ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ത്യന്‍ ടീം വെള്ളിയാഴ്ച ഇറങ്ങുന്നു. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ലോകകപ്പിലെ സെമി ഫൈനല്‍ തോല്‍വിക്കുശേഷം ഇരു ടീമുകളും നേര്‍ക്കു നേര്‍വരുന്നത് ആദ്യമായാണ്. ലോകകപ്പിനുശേഷം വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ഓസ്ട്രേലിയ ടിമുകളെ തകര്‍ത്താണ് ഇന്ത്യ കീവികളെ നേരിടാനിറങ്ങുന്നത്.

ടി20യിലും കെ എല്‍ രാഹുല്‍ വിക്കറ്റ് കീപ്പറായി തുടരുമോ സഞ്ജു സാംസണും ഋഷഭ് പന്തിനും പ്ലേയിംഗ് ഇലവനില്‍ സ്ഥാനമുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ന്യൂസിലന്‍ഡിനെതിരെ ആദ്യ ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം.

ഓപ്പണിംഗില്‍ ശിഖര്‍ ധവാന്റെ അഭാവത്തില്‍ കെ എല്‍ രാഹുലും രോഹിത് ശര്‍മയും തന്നെയാകും ഓപ്പണര്‍മാരായി എത്തുക. വണ്‍ ഡൗണായി ക്യാപ്റ്റന്‍ വിരാട് കോലി എത്തും. നാലാം നമ്പറിലും കാര്യമായ പരീക്ഷണത്തിന് കോലി മുതിരാനിടയില്ല. ശ്രേയസ് അയ്യര്‍ നാലാമനായി ഇറങ്ങുമ്പോള്‍ മനീഷ് പാണ്ഡെ ആകും അഞ്ചാം നമ്പറില്‍. ഋഷഭ് പന്തിനെ കളിപ്പിക്കണോ അഞ്ച് ബൗളര്‍മാരുമായി കളിക്കണോ എന്ന ആശയക്കുഴപ്പം ഇന്ത്യന്‍ ടീമിലുണ്ട്. ഋഷഭ് പന്ത് കളിച്ചില്ലെങ്കില്‍ ശിവം ദുബെ ആറാമനായി ക്രീസിലെത്തും. ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജയും എട്ടാമനായി വാഷിംഗ്ടണ്‍ സുന്ദറും കളിക്കും.

പേസര്‍മാരായി ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും ബാറ്റിംഗ് മികവ് കൂടി കണക്കിലെടുത്ത് ഷര്‍ദ്ദുല്‍ ഠാക്കൂറും പ്ലേയിംഗ് ഇലവനിലെത്താനുള്ള സാധ്യതയുണ്ട്. ശിവം ദുബെയെ കരയ്ക്കിരുത്തി യുസ്‌വേന്ദ്ര ചാഹലിന് അവസരം നല്‍കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. മലയാളി താരം സ‍ഞ്ജു സാംസണ് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാനിടയില്ല.