ഓസ്ട്രേലിയന്‍ സ്പിന്നര്‍മാരായ നേഥന്‍ ലിയോണെയും ആദം സാംപയെയും പാര്‍ട്ട് ടൈം സ്പിന്നറായ ഗ്ലെന്‍ മാക്സ്‌വെല്ലിനെയും നേരിടുന്നതിന് മുന്നോടിയായണ് ക്രീസില്‍ നിന്ന് ചാടിയിറങ്ങി സിക്സര്‍ പറത്താനുള്ള പോരാട്ടത്തില്‍ താരങ്ങള്‍ ഏര്‍പ്പെട്ടത്.
റാഞ്ചി: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിന് മുന്നോടിയായി നെറ്റ്സില്‍ സിക്സര്‍ പറത്തി മത്സരിച്ച് ഇന്ത്യന്‍ താരങ്ങള്‍. എംഎസ് ധോണിയുടെ നേതൃത്വത്തിലായിരുന്നു നെറ്റ്സില്‍ ഇന്ത്യന്‍ താരങ്ങളുടെ സിക്സര്‍ പോരാട്ടം. ബിസിസിഐ ട്വീറ്റ് ചെയ്ത വീഡിയോയിലാണ് ധോണിയും ഋഷഭ് പന്തും രവീന്ദ്ര ജഡേജ, അംബാട്ടി റായിഡു, യുസ്‌വേന്ദ്ര ചാഹല്‍, ഭുവനേശ്വര്‍കുമാര്‍ എന്നിവര്‍ സിക്സര്‍ പോരാട്ടത്തില്‍ ഏര്‍പ്പെടുന്നത്.
ഓസ്ട്രേലിയന്‍ സ്പിന്നര്‍മാരായ നേഥന്‍ ലിയോണെയും ആദം സാംപയെയും പാര്‍ട്ട് ടൈം സ്പിന്നറായ ഗ്ലെന്‍ മാക്സ്‌വെല്ലിനെയും നേരിടുന്നതിന് മുന്നോടിയായണ് ക്രീസില്‍ നിന്ന് ചാടിയിറങ്ങി സിക്സര്‍ പറത്താനുള്ള പോരാട്ടത്തില്‍ താരങ്ങള്‍ ഏര്‍പ്പെട്ടത്. ഓസീസ് സ്പിന്നര്‍മാര്‍ ആദ്യ രണ്ട് കളികളിലും ഇന്ത്യക്ക് തലവേദന സൃഷ്ടിച്ചിരുന്നു. ബാറ്റ്സ്മാന്‍മാര്‍ക്കൊപ്പം ബൗളര്‍മാരും സിക്സര്‍ മത്സരത്തില്‍ പങ്കാളികളായി എന്നതാണ് ശ്രദ്ധേയം.
അഞ്ച് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ ഏകദിന പരമ്പരയില്‍ 2-0ന് മുന്നിലാണ്. റാഞ്ചിയില്‍ നടക്കുന്ന മൂന്നാം ഏകദിനം ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.
