ആദ്യ ഏകദിനത്തില്‍ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ ശ്രേയസിനെ പുറത്തിരുത്താന്‍ ഇന്ത്യ തയാറാവില്ലെന്നാണ് കരുതുന്നത്. കോലി മടങ്ങിയെത്തുമ്പോള്‍ സ്ഥാനം നഷ്ടമാകുക മറ്റൊരു താരത്തിനാകുമെന്നാണ് വിലയിരുത്തല്‍.

കട്ടക്ക്: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം മറ്റന്നാള്‍ കട്ടക്കില്‍ നടക്കും. കാല്‍മുട്ടിലെ പരിക്കിനെത്തുടര്‍ന്ന് ആദ്യ മത്സരത്തില്‍ കളിക്കാതിരുന്ന വിരാട് കോലി രണ്ടാം മത്സരത്തില്‍ കളിക്കുമെന്നാണ് സൂചന. കോലിയുടെ പരിക്ക് സാരമുള്ളതല്ലെന്നും രണ്ടാം ഏകദിനത്തില്‍ കളിക്കാനിറങ്ങുമെന്നും ഇന്ത്യൻ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ വ്യക്തമാക്കിയിരുന്നു. ആദ്യ ഏകദിനത്തില്‍ കോലിയുടെ അഭാവത്തിലാണ് തനിക്ക് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചതെന്ന് ശ്രേയസ് അയ്യര്‍ തുറന്നുപറഞ്ഞിരുന്നു. രണ്ടാം ഏകദിനത്തില്‍ കോലി തിരിച്ചെത്തിയാല്‍ ശ്രേയസ് വീണ്ടും പുറത്താകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

എന്നാല്‍ ആദ്യ ഏകദിനത്തില്‍ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ ശ്രേയസിനെ പുറത്തിരുത്താന്‍ ഇന്ത്യ തയാറാവില്ലെന്നാണ് കരുതുന്നത്. കോലി മടങ്ങിയെത്തുമ്പോള്‍ സ്ഥാനം നഷ്ടമാകുക മറ്റൊരു താരത്തിനാകുമെന്നാണ് വിലയിരുത്തല്‍. ആദ്യ ഏകദിനത്തില്‍ അരങ്ങേറിയ ഓപ്പണര്‍ യശസ്വി ജയ്സ്സ്വാളാകും കോലി മടങ്ങിയെത്തുമ്പോള്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താകുക. യശസ്വി പുറത്തായാല്‍ ശുഭ്മാന്‍ ഗില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം ഓപ്പണറായി ഇറങ്ങും. വിരാട് കോലി മൂന്നാമതും ശ്രേയസ് അയ്യര്‍ നാലാമതും ഇറങ്ങുമ്പോള്‍ ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയ കെ എല്‍ രാഹുലിന് പകരം റിഷഭ് പന്തിന് അവസരം നല്‍കുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു.

36-ാം ടെസ്റ്റ് സെഞ്ചുറി, ഇതിഹാസങ്ങളെ പിന്നിലാക്കി സ്റ്റീവ് സ്മിത്ത്, ജോ റൂട്ടും സേഫ് അല്ല

കെ എല്‍ രാഹുല്‍ തുടര്‍ന്നാല്‍ ബാറ്റിംഗ് നിരയില്‍ ആദ്യ ആറ് സ്ഥാനങ്ങളിലും ഒറ്റ ഇടംകൈയന്‍ ബാറ്റര്‍പോലും ഇന്ത്യക്കുണ്ടാകില്ലെന്നതും തലവേദനയാണ്. അതിനാല്‍ രാഹുലിന് പകരം പന്തിന് അവസരം നല്‍കാനുള്ള സാധ്യതയുണ്ട്. ബൗളിംഗ് നിരയിലും ഒരു മാറ്റത്തിന് സാധ്യതയുണ്ട്. കുല്‍ദീപ് യാദവിന് പകരം സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി പ്ലേയിംഗ് ഇലവനിലെത്തിയേക്കുമെന്നാണ് കരുതുന്നത്. പേസര്‍മാരായി മുഹമ്മദ് ഷമിയും ഹര്‍ഷിത് റാണയും തന്നെ തുടരാനാണ് സാധ്യത.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക