സിഡ്‌നി: ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശര്‍മ്മയും ഇശാന്ത് ശര്‍മ്മയും കളിക്കുമോ എന്ന കാര്യത്തില്‍ കൂടുതല്‍ ആശങ്ക. നാലഞ്ച് ദിവസത്തിനുള്ളില്‍ ഓസ്‌ട്രേലിയയില്‍ എത്തിയില്ലെങ്കില്‍ ഇരുവരും ടെസ്റ്റ് കളിക്കുന്ന കാര്യം ദുഷ്‌കരമാകും എന്ന പരിശീലകന്‍ രവി ശാസ്‌ത്രിയുടെ വാക്കുകളാണ് ആശങ്ക സൃഷ്‌ടിക്കുന്നത്. 

'റെഡ് ബോള്‍ ക്രിക്കറ്റ് കളിക്കണമെങ്കില്‍ ഇരുവരും നാലഞ്ച് ദിവസത്തിനുള്ളില്‍ ഓസ്‌ട്രേലിയയില്‍ എത്തേണ്ടതുണ്ട്. പരിക്ക് മാറാന്‍ എത്ര ദിവസം വിശ്രമമാണ് താരങ്ങള്‍ക്ക് വേണ്ടത് എന്ന് ദേശീയ ക്രിക്കറ്റ് അക്കാദമി തീരുമാനിക്കും. കൂടുതല്‍ സമയം കാത്തിരിക്കാന്‍ പറഞ്ഞാല്‍ കാര്യങ്ങള്‍ അവതാളത്തിലാകും. പരമ്പരയ്‌ക്ക് മുമ്പ് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്‍റീന്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിനാല്‍ ടെസ്റ്റ് പരമ്പരയ്‌ക്ക് തൊട്ടുമുമ്പ് ഓസ്‌ട്രേലിയയില്‍ എത്തുക പ്രായോഗികമല്ല' എന്നും ശാസ്‌ത്രി പറഞ്ഞു. 

ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിലാണ് രോഹിത് ശര്‍മ്മയും ഇശാന്ത് ശര്‍മ്മയും. ടെസ്റ്റ് പരമ്പരയ്‌ക്ക് മുമ്പ് ഡിസംബര്‍ 11ന് തുടങ്ങുന്ന ത്രിദിന പരിശീലന മത്സരത്തില്‍ കളിക്കണമെങ്കില്‍ ഇരുവരും നവംബര്‍ 26നെങ്കിലും അവിടെത്തണം. 14 ദിവസത്തെ ക്വാറന്‍റീന്‍ പൂര്‍ത്തിയാക്കാനാണിത്. അഡ്‌ലെയ്‌ഡില്‍ ഡിസംബര്‍ 17ന് പകലും രാത്രിയുമായുള്ള മത്സരത്തോടെയാണ് ടെസ്റ്റ് പരമ്പര തുടങ്ങുന്നത്. നാല് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.  

ടീമിനെ ബാധിക്കുമോ കോലിയുടെ മടക്കം; ഒടുവില്‍ മനസുതുറന്ന് രവി ശാസ്‌ത്രി