ബെംഗളൂരുവില്‍ 2013ല്‍ ഓസ്‌ട്രേലിയയോട് ഏഴ് സിക്‌സുകള്‍ വഴങ്ങിയ പേസര്‍ വിനയ് കുമാറിന്‍റെ പേരിലായിരുന്നു മുമ്പ് നാണക്കേടിന്‍റെ ഈ റെക്കോര്‍ഡ്.  

പുനെ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ നാണക്കേടിന്‍റെ റെക്കോര്‍ഡുമായി ഇന്ത്യന്‍ സ്‌പിന്നര്‍ കുല്‍ദീപ് യാദവ്. മത്സരത്തില്‍ എട്ട് സിക്‌സറുകള്‍ വഴങ്ങിയതോടെ ഒരു ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ വിട്ടുകൊടുത്ത ഇന്ത്യന്‍ ബൗളറെന്ന നാണക്കേടിലായി കുല്‍ദീപ്. ബെംഗളൂരുവില്‍ 2013ല്‍ ഓസ്‌ട്രേലിയയോട് ഏഴ് സിക്‌സുകള്‍ വഴങ്ങിയ പേസര്‍ വിനയ് കുമാറിന്‍റെ പേരിലായിരുന്നു മുമ്പ് നാണക്കേടിന്‍റെ ഈ റെക്കോര്‍ഡ്.

രണ്ടാം ഏകദിനത്തില്‍ 10 ഓവര്‍ പന്തെറിഞ്ഞ കുല്‍ദീപ് 84 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ വിക്കറ്റൊന്നും നേടാന്‍ കഴിഞ്ഞില്ല. കുല്‍ദീപിനെതിരെ ഇംഗ്ലണ്ട് നേടിയ എട്ട് സിക്‌സുകളില്‍ നാലും ബെന്‍ സ്റ്റോക്‌സിന്‍റെ വകയായിരുന്നു. ആദ്യ ഏകദിനത്തില്‍ അടിവാങ്ങിയിട്ടും രണ്ടാം മത്സരത്തില്‍ കുല്‍ദീപിന് അവസരം നല്‍കിയ ടീം ഇന്ത്യയുടെ പരീക്ഷണം പാളുകയായിരുന്നു. അന്ന് ഒന്‍പത് ഓവര്‍ എറിഞ്ഞ താരം 68 റണ്‍സ് വഴങ്ങിയപ്പോള്‍ വിക്കറ്റൊന്നും സ്വന്തമാക്കിയിരുന്നില്ല. 

'തല'പ്പട മുംബൈയില്‍; ആരാധകര്‍ക്ക് ആശ്വാസവാര്‍ത്ത, സൂപ്പര്‍താരം ഉടന്‍ ടീമിനൊപ്പം ചേരും

മത്സരത്തില്‍ ഇംഗ്ലണ്ട് അനായാസം ആറ് വിക്കറ്റ് ജയം സ്വന്തമാക്കി. ഇന്ത്യ മുന്നോട്ടുവെച്ച 337 റണ്‍സ് വിജയലക്ഷ്യം 39 പന്ത് ബാക്കിനില്‍ക്കേ ഇംഗ്ലണ്ട് നേടുകയായിരുന്നു. 112 പന്തിൽ 124 റൺസെടുത്ത ജോണി ബെയ്ർസ്റ്റോയുടെ സെഞ്ചുറിയാണ് ഇംഗ്ലണ്ടിന് തുണയായത്. പത്ത് സിക്സർ പറത്തിയ ബെൻ സ്റ്റോക്‌സിന് ഒരു റണ്ണിന് സെഞ്ചുറി നഷ്ടമായി. ജേസൺ റോയി 55 റൺസെടുത്തു. ഇംഗ്ലണ്ടിന്റെ ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1ന് സമനിലയിലായി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റിനാണ് 336 റൺസെടുത്തത്. അഞ്ചാം ഏകദിന സെഞ്ചുറി നേടിയ കെ എൽ രാഹുലാണ് ടോപ് സ്‌കോറർ. രാഹുൽ 114 പന്തിൽ 108 റൺസെടുത്തു. ക്യാപ്റ്റൻ വിരാട് കോലി 79 പന്തിൽ 66ഉം റിഷഭ് പന്ത് 40 പന്തിൽ 77ഉം റൺസ് നേടി. പരമ്പര ജേതാക്കളെ നിശ്ചയിക്കുന്ന മൂന്നാം ഏകദിനം ഞായറാഴ്‌ച നടക്കും. 

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് കൊവിഡ്