ധര്‍മ്മശാല: പരിക്കില്‍ നിന്ന് മോചിതനായി അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുകയാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ഏകദിന പരമ്പരയില്‍ ഒരു നാഴികക്കല്ല് പിന്നിടാന്‍ കൂടിയാണ് പാണ്ഡ്യ ഇറങ്ങുന്നത്. നാല്‍പ്പത്തിമൂന്ന് റണ്‍സ് കൂടി നേടിയാല്‍ ഏകദിനത്തില്‍ 1000 റണ്‍സും 50 വിക്കറ്റും തികയ്‌ക്കുന്ന 13-ാം ഇന്ത്യന്‍ താരമെന്ന നേട്ടം ഹാര്‍ദിക് പാണ്ഡ്യക്ക് സ്വന്തമാകും.  

പരിക്കുമൂലം ആറ് മാസത്തിലേറെയായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് കളിക്കാനായിരുന്നില്ല. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിന് എതിരായ മത്സരമായിരുന്നു പാണ്ഡ്യയുടെ അവസാന ഏകദിനം. അവസാന രാജ്യാന്തര മത്സരം സെപ്‌റ്റംബറില്‍ ബെംഗളൂരുവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20യും.

Read more: ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം മുടങ്ങുമോ? മത്സരം ആശങ്കയില്‍

ക്രിക്കറ്റിലെ ഇടവേള എങ്ങനെ മാനസികമായി ബാധിച്ചുവെന്ന് ഹാര്‍ദിക് തുറന്നുപറഞ്ഞു. 'ഇന്ത്യക്കായി കളിക്കുന്നതും ടീം ജഴ്‌സിയണിയുന്നതും കഴിഞ്ഞ ആറ് മാസം മിസ് ചെയ്തു. അത് മാനസികമായി വലിയ വെല്ലുവിളിയായിരുന്നു. ടീമിലേക്ക് എത്രയും വേഗം മടങ്ങിയെത്താന്‍ ഫിറ്റ്‌നസ് മെച്ചപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. അതിന് കഴിയാതെ വന്നതോടെ സമ്മര്‍ദത്തിലായി. എന്നാല്‍ എല്ലാം ഭംഗിയായി അവസാനിച്ചതായും ഒട്ടേറെപ്പേര്‍ സഹായിച്ചു' എന്നും പാണ്ഡ്യ ചാഹല്‍ ടിവിയോട് പറഞ്ഞു. 

അടുത്തിടെ ഡി വൈ പാട്ടീല്‍ ടി20  ടൂര്‍ണമെന്‍റില്‍ ബാറ്റിംഗ് വെടിക്കെട്ട് കാഴ്‌ചവെച്ചാണ് പാണ്ഡ്യ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്. 55 പന്തില്‍ 20 സിക്‌സുകള്‍ സഹിതം 158 റണ്‍സ് നേടി താരം വാര്‍ത്തകളിലിടം പിടിച്ചിരുന്നു. 

Read more: ബാറ്റിംഗ് വെടിക്കെട്ട് തുടര്‍ന്ന് ഹര്‍ദ്ദിക് പാണ്ഡ്യ; ഇത്തവണ അടിച്ചത് 55 പന്തില്‍ 158