മുംബൈ: ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നാളെ പ്രഖ്യാപിക്കും. പരുക്കില്‍ നിന്ന് മോചിതനായ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ടീമില്‍ തിരിച്ചെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. ഈമാസം 24ന് തുടങ്ങുന്ന പര്യടനത്തില്‍ അഞ്ച് ട്വന്റി 20യും മൂന്ന് ഏകദിനവും രണ്ട് ടെസ്റ്റുകളുമാണുള്ളത്.

ആറാഴ്ച നീണ്ടു നില്‍ക്കുന്ന പരമ്പര ആയതിനാല്‍ പതിനഞ്ചിന് പകരം പതിനാറോ പതിനേഴോ കളിക്കാരെ ടീമില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. കാലാവധി കഴിഞ്ഞ എം എസ് കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് മുംബൈയില്‍ ടീമിനെ പ്രഖ്യാപിക്കുക. അജിങ്ക്യാ രഹാനെ ഏകദിന ടീമില്‍ തിരിച്ചെത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മുംബൈയുടെ സൂര്യകുമാര്‍ യാദവിന് ടി20 ടീമില്‍ അവസരം ഒരുങ്ങിയേക്കും. സൂര്യകുമാര്‍ യാദവിനെ ഉള്‍പ്പെടുത്തിയാല്‍ മധ്യനിരയില്‍ കൂറ്റനടിക്ക് പ്രാപ്തിയുള്ള ഒരു കളിക്കാരനെ കൂടി ലഭിക്കും.

മലയാളി താരം സ‍ഞ്ജു സാംസണ്‍ ടി20 ടീമിലുണ്ടാവുമോ എന്നാണ് മലയാളികള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന കാര്യം. സഞ്ജുവിന് വീണ്ടും അവസരം ലഭിച്ചേക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. എട്ട് മത്സരങ്ങളില്‍ റിസര്‍വ് ബെഞ്ചിലിരുന്ന സഞ്ജുവിന് ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ മാത്രമാണ് അന്തിമ ഇലവനില്‍ അവസരം ലഭിച്ചത്. ഒരു മത്സരം മാത്രം കളിപ്പിച്ച് ഒഴിവാക്കുന്നത് വന്‍ വിമര്‍ശനത്തിന് കാരണമാകുമെന്നതിനാല്‍ സെലക്ടര്‍മാര്‍ സഞ്ജുവിന് വീണ്ടും അവസരം നല്‍കുമെന്നാണ് സൂചന. ടെസ്റ്റ് ടീമില്‍ അ‍ഞ്ചാം പേസറായി നവദീപ് സെയ്നി എത്തുമെന്നും സൂചനകളുണ്ട്.

ഇന്ത്യന്‍ ടീമിന്റെ പര്യടനത്തിന് സമാന്തരമായി എ ടീമും ന്യൂസിലന്‍ഡില്‍ പര്യടനം നടത്തുന്നുണ്ട്. ശുഭ്മാന്‍ ഗില്‍ നയിക്കുന്ന എ ടീമിന്റെ ഭാഗമാണ് സഞ്ജുവും സൂര്യകുമാര്‍ യാദവും. ജനുവരി 26നാണ് ന്യൂസിലന്‍ഡ് എക്കെതിരായ ഇന്ത്യ എയുടെ അവസാന ഏകദിന മത്സരം. ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇതിനുശേഷമെ സഞ്ജുവിനും സൂര്യകുമാര്‍ യാദവിനും ഇന്ത്യന്‍ ടീമിനൊപ്പം ചേരാനാവു എന്നാണ് റിപ്പോര്‍ട്ട്. ഈ മാസം 24നാണ് ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരം.