കുട്ടി ക്രിക്കറ്റില്‍ പാകിസ്ഥാനെതിരെ ആദ്യ മത്സരം കളിക്കാനിറങ്ങുന്നവരാണ് ടീമിലെ യുവതുര്‍ക്കികളില്‍ പലരും. ഇന്ത്യൻ ടീമില്‍ അരങ്ങേറി 10 വര്‍ഷമായ മലയാളി താരം സഞ്ജു സാംസൺ മുതല്‍ വൈസ് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ വരെയുണ്ട് അക്കൂട്ടത്തില്‍.
ദുബായ്: അസാധ്യമെന്ന് കരുതിയ വിജയലക്ഷ്യത്തിലേക്ക് ഇന്ത്യയെ കൈപിടിച്ചുയര്‍ത്തി, മെല്‍ബണിലെ ഒരു ലക്ഷത്തോളം കാണികൾക്ക് നടുവില്‍ ഒരുനിമിഷം ഇരു കണ്ണുകളുമടച്ച് ആകാശത്തേക്ക് വിരല്‍ ചൂണ്ടി നില്‍ക്കുന്ന വിരാട് കോലി. ആവേശം അടക്കാനാവാതെ ഓടിയെത്തി കോലിയെ എടുത്തുയര്‍ത്തുന്ന രോഹിത് ശര്‍മ. ഇന്ത്യൻ ആരാധകർ എന്നും മനസില്‍ ചില്ലിട്ടുവെക്കുന്നൊരു ചിത്രം. 2022ലെ ട്വന്‍റി 20 ലോകകപ്പിലെ ഇന്ത്യൻ വിജയത്തില്‍ മാത്രമല്ല കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ പാകിസ്ഥാനെ ഇന്ത്യ മുട്ടുകുത്തിച്ചപ്പോഴെല്ലാം പടനായകനായി കിംഗ് കോലി മുന്നില്‍ തന്നെ ഉണ്ടായിരുന്നു.
എന്നാൽ റോ-കോ യുഗത്തിനുശേഷം കുട്ടിക്രിക്കറ്റില്‍ ആദ്യമായി ഇന്ത്യ ഇന്ന് പാകിസ്ഥാനെതിരെ പോരിനിറങ്ങുമ്പോൾ കിംഗ് കോലിയുടെ അനുപമ റെക്കോര്‍ഡുകളുടെ പിന്‍ബലമുള്ള ഒരു താരം പോലും ഈ ടീമിൽ ഇല്ലെന്നത് ഇന്ത്യൻ ആരാധകര്‍ക്ക് ചെറുതല്ലാത്ത ആശങ്ക സമ്മാനിക്കുന്നുണ്ട്. യുവത്വത്തിന്‍റെ ചോരത്തിളപ്പുണ്ടെങ്കിലും ടീമിലെ യുവതുര്‍ക്കികളില്‍ പലരും കുട്ടിക്രിക്കറ്റിലെ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടചൂട് ഇതുവരെ അറിഞ്ഞിട്ടുപോലുമില്ല. ട്വന്‍റി 20 ക്രിക്കറ്റില്‍ പാകിസ്ഥാനതിരെ ഇന്ത്യൻ താരങ്ങളുടെ റെക്കോര്‍ഡുകളിലേക്ക് ഒന്ന് കണ്ണോടിക്കാം.
ഇന്ത്യയുടെ ആശങ്ക
കുട്ടി ക്രിക്കറ്റില്‍ പാകിസ്ഥാനെതിരെ ആദ്യ മത്സരം കളിക്കാനിറങ്ങുന്നവരാണ് ടീമിലെ യുവതുര്‍ക്കികളില്‍ പലരും. ഇന്ത്യൻ ടീമില്‍ അരങ്ങേറി 10 വര്‍ഷമായ മലയാളി താരം സഞ്ജു സാംസൺ മുതല്‍ വൈസ് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ വരെയുണ്ട് അക്കൂട്ടത്തില്‍. കഴിഞ്ഞ ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യൻ ടീമിലുണ്ടായിരുന്നെങ്കിലും ഒരു മത്സരത്തില്‍ പോലും സഞ്ജുവിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഇന്ന് പ്ലേയിംഗ് ഇലവനില്‍ ഇറങ്ങിയാല്‍ ഒരു ദശകം നീണ്ട രാജ്യാന്തര കരിയറില്‍ പാകിസ്ഥാനെതിരെ സഞ്ജുവിന്‍റെ ആദ്യ മത്സരമാകുമത്. വൈസ് ക്യാപ്റ്റനായ ശുഭ്മാൻ ഗില്ലാകട്ടെ പാകിസ്ഥാനെതിരെ 4 ഏകദിനങ്ങൾ കളിച്ചിട്ടുണ്ടെങ്കിലും ഒരു ട്വന്‍റി 20 പോലും മത്സരം ഇതുവരെ കളിച്ചിട്ടില്ല. പാകിസ്ഥാനെതിരെ കളിച്ച നാല് ഏകദിനങ്ങളില്‍ ഒരു അര്‍ധസെഞ്ചുറി അടക്കം 130 റണ്‍സസാണ് ഗില്ലിന്‍റെ നേട്ടം.
