ഏകദിന ക്രിക്കറ്റില്‍ വേഗത്തില്‍ 12,000 റണ്‍സ് പൂര്‍ത്തിയാക്കിയ താരമെന്ന നേട്ടം ഓസ്‌ട്രേലിയക്കെതിരായ കാന്‍ബറ ഏകദിനത്തില്‍ വിരാട് കോലി സ്വന്തമാക്കിയിരുന്നു.

കാന്‍ബറ: ഏകദിന ക്രിക്കറ്റില്‍ 12,000 റണ്‍സ് തികച്ച ഇന്ത്യന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ പ്രശംസ കൊണ്ട് മൂടി ഇതിഹാസ ക്രിക്കറ്റര്‍ സുനില്‍ ഗാവസ്‌കര്‍. സ്ഥിരതയും അര്‍ധ സെഞ്ചുറികള്‍ ശതകങ്ങളാക്കി മാറ്റുന്നതിലെ മികവും കോലിയെ പ്രതിഭാസത്തിന് അപ്പുറമാക്കുന്നു എന്നാണ് മുന്‍ നായകന്‍റെ പ്രശംസ. 

'മഹാനായ ക്രിക്കറ്ററാണ് കോലി. മൂന്ന് ഫോര്‍മാറ്റിലും അദേഹത്തിന്‍റെ പ്രകടനം വിസ്‌മയാവഹമാണ്. 2008-2009 കാലഘട്ടത്തിലെ അണ്ടര്‍ 19 താരത്തില്‍ നിന്ന് കോലിയുടെ വളര്‍ച്ച, തന്‍റെ ഗെയിം വളര്‍ത്തിയെടുത്ത രീതി, പൂര്‍ണ ഫിറ്റ്‌നസുള്ള ക്രിക്കറ്ററായി മാറാന്‍ എടുത്ത ത്യാഗം എല്ലാം മാതൃകാപരമാണ്. 12,000ത്തിലധികം റണ്‍സ് നേടിയിരിക്കുന്നു. 251 ഏകദിനങ്ങളില്‍ 43 സെഞ്ചുറിയും 60 അര്‍ധ സെഞ്ചുറിയും നേടി. അതായത് 251ല്‍ 103 മത്സരങ്ങളില്‍ കോലി അമ്പതിലധികം സ്‌കോര്‍ നേടി. അതൊരു വിസ്‌മയ നേട്ടമാണ്. മറ്റാരെങ്കിലും ഇത് ചെയ്തിട്ടുണ്ട് എന്ന് തോന്നില്ല'.

സ‍ഞ്ജുവേട്ടാ അടുത്ത കളിയില്‍ ഉണ്ടാവുമോ ?, ഓസ്ട്രേലിയയിലും സഞ്ജുവിന് കൈയടിച്ച് മലയാളികള്‍

'സ്ഥിരതയും അര്‍ധ സെഞ്ചുറികള്‍ ശതകങ്ങളാക്കി മാറ്റുന്ന മികവും അവിശ്വസനീയമാണ്. പ്രതിഭാസത്തിനും അപ്പുറമാണ് കോലി എന്ന് വീണ്ടും പറയുന്നു. നാലോ അഞ്ചോ മാസത്തിനിടയില്‍ അടുത്ത 1000 റണ്‍സ് കോലി നേടും' എന്നും ഗാവസ്‌കര്‍ പറഞ്ഞു.

ഏകദിന ക്രിക്കറ്റില്‍ വേഗത്തില്‍ 12,000 റണ്‍സ് പൂര്‍ത്തിയാക്കിയ താരമെന്ന നേട്ടം ഓസ്‌ട്രേലിയക്കെതിരായ കാന്‍ബറ ഏകദിനത്തില്‍ വിരാട് കോലി സ്വന്തമാക്കിയിരുന്നു. ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറെയാണ് കോലി മറികടന്നത്. ഇത്രയും റണ്‍സ് നേടാന്‍ 242 ഇന്നിംഗ്‌സുകളാണ് കോലിക്ക് വേണ്ടിവന്നത്. എന്നാല്‍ സച്ചിന്‍ 300 ഇന്നിംഗ്‌സില്‍ നിന്നായിരുന്നു 12,000 ക്ലബിലെത്തിയത്. കുമാര്‍ സംഗക്കാര(336), സനത് ജയസൂര്യ(379), മഹേല ജവര്‍ധനെ(399) എന്നിവരാണ് അടുത്ത സ്ഥാനങ്ങളില്‍. 

സഹോദരനൊക്കെ വീട്ടില്‍; അനിയനെ ഓവറില്‍ ആറ് സിക്‌സറിന് പറത്തി ഡ്വെയ്‌ന്‍ സ്‌മിത്ത്, കൂടെ ഗോള്‍ഡണ്‍ ഡക്കും