സിഡ്‌നി: ഓസ്‌ട്രേലിയൻ പര്യടനത്തിൽ പുതിയ തന്ത്രങ്ങളുമായി ടീം ഇന്ത്യ. ഏകദിന, ട്വന്റി 20 പരമ്പരയിൽ മുഹമ്മദ് ഷമിയെയും ജസ്പ്രീത് ബുമ്രയെയും ഇന്ത്യ ഒരുമിച്ച് കളിപ്പിക്കില്ല. ഇതേസമയം പരിക്കിന്‍റെ പിടിയിലായിരുന്ന ഇശാന്ത് ശർമ്മയും വൃദ്ധിമാൻ സാഹയും പരിശീലനം തുടങ്ങി.

ടീം ഇന്ത്യയുടെ സ്‌ട്രൈക്ക് ബൗളർമാരാണ് ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും. ഇതുകൊണ്ടുതന്നെ ഇരുവരും നി‍ർണായകമായ ടെസ്റ്റ് പരമ്പരയിൽ കളിക്കേണ്ടത് അത്യാവശ്യം. ടെസ്റ്റ് പരമ്പരയ്‌ക്ക് മുൻപ് ഷമിക്കും ബുമ്രക്കും പരുക്കേൽക്കാനുള്ള സാധ്യത കുറയ്ക്കാനാണ് ടീം ഇന്ത്യയുടെ തീരുമാനം. ഇതിനായി ഏകദിന, ട്വന്റി 20 പരമ്പരയിൽ ഇരുവരേയും ഒരുമിച്ച് കളിപ്പിക്കില്ല. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ ബൗളിംഗ് പരിശീലനം പുനരാരംഭിച്ച ഇശാന്ത് ശർമ്മയുടെ ആരോഗ്യ സ്ഥിതി പരിഗണിച്ചാവും ടീം ഇന്ത്യയുടെ അന്തിമ തീരുമാനം. 

നിലവിൽ ബുമ്രയേയും ഷമിയേയും റൊട്ടേഷൻ രീതിയിൽ കളിപ്പിക്കാനാണ് ക്യാപ്റ്റൻ വിരാട് കോലിയും കോച്ച് രവി ശാസ്‌ത്രിയും ബൗളിംഗ് പരിശീലകന്‍ ഭരത് അരുണും തീരുമാനിച്ചിരിക്കുന്നത്. ഈമാസം 27നാണ് ഏകദിന പരമ്പരയ്‌ക്ക് തുടക്കമാവും. ഇതിന് പിന്നാലെ മൂന്ന് ട്വന്റി 20യിലും ഇന്ത്യ കളിക്കും. ഓരോ മത്സരത്തിലും ബുമ്രക്കോ ഷമിക്കോ ഒപ്പം പുതുമുഖമായ ടി നടരാജനോ, നവദീപ് സെയ്നിയോ, ദീപക് ചഹറോ ആയിരിക്കും പുതിയ പന്തെറിയുക. 

പരുക്ക് പൂർണമായി മാറിയാൽ മാത്രമാണ് ഇശാന്ത് ശ‍ർമ്മ ഇന്ത്യൻ ടീമിനൊപ്പം ചേരുക. ഓസ്‌ട്രേലിയക്കെതിരെ മൂന്ന് ടെസ്റ്റിൽ കളിച്ചാൽ കപിൽദേവിന് ശേഷം 100 ടെസ്റ്റിൽ പന്തെറിഞ്ഞ ഇന്ത്യൻ ഫാസ്റ്റ് ബൗളർ എന്ന നേട്ടം ഇശാന്തിന് സ്വന്തമാവും. ഇശാന്ത് നിലവിൽ 97 ടെസ്റ്റിൽ കളിച്ചിട്ടുണ്ട്. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയാൽ 300 വിക്കറ്റ് ക്ലബിൽ ഇടംപിടിക്കാനും ഇശാന്തിന് കഴിയും. 

ഇതിനിടെ പരുക്കുമായി ഓസ്‌ട്രേലിയയിൽ എത്തിയ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയും പരിശീലനം പുനരാരംഭിച്ചു. സാഹ നെറ്റ്സിൽ പരിശീലനം വിഡിയോ ബിസിസിഐ പുറത്തുവിട്ടു. ഐപിഎല്ലിനിടെ പരുക്കേറ്റ സാഹയെ ടെസ്റ്റ് ടീമിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിസംബർ പതിനേഴിനാണ് ടെസ്റ്റ് പരമ്പരയ്‌ക്ക് തുടക്കമാവുക. പരമ്പരയിൽ നാല് ടെസ്റ്റുകളാണുള്ളത്.

ഇന്ത്യക്കെതിരെ ഓസീസ് പേസര്‍ കളിക്കില്ല; പകരക്കാരനെ പ്രഖ്യാപിച്ചു