2014ലെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ 23 ഓവറില്‍ 5.91 ഇക്കോണമിയില്‍ 136 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ വരുണ്‍ ആരോണിന്‍റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് പ്രസിദ്ധിന്‍റെ തലയിലായത്.
ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ മൂന്നാം ദിനം മൂന്ന് നിര്‍ണായക വിക്കറ്റുകള്‍ സ്വന്തമാക്കിയെങ്കിലും ഇന്ത്യൻ പേസര്‍ പ്രസിദ്ധ് കൃഷ്ണയുടെ തലയിലായത് നാണക്കേടിന്‍റെ റെക്കോര്‍ഡ്. മൂന്നാം ദിനം ആദ്യ ഓവറില്‍ തന്നെ ഹാരി ബ്രൂക്ക് പ്രിസദ്ധിനെ സിക്സിനും ഫോറിനും തൂക്കിയിരുന്നു. എന്നാല്‍ പിന്നാലെ സെഞ്ചുറിയുമായി ക്രീസില്‍ നിന്നിരുന്ന ഒല്ലി പോപ്പിനെ മടക്കിയതോടെ പ്രസിദ്ധ് തിരിച്ചുവരുമെന്ന് ആരാധകര്‍ കരുതി.
എന്നാല്‍ ഹാരി ബ്രൂക്കിന്‍റെ പ്രഹരമേറ്റവും കൂടുതല്‍ കിട്ടിയത് പ്രസിദ്ധിനും മുഹമ്മദ് സിറാജിനുമായിരുന്നു. ഇടക്ക് ജാമി സ്മിത്തിനെ കൂടി വീഴ്ത്തിയിട്ടും പ്രസിദ്ധിന് അടിക്ക് കുറവുണ്ടായില്ല. ഒടുവില്‍ 99ല്‍ നില്‍ക്കെ ഹാരി ബ്രൂക്കിനെ പുറത്താക്കി മൂന്ന് വിക്കറ്റ് നേടിയെങ്കിലും പ്രസിദ്ധ് 20 ഓവറില്‍ വഴങ്ങിയത് 128 റണ്‍സായിരുന്നു.
ഒരോവറില്‍ ശരാശരി വഴങ്ങിയത് 6.40 റണ്‍സ്. ഇത്തവണ ഐപിഎല്ലില്‍ പോലും മികച്ച ഇക്കോണമിയില്‍ പന്തെറിഞ്ഞ് പർപ്പിള്‍ ക്യാപ് സ്വന്തമാക്കിയ ബൗളറായിട്ടും ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ പ്രസിദ്ധിനോട് യാതൊരു കരുണയും കാട്ടിയില്ല. ഓവറില്‍ ആറ് റണ്‍സിലേറെ വഴങ്ങിയതോടെ വിദേശത്ത് കുറഞ്ഞത് 20 ഓവറെങ്കിലും എറിഞ്ഞ ഇന്ത്യൻ ബൗളര്‍മാരില്‍ ഏറ്റവും മോശം ഇക്കോണമി റേറ്റില്‍ പന്തെറിഞ്ഞ ഇന്ത്യൻ ബൗളറെന്ന നാണക്കേടാണ് പ്രസിദ്ധിന്‍റെ തലയിലായത്.
2014ലെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ 23 ഓവറില്‍ 5.91 ഇക്കോണമിയില്‍ 136 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ വരുണ്‍ ആരോണിന്‍റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് പ്രസിദ്ധിന്‍റെ തലയിലായത്. പ്രസിദ്ധിന് പുറമെ മുഹമ്മദ് സിറിജും ഇംഗ്ലീഷ് ബൗളര്‍മാരുടെ പ്രഹരമേറ്റുവാങ്ങിയിരുന്നു. 27 ഓവര്‍ പന്തെറിഞ്ഞ സിറാജ് 4.50 ഇക്കോണമിയില്‍ 122 റണ്‍സ് വഴങ്ങിയാണ് ഒരു വിക്കറ്റ് വീഴ്ത്തിയത്. ആറോവര്‍ പന്തെറിഞ്ഞ ഷാര്‍ദ്ദുല്‍ താക്കൂറാകട്ടെ 6.30 ഇക്കോണമയില്‍ 38 റണ്‍സാണ് വഴങ്ങിയത്.
അതേസമയം, 24.4 ഓവര്‍ പന്തെറിഞ്ഞ ജസ്പ്രീത് ബുമ്ര 3.40 ഇക്കോണമിയില്‍ അഞ്ച് വിക്കറ്റെടുത്തപ്പോള്‍ വിക്കറ്റ് വീഴ്ത്തിയില്ലെങ്കിലും 23 ഓവര്‍ പന്തെറിഞ്ഞ രവീന്ദ്ര ജഡേജ 23 ഓവറില്‍ 3 ഇക്കോണമിയില്‍ 66 റണ്‍സ് മാത്രമെ വഴങ്ങിയുള്ളു. ബുമ്രയും ജഡേജയുമാണ് ഇംഗ്ലണ്ടിന്‍റെ ബാസ്ബോളിനെ പ്രതിരോധിച്ചു നിന്നത്.


