഇശാന്ത്. 97 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള വെറ്ററന്‍ പേസര്‍ 297 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇശാന്തിന്‍റെ അഭാവത്തില്‍ മൂന്നാം പേസറായി നവ്‌ദീപ് സെയ്‌നി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് എന്നിവരില്‍ ഒരാള്‍ കളിക്കും. 

സഞ്ജുവിനെ ഓര്‍മ്മിപ്പിച്ച പറക്കും സേവ്; ബിഗ് ബാഷില്‍ പറവയായി സില്‍ക്ക്- വീഡിയോ