ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീറിനെ പ്രശംസിച്ച് ശശി തരൂർ എംപി. പ്രധാനമന്ത്രി കഴിഞ്ഞാൽ ഏറ്റവും കഠിനമായ ജോലിയാണ് ഗംഭീറിന്റേതെന്ന് തരൂർ സോഷ്യൽ മീഡിയയിൽ കുറിച്ചു. 

നാഗ്പൂര്‍: ക്രിക്കറ്റ് കാണുകയും വിശകലനം ചെയ്യുകയും വിമര്‍ശിക്കുകയുമൊക്കെ ചെയ്യുന്ന വ്യക്തിയാണ് ശശി തരൂര്‍ എം പി. ഇന്നലെ ഇന്ത്യ - ന്യൂസിലന്‍ഡ് ഒന്നാം ടി20 മത്സരം അദ്ദേഹവും നാഗ്പൂരിലുണ്ടായിരുന്നു. ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറുമായി തരൂര്‍ സംസാരിക്കുകയും ചെയ്തു. പിന്നാലെ ഗംഭീറിനെ വാഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ്. തന്റെ പഴയകാല സുഹൃത്താണ് അദ്ദേഹമെന്നും പ്രധാനമന്ത്രി കഴിഞ്ഞാല്‍ ഏറ്റവും കടുപ്പമേറിയ ജോലി ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹമെന്നും തരൂര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടു.

തരൂരിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു... ''നാഗ്പൂരില്‍ വച്ച് എന്റെ പഴയ സുഹൃത്ത് ഗൗതം ഗംഭീറുമായി ഏറെനേരം സംസാരിച്ചു. പ്രധാനമന്ത്രിക്ക് ശേഷം ഏറ്റവും കഠിനമായ ജോലി ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. ദശലക്ഷക്കണക്കിന് ആളുകള്‍ ഓരോ ദിവസവും അദ്ദേഹത്തിന്റെ തീരുമാനങ്ങളെ സംശയിക്കുകയും ചോദ്യം ചെയ്യുകയോ ചെയ്യുന്നുണ്ട്. എന്നിട്ടും അദ്ദേഹം ഒട്ടും പതറാതെ ശാന്തനായി തന്റെ പാതയില്‍ മുന്നോട്ട് നീങ്ങുന്നു. അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യത്തേയും നേതൃപാടവത്തേയും അഭിനന്ദിക്കുന്നു. അദ്ദേത്തിന് എല്ലാവിധ ആശംസകളും.'' തരൂര്‍ വിശദീകരിച്ചു.

അതേസമയം, ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡ് തോല്‍വി നേരിട്ടു. 48 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 239 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ന്യൂസിലന്‍ഡിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 40 പന്തില്‍ നാലു ഫോറും ആറ് സിക്‌സും പറത്തി 78 റണ്‍സടിച്ച ഗ്ലെന്‍ ഫിലിപ്‌സ് ആണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. മാര്‍ക് ചാപ്മാന്‍ 24 പന്തില്‍ 39 റണ്‍സെടുത്തപ്പോള്‍ മറ്റാരും കിവീസിനായി പൊരുതിയില്ല. ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തിയും ശിവം ദുബെയും രണ്ട് വിക്കറ്റ് വീതമെടുത്തു.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ കരുത്തിലാണ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സടിച്ചത്. 35 പന്തില്‍ 84 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 22 പന്തില്‍ 32 റണ്‍സടിച്ചപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ 16 പന്തില്‍ 25ഉം റിങ്കു സിംഗ് 20 പന്തില്‍ 44 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. രണ്ട് ബൗണ്ടറികളടിച്ച് മലയാളി താരം സഞ്ജു സാംസണ്‍ 10 റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ ഇഷാന്‍ കിഷന്‍ 8 റണ്‍സെടുത്ത് പുറത്തായി. ന്യൂസിലന്‍ഡിനായി ജേക്കബ് ഡഫിയും കെയ്ല്‍ ജമൈസണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

YouTube video player