വിശാഖപട്ടണത്ത് ടോസ് നിര്‍ണായക ഘടകമാകില്ലെന്നാണ് വിലയിരുത്തല്‍. ഇവിടെ ആദ്യം ബാറ്റ് ചെയ്തവരും രണ്ടാമത് ബാറ്റ് ചെയ്തവും 50 ശതമാനം വീതം മത്സരങ്ങളിൽ ജയിച്ചിട്ടുണ്ട്.
വിശാഖപട്ടണം: ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം നാളെ വിശാഖപട്ടണത്ത് നടക്കും. ഉച്ചക്ക് 1.30നാണ് മത്സരം തുടങ്ങുക. സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും ജിയോ ഹോട്സ്റ്റാരിലും മത്സരം തത്സമയം കാണാനാകും. ആദ്യ മത്സരത്തിൽ ഇന്ത്യയും രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയും ജയിച്ച്, പരമ്പര സമനിലയിലാണിപ്പോൾ. നാളെ ജയിക്കുന്നവർക്ക് ഏകദിന പരമ്പര സ്വന്തമാക്കാം. ബൗളർമാരുടെ മോശം പ്രകടനമാണ് ഇന്ത്യയുടെ ആശങ്ക. ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ഏകദിന പരമ്പരയും തോറ്റാൽ കോച്ച് ഗൗതം ഗംഭീറിനും ടീം ഇന്ത്യക്കും അത് കനത്ത ആഘാതമായിരിക്കും.
തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും സെഞ്ചുറി നേടിയ വിരാട് കോലിയുടെ ബാറ്റിലേക്കാണ് വിശാഖപട്ടണത്തിലും ഇന്ത്യ ഉറ്റുനോക്കുന്നത്. വിശാഖപട്ടണത്ത് കോലി ഹാട്രിക് സെഞ്ചുറി തിക്കക്കുമോ എന്നാണ് ആരാധകരുടെ ആകാംക്ഷ. മധ്യനിരയില്‍ ക്യാപ്റ്റൻ കെ എല്‍ രാഹുല്‍ പ്രതീക്ഷക്കൊത്ത് ഉയരുമ്പോഴും ഓപ്പണിംഗില്‍ യശസ്വി ജയ്സ്വാളിന് ഇതുവരെ തിളങ്ങാനായിട്ടില്ല. രോഹിത് ശര്‍മയുടെ പ്രകടനവും നാളെ നിര്‍ണായകമാകും.
മറുവശത്ത് ഏയ്ഡന്‍ മാര്‍ക്രത്തിന്‍റെയും മാത്യൂ ബ്രീറ്റ്സ്കീയുടെയും മിന്നും ഫോമിലാണ് ദക്ഷിണാഫ്രിക്ക പ്രതീക്ഷ വെക്കുന്നത്. മാര്‍ക്രം കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറിയുമായി കളിയിലെ താരമായിരുന്നു. പരമ്പരയിലെ റണ്‍വേട്ടയില്‍ രണ്ടാമതുള്ള മാത്യു ബ്രീറ്റ്സ്കി ആകട്ടെ ഇതുവരെ കളിച്ച 11 ഏകദിനങ്ങളില്‍ ഏഴ് അര്‍ധസെഞ്ചുറി അടക്കം 68.2 ശരാശരിയില്‍ 682 റണ്‍സടിച്ച് മിന്നും ഫോമിലാണ്. ബൗളര്‍മാര്‍ക്ക് കാര്യമായ റോളില്ലാത്ത പരമ്പരയില്‍ മാര്‍ക്കോ യാന്‍സന്‍റെ ബൗണ്‍സറുകളാണ് ഇന്ത്യ നാളെ കരുതിയിരിക്കേണ്ട പ്രധാന കാര്യം. റാഞ്ചിയില്‍ ഇന്ത്യയില്‍ നിന്ന് വിജയം തട്ടിയെടുക്കാന്‍ ശ്രമിച്ച ഓള്‍ കോര്‍ബിന്‍ ബോഷിന്‍റെ ഓള്‍ റൗണ്ട് മികവിലും ദക്ഷിണാഫ്രിക്ക പ്രതീക്ഷ വെക്കുന്നു.
വിശാഖപട്ടണത്ത് ടോസ് നിര്‍ണായക ഘടകമാകില്ലെന്നാണ് വിലയിരുത്തല്‍. ഇവിടെ ആദ്യം ബാറ്റ് ചെയ്തവരും രണ്ടാമത് ബാറ്റ് ചെയ്തവും 50 ശതമാനം വീതം മത്സരങ്ങളിൽ ജയിച്ചിട്ടുണ്ട്. പേസര്‍മാരെക്കാള്‍ സ്പിന്നര്‍മാരാണ് വിശാഖപട്ടണത്ത് ആധിപത്യം പുലര്‍ത്തിയിട്ടുള്ളത്. എന്നാല്‍ 2023ല്‍ നടന്ന ഓസ്ട്രേലിയക്കെതിരായ ഏകദിന മത്സരത്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ പേസിന് മുന്നില്‍ വീണ ഇന്ത്യ 26 ഓവറില്‍ 117 റണ്‍സിന് തകര്‍ന്നടിഞ്ഞിരുന്നു. സ്റ്റാര്‍ക്ക് അഞ്ചും ഷോണ്‍ ആബട്ട് മൂന്നും നഥാന്‍ എല്ലിസ് രണ്ടും വിക്കറ്റെടുത്ത മത്സരത്തില്‍ മുഴുവന്‍ വിക്കറ്റുകളും സ്വന്തമാക്കിയത് പേസര്‍മാരായിരുന്നു. മത്സരം ഓസ്ട്രേലിയ 10 വിക്കറ്റിന് ജയിച്ചിരുന്നു.


