ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിന മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിര്‍ണായക മാറ്റം നിര്‍ദേശിച്ച് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. രണ്ടാം ഏകദിനത്തില്‍ കേദാര്‍ ജാദവിന് പകരം യുസ്‌വേന്ദ്ര ചാഹലിന് ഇന്ത്യ അവസരം നല്‍കണമെന്ന് ഹര്‍ഭജന്‍ സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞു. കുല്‍ദീപും ചാഹലും ഒരുമിച്ച് പന്തെറിയുന്നത് കാണാനാണ് ഞാനാഗ്രഹിക്കുന്നത്.

ഈ ന്യൂസിലന്‍ഡ് ടീം ഏത് പേസര്‍മാരെയും നന്നായി കളിക്കും. എന്നാല്‍ സ്പിന്നര്‍മാര്‍ക്കെതിരെ അങ്ങനെയല്ല. മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്തണമെങ്കില്‍ സ്പിന്നര്‍മാര്‍ തന്നെ വേണം. അതുകൊണ്ടുതന്നെ അടുത്ത മത്സരത്തിലെങ്കിലും കേദാര്‍ ജാദവിന് പകരം ചാഹലിനെ അന്തിമ ഇലവനില്‍ കളിപ്പിക്കണമെന്നും ഹര്‍ഭജന്‍ പറഞ്ഞു.

ഹര്‍ഭജന്റെ അഭിപ്രായത്തോട് യോജിക്കുന്നുവെങ്കിലും അടുത്ത മത്സരം നടക്കുന്ന ഓക്‌ലന്‍ഡിലെ ഗ്രൗണ്ട് സാഹചര്യങ്ങള്‍ വിലയിരുത്തിയാല്‍ അത് അസാധ്യമാണെന്ന് ന്യൂസിലന്‍ഡ് താരമായ കോറി ആന്‍ഡേഴ്സണ്‍ പറഞ്ഞു. ഓക്‌ലന്‍ഡിലെ ചെറിയ ഗ്രൗണ്ടില്‍ രണ്ട് സ്പിന്നര്‍മാരുമായി ഇറങ്ങുന്നത് ബുദ്ധിമുട്ടാകും. ഒരു പേസറെയോ ഓള്‍ റൗണ്ടറെയോ ഉള്‍പ്പെടുത്തുന്നതാവും ഇന്ത്യന്‍ ടീമിന് ഉചിതമെന്നും ആന്‍ഡേഴ്സണ്‍ പറഞ്ഞു.

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര തൂത്തൂവാരിയശേഷം ഇറങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ നാലു വിക്കറ്റ് തോല്‍വി വഴങ്ങിയിരുന്നു. 348 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ കിവീസ് റോസ് ടെയ്‌ലറുടെ അപരാജിത സെഞ്ചുറി മികവില്‍ അനായാസം ജയിച്ചു കയറി.