രാജ്‌കോട്ട്: ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം നാളെ രാജ്കോട്ടിൽ നടക്കും. പരമ്പരയിൽ പ്രതീക്ഷ നിലനിർത്താൻ ഇന്ത്യക്ക് ജയം അനിവാര്യമാണ്. നായകന്‍ വിരാട് കോലിയുടെ ബാറ്റിംഗ് പൊസിഷന്‍ നിര്‍ണായകമാകും. വാംഖഡയില്‍ ബാറ്റിംഗ് ഓർഡറിൽ നാലാം സ്ഥാനത്തേക്കിറങ്ങാനുള്ള തീരുമാനം തെറ്റിയെന്നും ഇത് പുനപരിശോധിക്കുമെന്നും കോലി പറഞ്ഞിരുന്നു.  

മുംബൈയിൽ ഇന്ത്യയെ പത്ത് വിക്കറ്റിന് തകർത്ത ആത്മവിശ്വാസത്തിലാണ് ഓസ്‌ട്രേലിയ. ഡേവിഡ് വാർണറുടെയും ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന്റെയും സെഞ്ചുറികളുടെ മികവിലായിരുന്നു ഓസീസിന്റെ തകർപ്പൻ ജയം. നാളെ ജയിച്ചാൽ ഓസീസിന് പരമ്പര സ്വന്തമാക്കാം. മറുവശത്ത് ഇന്ത്യന്‍ ടീമിന് സ്വന്തം മണ്ണില്‍ കരുത്തു തെളിയിക്കാന്‍ ശക്തമായി തിരിച്ചെത്തിയേ മതിയാകൂ. ബാറ്റിംഗില്‍ മധ്യനിരയും ഫിഞ്ചിനെയും വാര്‍ണറെയും തടയാന്‍ കഴിയാതിരുന്ന ബൗളിംഗ് യൂണിറ്റിനും ഇന്ത്യക്ക് തലവേദനയാണ്. 

മത്സരത്തിന് മുന്‍പേ തിരിച്ചടി, പന്ത് കളിക്കില്ല

മുംബൈ ഏകദിനത്തിൽ പരുക്കേറ്റ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ഓസ്‌ട്രേലിയക്കെതിരായ രണ്ടാം മത്സരത്തിൽ കളിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. ഇന്ത്യന്‍ ഇന്നിംഗ്‌‌‌സിലെ 44-ാം ഓവറില്‍ ഓസീസ് പേസര്‍ പാറ്റ് കമ്മിൻസിന്റെ ബോൾ തലയിൽകൊണ്ടാണ് പന്തിന് പരുക്കേറ്റത്. കൺകഷൻ അനുഭവപ്പെട്ട പന്തിന് പകരം മുംബൈയിൽ കെ എൽ രാഹുലാണ് വിക്കറ്റ് കീപ്പറായത്. പകരം മനീഷ് പാണ്ഡേ ഫീൽഡറായി എത്തുകയും ചെയ്തു. പന്തിന് പകരം ആരെയും ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.

Read more: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി

വാംഖഡെയില്‍ 10 വിക്കറ്റിന്‍റെ വമ്പന്‍ തോല്‍വിയാണ് ടീം ഇന്ത്യ നേരിട്ടത്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 49.1 ഓവറില്‍ 255ന് പുറത്തായപ്പോള്‍ മറുപടി ഇന്നിംഗ്‌സില്‍ ഓസീസ് 37.4 ഓവറില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ ജയത്തിലെത്തി. ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍ (128), ആരോണ്‍ ഫിഞ്ച് (110) എന്നിവരുടെ സെഞ്ചുറികളാണ് ഓസീസിനെ ജയിപ്പിച്ചത്. സ്റ്റാര്‍ പേസര്‍മാരായ ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് ഷമി എന്നിവര്‍ക്ക് ഓസീസിന് ഒരുഘട്ടത്തിലും ഭീഷണിയുയര്‍ത്താനായില്ല.