സമീപകാലത്ത് ഇംഗ്ലണ്ടിനെതിരെ നടത്തിയ മികച്ച പ്രകടനങ്ങളാണ് ജീവന്‍മരണപ്പോരില്‍ ഇന്ത്യക്ക് ഇന്ന് ആത്മവിശ്വാസം നല്‍കുന്നത്. 2022നുശേഷം കളിച്ച ആറ് ഏകദിനങ്ങളില്‍ അഞ്ചിലും ഇംഗ്ലണ്ടിനെ വീഴ്ത്താന്‍ ഇന്ത്യക്കായിരുന്നു.
ഇന്‍ഡോര്‍: വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് നിർണായക മത്സരം. സെമി ഫൈനൽ പ്രതീക്ഷകളുമായി ഇറങ്ങുന്ന ഇന്ത്യൻ വനിതകൾക്ക് മുന്‍ ചാമ്പ്യൻമാരായ ഇംഗ്ലണ്ടാണ് എതിരാളികൾ. ഉച്ചയ്ക്ക് 3 മണിക്ക് ഇൻഡോറിലാണ് മത്സരം. കഴിഞ്ഞ മത്സരങ്ങളിൽ ദക്ഷിണാഫ്രിക്കയോടും ഓസ്ട്രേലിയയോടും ഇന്ത്യ തോറ്റിരുന്നു. 4 മത്സരങ്ങളിൽ നിന്ന് 2 ജയവും 2 തോൽവിയുമായി പോയന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് നിലവില്‍ ഇന്ത്യ. ടൂര്‍ണമെന്‍റില്‍ ഇതുവരെ തോല്‍വി അറിയാത്ത ഇംഗ്ലണ്ടിന് ഇന്ന് ഇന്ത്യക്കെതിരെ ജയിച്ചാൽ സെമി ഫൈനലിലേക്ക് മുന്നേറാം. നിലവിൽ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയുമാണ് സെമി ഫൈനൽ ഉറപ്പിച്ച ടീമുകൾ.
ഒരാഴ്ചത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യൻ വനിതകള്‍ ഇന്ന് വീണ്ടും ഗ്രൗണ്ടിലിറങ്ങുന്നത്. സമീപകാലത്ത് ഇംഗ്ലണ്ടിനെതിരെ നടത്തിയ മികച്ച പ്രകടനങ്ങളാണ് ജീവന്‍മരണപ്പോരില്‍ ഇന്ത്യക്ക് ഇന്ന് ആത്മവിശ്വാസം നല്‍കുന്നത്. 2022നുശേഷം കളിച്ച ആറ് ഏകദിനങ്ങളില്‍ അഞ്ചിലും ഇംഗ്ലണ്ടിനെ വീഴ്ത്താന്‍ ഇന്ത്യക്കായിരുന്നു. എന്നാല്‍ ഇത്തവണ ലോകകപ്പില്‍ ഇടം കൈയന്‍ സ്പിന്നര്‍മാര്‍ക്കെതിരെ ഇന്ത്യൻ വനിതകള്‍ പതറിയത് ഇംഗ്ലണ്ടിന് ആത്മവിശ്വാസം നല്‍കുന്നു. ടൂര്‍ണമെന്‍റില്‍ ഇതുവരെ ഇടം കൈയൻ സ്പിന്നിന് മുന്നില്‍ ഇന്ത്യക്ക് 15 വിക്കറ്റുകളാണ് നഷ്ടമായത്. ഇംഗ്ലണ്ട് നിരയില്‍ ഇന്ത്യ ഭയക്കേണ്ടത് സോഫി എക്ലിസ്റ്റണിന്‍റെയും ലിന്‍സി സ്മിത്തിന്‍റെയും ഇടം കൈയൻ സ്പിന്നിനെയാണ്.
എക്ലിസ്റ്റോണ്‍ 12 ഇന്നിംഗ്സുകളില്‍ നാലു തവണ സ്മൃതി മന്ദാനയെയും മൂന്ന് തവണ ഹര്‍മന്‍പ്രീത് കൗറിനെയും വീഴ്ത്തിയിട്ടുണ്ടെന്നത് ഇന്ത്യക്ക് ആശങ്ക സമ്മാനിക്കുന്നതാണ്. ഓപ്പണര്‍മാരായ സ്മൃതി മന്ദാനയും പ്രതിക റാവലും നല്‍കുന്ന മികച്ച തുടക്കമാണ് ഇന്ത്യയുടെ സ്കോറിംഗിന്‍റെ അടിത്തറയെന്നതിനാല്‍ പവര്‍ പ്ലേയില്‍ തന്നെ സ്പിന്നര്‍മാരെ രംഗത്തിറക്കാന്‍ ഇംഗ്ലണ്ട് തയാറായേക്കും. ടൂര്‍ണമെന്‍റില്‍ ഇംഗ്ലണ്ട് വീഴ്ത്തിയ 30 വിക്കറ്റുകളില്‍ 24ഉം വീഴ്ത്തിയത് സ്പിന്നര്‍മാരായിരുന്നുവെന്നതും ഇന്ത്യ കണക്കിലെടുക്കേണ്ടിവരും.
ആറാം ബൗളറില്ലെന്നത് പ്രതിസന്ധിയാണെങ്കിലും പ്ലേയിംഗ് ഇലവനില്‍ കാര്യമായ മാറ്റം വരുത്താന്‍ ഇന്ത്യ തയാറായേക്കില്ല. അമന്‍ജ്യോത് കൗറിന് പകരം രേണുകാ സിംഗിന് ഇന്ത്യ ഇന്ന് പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കാനിടയുണ്ട്. ഇതുവരെ പരസ്പരം ഏറ്റുമുട്ടിയ 79 മത്സരങ്ങളില്‍ ഇംഗ്ലണ്ട് 41 എണ്ണം ജയിച്ചപ്പോള്‍ ഇന്ത്യ 36 മത്സരങ്ങള്‍ ജയിച്ചു. രണ്ടെണ്ണം ഫലമില്ലാതെ അവസാനിച്ചു.


