സിഡ്‌നി: ഇന്ത്യക്കെതിരായ ഏകദിന, ട്വന്റി 20 പരമ്പരയിൽ നിന്ന് ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ കെയ്ൻ റിച്ചാർഡ്സൺ പിൻമാറി. കുടുംബ കാരണങ്ങളാൽ ടീമിൽ നിന്ന് പിൻമാറുകയാണെന്ന് റിച്ചാർഡ്സൺ ക്രിക്കറ്റ് ഓസ്‌ട്രേലിയയെ അറിയിച്ചു. റിച്ചാർഡ്സണ് പകരം ആൻഡ്രു ടൈയെ ടീമിൽ ഉൾപ്പെടുത്തി. 

റിച്ചാര്‍ഡ്‌സണെ പിന്തുണച്ച് ടീം

പിന്‍മാറാനുള്ള റിച്ചാര്‍ഡ്‌സണിന്‍റെ തീരുമാനത്തെ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ പ്രശംസിച്ചു. കുടുംബത്തിനൊപ്പം സമയം ചിലവിടാനായി കെയ്‌ന്‍ പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനെ ധീരമായ തീരുമാനം എന്നാണ് ലാംഗര്‍ വിശേഷിപ്പിച്ചത്. 'ഞങ്ങള്‍ എല്ലാ താരങ്ങളെയും അവരുടെ കുടുംബാംഗങ്ങളേയും എപ്പോഴും പിന്തുണയ്‌ക്കാറുണ്ട്. കെയ്‌ന്‍ തീരുമാനം എടുക്കാനുള്ള കാരണം മനസിലാക്കുന്നതായും താരങ്ങളും സെലക്‌ടര്‍മാരും അദേഹത്തിന് പിന്തുണയറിയിക്കുന്നതായും' മുഖ്യ സെലക്‌ടര്‍ ട്രെവര്‍ ഹോണ്‍സ് പറഞ്ഞു. 

ഈ വര്‍ഷാദ്യം ഇംഗ്ലണ്ട് പര്യടനം നടത്തിയ ഓസീസ് ടീമില്‍ കളിച്ചിരുന്നു ആന്‍ഡ്രു ടൈ. ഇതുവരെ ഏഴ് ഏകദിനങ്ങളും 26 ടി20കളും കളിച്ച താരം 49 വിക്കറ്റ് നേടിയിട്ടുണ്ട്. ഈമാസം 27നാണ് ഓസ്‌ട്രേലിയ-ഇന്ത്യ ഏകദിന പരമ്പരയ്‌ക്ക് തുടക്കമാവുക. പരമ്പരയിൽ മൂന്ന് ഏകദിനങ്ങളാണുള്ളത്. ‍ഡിസംബർ നാലിന് തുടങ്ങുന്ന ട്വന്റി 20 പരമ്പരയിലും മൂന്ന് മത്സരങ്ങളുണ്ട്. ഡിസംബർ 17നാണ് നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. 

കോലിയും സംഘവും അടുത്ത വര്‍ഷം ഇംഗ്ലണ്ടിലേക്ക്; ടെസ്റ്റ് പരമ്പര പ്രഖ്യാപിച്ചു