ഓക്‌ലന്‍ഡ്: ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യയും ന്യൂസിലന്‍ഡും മുഖാമുഖം വരുന്നത് ഇതാദ്യം. അതുകൊണ്ട് ലോകകപ്പ് സെമിയിലെ തോൽവിക്ക് പകരം വീട്ടാന്‍ ഇന്ത്യക്കാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ മാന്യന്മാരായ ന്യൂസിലന്‍ഡ് താരങ്ങള്‍ക്കെതിരെ കളിക്കുമ്പോള്‍ പ്രതികാരം എന്ന ചിന്ത മനസില്‍ വരില്ലെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി പറയുന്നു.

എം എസ് ധോണി തലതാഴ്‌ത്തി പവലിയനിലേക്ക് മടങ്ങിയതിന്‍റെ നൊമ്പരം ഇനിയും മാറിയിട്ടില്ല ഇന്ത്യന്‍ ആരാധകര്‍ക്ക്. അതിനാല്‍, ലോകകപ്പ് സെമിയിലെ തോൽവിക്ക് പകരം വീട്ടണമെന്ന വികാരം സോഷ്യൽ മീഡിയയിൽ ശക്തമാണ്. അതിനിടെയാണ് ഇന്ത്യന്‍ നായകന്‍ മനസ് തുറന്നത്. ലോകകപ്പ് സെമിയിൽ തങ്ങളെ തോൽപ്പിച്ച ടീമെങ്കിലും ഫൈനലില്‍ ന്യൂസിലന്‍ഡ് ജയിക്കണമെന്നായിരുന്നു ഇന്ത്യന്‍ താരങ്ങള്‍ ആഗ്രഹിച്ചതെന്നും കോലി വെളിപ്പെടുത്തി.

ആരാധകരെ ഞെട്ടിച്ച് കോലിയുടെ വാക്കുകള്‍

ഏത് വിധേനയും ജയിക്കാന്‍ ശ്രമിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ പരമ്പരക്ക് ശേഷമാണ് എതിരാളികളെ അധിക്ഷേപിക്കുകയോ പ്രകോപിപ്പിക്കുയോ ചെയ്യാത്ത കെയ്‌ന്‍ വില്യംസണെയും കൂട്ടരെയും നേരിടാന്‍ കോലിപ്പട ഓക്‌ലന്‍ഡിൽ എത്തിയത്. മികച്ച പോരാട്ടത്തിനൊപ്പം സൗഹൃദക്കാഴ്‌ചകള്‍ക്കായും കാത്തിരിക്കാം. എന്തായാലും കോലിയുടെ വാക്കുകള്‍ ക്രിക്കറ്റ് ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. 

Read more: ആദ്യ ടി20 ഇന്ന്; സഞ്ജു കളിക്കുമോ; ടീം സാധ്യതകള്‍

ഇന്ത്യന്‍ സ്‌ക്വാഡ്

വിരാട് കോലി(നായകന്‍), രോഹിത് ശര്‍മ്മ, സഞ്‌ജു സാംസണ്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, വാഷിംഗ്‌ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, ശിവം ദുബെ, ലോകേഷ് രാഹുല്‍, ഋഷഭ് പന്ത്, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് ഷമി, നവ്‌ദീപ് സെയ്‌നി, ശാര്‍ദുല്‍ ഠാക്കൂര്‍.  

ന്യൂസിലന്‍ഡ് സ്‌ക്വാഡ് 

കെയ്ന്‍ വില്യംസണ്‍(ക്യാപ്റ്റന്‍), ഹാമിഷ് ബെന്നറ്റ്, ടോം ബ്രൂസ്, കോളിന്‍ ഡി ഗ്രാന്‍ഹോം, മാര്‍ട്ടിന്‍ ഗപ്ടില്‍, സ്‌കോട്ട് കുഗ്ലെജന്‍, ഡാരില്‍ മിച്ചല്‍, കോളിന്‍ മണ്‍റോ, റോസ് ടെയ്‌ലര്‍, ബ്ലെയര്‍ ടിക്‌നര്‍, മിച്ചല്‍ സാന്റ്നര്‍, ടിം സീഫര്‍ട്ട്, ഇഷ് സോധി, ടിം സൗത്തി.