എല്ലാറ്റിനുപരി രണ്ട് സെഞ്ചുറിയുമായി മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റൻസി അങ്ങനെ എല്ലാം ചേര്‍ന്നാണ് ഇന്ത്യ ഇംഗ്ലണ്ടിന്‍റെ ബാസ്ബോളിന്‍റെ കാറ്റൂരി വിട്ടത്.
ധരംശാല: വിരാട് കോലിയുടെയും കെ എല്‍ രാഹുലിന്‍റെയും അഭാവത്തില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റിംഗിനെ താങ്ങി നിര്‍ത്തിയത് യുവതാരങ്ങളായ യശസ്വി ജയ്സ്വാളിന്‍റെയും ശുഭ്മാന്‍ ഗല്ലിന്‍റെയും ബാറ്റിംഗും മുഹമ്മദ് ഷമിയുടെ അഭാവത്തിലും അവസരത്തിനൊത്തുയര്‍ന്ന ജസ്പ്രീത് ബുമ്രയുടെ മാസ്മരിക ബൗളിംഗുമായിരുന്നു. ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയുടെ ഫലം നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമായ മറ്റനേകം പ്രകടനങ്ങളുമുണ്ടായിരുന്നു.
റാഞ്ചി ടെസ്റ്റില്‍ യുവതാരം ധ്രുവ് ജുറെലിന്‍റെ ബാറ്റിംഗ്, അരങ്ങേറ്റ ടെസ്റ്റില്‍ സര്‍ഫറാസ് ഖാന്‍ ബാറ്റിംഗ്, ആദ്യ ടെസ്റ്റില്‍ പുറത്തിരുന്നശേഷം പ്ലേയിംഗ് ഇലവനിലെത്തിയ കുല്‍ദീപ് യാദവിന്‍റെ ബൗളിംഗ്, രവീന്ദ്ര ജഡേജയുടെ ഓള്‍ റൗണ്ട് പ്രകടനം, എല്ലാറ്റിനുപരി രണ്ട് സെഞ്ചുറിയുമായി മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റൻസി അങ്ങനെ എല്ലാം ചേര്‍ന്നാണ് ഇന്ത്യ ഇംഗ്ലണ്ടിന്‍റെ ബാസ്ബോളിന്‍റെ കാറ്റൂരി വിട്ടത്. എന്നാല്‍ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ ഏറ്റവും നിര്‍ണായക മുഹൂര്‍ത്തം ഇതൊന്നും ആയിരുന്നില്ലെന്ന് തുറന്നു പറയുകയാണ് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്.
അത് രാജ്കോട്ട് ടെസ്റ്റിന്‍റെ രണ്ടാം ദിനം വ്യക്തിപരമായ കാരണങ്ങളാല്‍ ചെന്നൈയിലേക്ക് മടങ്ങിയ സ്പിന്നര്‍ ആര്‍ അശ്വിന്‍ തൊട്ടടുത്ത ദിവസം ടീമിന്‍റെ വിജയത്തിനായി തിരിച്ചെത്തിയതാണെന്ന് ദ്രാവിഡ് പറഞ്ഞു. ആ ഒറ്റ സംഭവം മതി ഈ ടീമിന്‍റെ മനോഭാവ മനസിലാക്കാന്‍. വ്യക്തിപരമായി ഈ പരമ്പരയിലെ ഏറ്റവും നിര്‍ണായക സന്ദര്‍ഭം അതായിരുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. ഒരു കോച്ച് എന്ന നിലയില്‍ ഇത്തരം അന്തരീക്ഷമുള്ളൊരു ഡ്രസ്സിംഗ് റൂം ഏറെ സന്തോഷം തരുന്നതാണെന്നും ദ്രാവിഡ് പറഞ്ഞു.

രാജ്കോട്ട് ടെസ്റ്റിന്‍റെ രണ്ടാം ദിനം അമ്മ ആശുപത്രിയിലായതിനാല്‍ അശ്വിന്‍ ടീം വിട്ട് ചെന്നൈയിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ നാലാം ദിനം ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ ബൗള്‍ ചെയ്യാന്‍ അശ്വിനെത്തി. രണ്ട് പ്രതിഭാസങ്ങളായ അശ്വിനും ജഡേജയും പന്തെറിയുമ്പോള്‍ മത്സരത്തില്‍ പ്രഭാവം ചെലുത്തനാകുക എന്നത് എളുപ്പമല്ലെന്നും കുല്‍ദീപ് യാദവ് ചെയ്തത് അതാണെന്നും അവനാണ് ടീമിലെ എക്സ് ഫാക്ടറെന്നും ദ്രാവിഡ് പറഞ്ഞു. കുല്‍ദീപ് ബാറ്റിംഗിലും ശ്രദ്ധിക്കുന്നത് ടീമിന് ബോണസാണെന്നും ദ്രാവിഡ് വ്യക്തമാക്കി
