മാഞ്ചസ്റ്റര്‍: ടെസ്റ്റ് വിക്കറ്റ് വേട്ടയില്‍ 600 വിക്കറ്റ് തികച്ച് ഇംഗ്ലണ്ട് പേസര്‍ ആന്‍ഡേഴ്സണ്‍ പുതിയ ചരിത്രമെഴുതിയിരിക്കുന്നു. 600 വിക്കറ്റ് നേട്ടത്തിലെത്തുന്ന ആദ്യ പേസ് ബൗളറായ ആന്‍ഡേഴ്സന്റെ സ്വിംഗിന് മുന്നില്‍ ഏറ്റവും കൂടുതല്‍ തവണ മുട്ടുമടക്കിയിട്ടുള്ളത് ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരാണെന്ന് കണക്കുകള്‍ പറയുന്നു. ടെസ്റ്റില്‍ ആന്‍ഡേഴ്സണ്‍ നേടിയ 600 വിക്കറ്റുകളില്‍ 110 ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരുണ്ട്.

ആന്‍ഡേഴ്സണ്‍ കരിയറില്‍ ഏറ്റവും കൂടുതല്‍ പുറത്താക്കിയിട്ടുള്ളത് ഇന്ത്യന്‍ താരങ്ങളെയാണ്. രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയയുടെ 104 ബാറ്റ്സ്മാന്‍മാരാണ് ആന്‍ഡേഴ്സണ് മുന്നില്‍ തലകുനിച്ച് മടങ്ങിയത്. വിന്‍ഡീസിന്റെ 87 പേരും ദക്ഷിണാഫ്രിക്കയുടെ 83പേരും പാക്കിസ്ഥാന്റെ 73 ബാറ്റ്സ്മാന്‍മാരും ആന്‍ഡേഴ്സണു മുന്നില്‍ ശിരസ് കുനിച്ചവരാണ്. ആന്‍ഡേഴ്സണ്‍ നേടിയ 600 വിക്കറ്റുകളില്‍ 384 എണ്ണവും ഇംഗ്ലണ്ടിലായിരുന്നു. ഇംഗ്ലണ്ട് കഴിഞ്ഞാല്‍ ആന്‍ഡേഴ്സണ് തിളങ്ങാന്‍ കഴിഞ്ഞ രാജ്യം ഓസ്ട്രേലിയ ആണ്.

Also Read:അറന്നൂറും കടന്ന് ആന്‍ഡേഴ്സണ്‍

ഓസ്ട്രേലിയയില്‍ കളിച്ച 18 ടെസ്റ്റുകളില്‍ 60 വിക്കറ്റുകള്‍ ആന്‍ഡേഴ്സണ്‍ നേടി. ഇന്ത്യയില്‍ കളിച്ച 10 ടെസ്റ്റുകളില്‍ പക്ഷെ 26 വിക്കറ്റുകള്‍ മാത്രമെ സ്വന്തമാക്കാനായുള്ളു. ടെസ്റ്റ് കരിയറില്‍ ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ പേസര്‍മാരുടെ പട്ടികയില്‍ 29 അഞ്ച് വിക്കറ്റ് നേട്ടവുമായി ഗ്ലെന്‍ മക്‌ഗ്രാത്തിനൊപ്പം രണ്ടാമതാണ് നിലവില്‍ ആന്‍ഡേഴ്സണ്‍.

36 തവണ അഞ്ച് വിക്കറ്റ് നേട്ടം കൊയ്ത ന്യൂസിലന്‍ഡിന്റെ റിച്ചാര്‍ഡ് ഹാഡ്‌ലിയാണ് ഒന്നാമത്. മൂന്ന് തവണ ഒരു മത്സരത്തില്‍ 10 വിക്കറ്റ് നേട്ടവും ആന്‍ഡേഴ്സണ്‍ സ്വന്തമാക്കി. 2021 ആഷസ് വരെ കളി തുടരുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ആന്‍ഡേഴ്സണ് മക്‌ഗ്രാത്തിനെയും ഹാഡ്‌ലിയെയും മറികടക്കാന്‍ അവസരമുണ്ട്.