സഞ്ജുവിനും ഗില്ലിനും ഇന്ന് പുറമെ പ്ലേയിംഗ് ഇലവനില്‍ ഉണ്ടാകുമെന്ന് കരുതുന്ന അഭിഷേക് ശര്‍മയും തിലക് വര്‍മയും കുല്‍ദീപ് യാദവുമൊന്നും കുട്ടിക്രിക്കറ്റില്‍ പാക് പോരിന്‍റെ ചൂടറിഞ്ഞവരല്ല. എന്നാല്‍ ഏകദിനങ്ങളില്‍ കുല്‍ദീപ് പാകിസ്ഥാനെ പലതവണ വട്ടം കറക്കിയിട്ടുണ്ട്. പാകിസ്ഥാനെതിരെ കളിച്ച 7 ഏകദിനങ്ങളില്‍ നിന്ന് 15 വിക്കറ്റുകള്‍ കുല്‍ദീപ് സ്വന്തമാക്കിയിട്ടുണ്ട്.
സൂര്യയുടെ റെക്കോര്‍ഡ്
ഇനി പാകിസ്ഥാനെതിരെ കളിച്ചവരുടെ കാര്യമെടുക്കാം. മിസ്റ്റര്‍ 360 ഡിഗ്രി ആണെങ്കിലും പാകിസ്ഥാനെതിരെ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിന് അത്ര മികച്ച റെക്കോര്‍ഡല്ല ഉള്ളത്. ഇതുവരെ കളിച്ച അഞ്ച് ട്വന്‍റി-20 118.51 സ്ട്രൈക്ക് റേറ്റില്‍ വെറും 64 റണ്‍സ് മാത്രമാണ് സൂര്യയുടെ സമ്പാദ്യം. ഉയര്‍ന്ന സ്കോറാകട്ടെ 18 റണ്‍സും. ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഈ ടീമില്‍ പാകിസ്ഥാനെതിരെ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ കളിച്ച താരങ്ങളിൽ ഒരാള്‍. എന്നാല്‍ ബാറ്റിംഗില്‍ പവര്‍ കാട്ടാന്‍ പാണ്ഡ്യക്ക് ഇതുവരെയായിട്ടില്ല. പാകിസ്ഥാനെതിരെ കളിച്ച 7 കളികളില്‍ 91 റൺസെ അടിച്ച പാണ്ഡ്യ പക്ഷെ പന്തെടുത്തപ്പോഴൊക്കെ പവര്‍ പാണ്ഡ്യയായിട്ടുണ്ട്. 13 വിക്കറ്റുകള്‍ പാകിസ്ഥാനെതിരെ എറിഞ്ഞിടാന്‍ പാണ്ഡ്യക്ക് കഴിഞ്ഞു.
കുട്ടിക്രിക്കറ്റില്‍ പാകിസ്ഥാനെിതിരെ ബുമ്രായുധവും അത്രകണ്ട് ഫലപ്രദമായിട്ടില്ല. പാകിസ്ഥാനെതിരെ കളിച്ച നാല് ട്വന്‍റി 20 മത്സരങ്ങളില്‍ നിന്ന് ബുമ്ര വീഴ്ത്തിയത് 5 വിക്കറ്റുകള്‍. അതില്‍ മൂന്നെണ്ണവും കഴിഞ്ഞ ട്വന്‍റി 20 ലോകകപ്പ് മത്സരത്തിലായിരുന്നു. 14 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്ത ബുമ്രയുടെ പ്രകടനം ഇന്ത്യക്ക് ജയം സമ്മാനിക്കുകയും ചെയ്തു.
ട്വന്‍റി 20 ക്രിക്കറ്റില്‍ പാകിസ്ഥാനെതിരെ രണ്ട് മത്സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള ഓള്‍ റൗണ്ടര്‍ അക്സര്‍ പട്ടേലിനാകട്ടെ 22 റണ്‍സും ഒരു വിക്കറ്റുമാണ് ഇതുവരെ നേടാനായത്. പാകിസ്ഥാനെതിരെ ഒരു മത്സരം മാത്രമാണ് ഓള്‍ റൗണ്ടര്‍ ശിവം ദുബെ കരിയറില്‍ കളിച്ചത്. കഴിഞ്ഞ ട്വന്‍റി 20 ലോകകപ്പില്‍ കളിച്ച ആ കളിയില്‍ 9 പന്തില്‍ നിന്ന് വെടിക്കെട്ട് വീരനായ ദുബെ നേടിയത് 3 റണ്‍സ് മാത്രം. പാകിസ്ഥാനെതിരെ ദുബെ ഇതുവരെ പന്തെറിഞ്ഞിട്ടില്ല.
ടി20 ക്രിക്കറ്റില്‍ 99 വിക്കറ്റുമായി ഇന്ത്യയുടെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായ അര്‍ഷ്ദീപ് സിംഗിനാണ് കുട്ടിക്രിക്കറ്റില്‍ പാകിസ്ഥാനെതിരെ ബുമ്രയെക്കാള്‍ മികച്ച റെക്കോര്‍ഡുള്ളത്. ഇതുവരെ കളിച്ച നാലു കളികളില്‍ ഏഴ് വിക്കറ്റ് അര്‍ഷ്ദീപ് എറിഞ്ഞിട്ടുണ്ട്. കരിയറില്‍ പാകിസ്ഥാനെതിരെ കളിച്ച ഒരേയൊരു ടി20 മത്സരം മറക്കാനായിരിക്കും സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി ആഗ്രഹിക്കുന്നുണ്ടാകുക. 2021ലെ ട്വിന്‍റി 20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യ 10 വിക്കറ്റിന് തോറ്റ മത്സരത്തില്‍ നാലോവര്‍ പന്തെറിഞ്ഞ ചക്രവര്‍ത്തി 33 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും വീഴ്ത്താനായില്ല. കണക്കുകള്‍ ഇങ്ങനെയാണെങ്കിലും ഇന്ന് ദുബായ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിലിറങ്ങുമ്പോള്‍ യുവ ഇന്ത്യ മുതലും പലിശയുമെല്ലാ ഒന്നിച്ചുവീട്ടുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.


