ഹൈദരാബാദ്: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന്‍റെ പിതാവ് മുഹമ്മദ് ഗൗസ് ശ്വാസകോശ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അന്തരിച്ചിരുന്നു. അതേസമയം ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി ഇന്ത്യന്‍ ടീമിനൊപ്പമുള്ള സിറാജിന് പിതാവിനെ അവസാനമായി ഒരുനോക്ക് കാണാന്‍ സാധിച്ചില്ല. പിതാവിന്‍റെ വേര്‍പാടിനിടയിലും ഓസ്‌ട്രേലിയയില്‍ തുടരേണ്ടിവന്ന താരത്തെ ആശ്വസിപ്പിച്ച് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി രംഗത്തെത്തി. 

'ഈ വലിയ നഷ്‌ടം മറികടക്കാനുള്ള കരുത്ത് മുഹമ്മദ് സിറാജിനുണ്ടാവട്ടെ. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ എല്ലാ ആശംസകളും നേരുന്നു. കരുത്തനായ വ്യക്തിത്വമാണ് സിറാജ്' എന്നുമായിരുന്നു ഗാംഗുലിയുടെ ട്വീറ്റ്. 

വെള്ളിയാഴ്‌ചത്തെ പരിശീലന സെഷന് ശേഷമാണ് മുഹമ്മദ് ഗൗസിന്‍റെ മരണ വിവരം ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും പരിശീലകന്‍ രവി ശാസ്‌ത്രിയും ചേര്‍ന്ന് സിറാജിനെ അറിയിച്ചത്. എന്നാല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പിതാവിന്‍റെ അന്ത്യ കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ താരത്തിന് ഇന്ത്യയിലേക്ക് പുറപ്പെടാനായില്ല. സിറാജ് ഐപിഎല്ലില്‍ കളിക്കുന്നതിന് ഇടയിലാണ് പിതാവിനെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി പുറത്തെടുത്ത പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് സിറാജിന് ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ അവസരം ലഭിച്ചത്. സീസണില്‍ ഒന്‍പത് മത്സരങ്ങളില്‍ 11 വിക്കറ്റ് നേടിയപ്പോള്‍ കൊല്‍ക്കത്തയ്‌ക്കെതിരെ രണ്ട് മെയ്‌ഡന്‍ ഓവറുകള്‍ സഹിതം എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടി റെക്കോര്‍ഡിട്ടിരുന്നു. ടീം ഇന്ത്യക്കായി ഒരു ഏകദിനവും മൂന്ന് ടി20യും ഇതിനകം കളിച്ചിട്ടുണ്ട് 26കാരനായ മുഹമ്മദ് സിറാജ്. 

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജിന്‍റെ പിതാവ് അന്തരിച്ചു