ഇന്ത്യൻ ടീമിലെ ഒരു സീനിയര്‍ താരം തന്നെ മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറക്കിയതില്‍ പ്രതിഷേധിച്ച് ഡ്രസ്സിംഗ് റൂമില്‍ വെച്ച് കോളറില്‍ കുത്തിപ്പിടിച്ചതായി ഇര്‍ഫാന്‍ പത്താന്‍ വെളിപ്പെടുത്തി. 

ബറോഡ: സ്വിംഗ് ബൗളറായി ഇന്ത്യൻ ടീമിലെത്തിയ ഇര്‍ഫാന്‍ പത്താന്‍ കരിയറിന്‍റെ തുടക്കകാലത്ത് അത്യാവാശ്യം ബാറ്റ് ചെയ്യാനറിയാവുന്ന ബൗളറായിരുന്നു. എന്നാല്‍ ഗ്രെഗ് ചാപ്പല്‍ ഇന്ത്യൻ പരിശീലകനായകാലത്താണ് ഇര്‍ഫാന്‍ പത്താനെ ബാറ്റിംഗ് ഓര്‍ഡറില്‍ പ്രമോഷന്‍ നല്‍കി മൂന്നാം നമ്പറില്‍ ഇറക്കാന്‍ തുടങ്ങിയത്. ബൗളിംഗ് ഓള്‍ റൗണ്ടറായിരുന്ന ഇര്‍ഫാന്‍ പത്താന്‍ അതോടെ ബാറ്റിംഗ് ഓള്‍ റൗണ്ടറായി.

എന്നാല്‍ തന്നെ മൂന്നാം നമ്പറില്‍ പ്രമോട്ട് ചെയ്യുന്നത് ഇഷ്ടപ്പെടാതിരുന്ന ഇന്ത്യൻ ടീമിലെ ഒരു സീനിയര്‍ താരം ഡ്രസ്സിംഗ് റൂമില്‍വെച്ച് ഒരിക്കല്‍ തന്‍റെ കോളറില്‍ കുത്തിപ്പിടിച്ച് ദേഷ്യപ്പെട്ടിട്ടുണ്ടെന്ന് തുറന്നുപറുകയാണ് പത്താന്‍ ഇപ്പോള്‍. ലല്ലന്‍ടോപ്പിന് നല്‍കിയ അഭിമുഖത്തിലാണ് പത്താന്‍ ആ സംഭവം ഓര്‍ത്തെടുത്തത്. ശ്രീലങ്കക്കെോ പാകിസ്ഥാനോ എതിരായ ഏതോ പരമ്പരയിലാണ് അത് നടന്നത്. എന്നെ ബാറ്റിംഗ് ഓര്‍ഡറില്‍ മൂന്നാം നമ്പറിലേക്ക് പ്രമോട്ട് ചെയ്ത് ഇഷ്ടപ്പെടാതിരുന്ന സീനിയര്‍ താരം ഡ്രസ്സിംഗ് റൂമില്‍വെച്ച് എന്‍റെ കോളറില്‍ കുത്തിപ്പിടിച്ചു.

ആരാണ് ആ താരമെന്ന് ചോദിച്ചപ്പോള്‍ തന്നെക്കാള്‍ ബാറ്റിംഗ് മികവുണ്ടെന്ന് സ്വയം കരുതുന്നൊരു താരമാണെന്നായിരുന്നു പത്താന്‍റെ മറുപടി. അന്ന അയാള്‍ ദേഷ്യത്തോടെ എനിക്ക് മുന്നേ ബാറ്റിംഗിനിറങ്ങാന്‍ ഇവനാരാണെന്ന് പറഞ്ഞാണ് ദേഷ്യത്തോടെ ജേഴ്സിയില്‍ കുത്തിപ്പിടിച്ചത്. അന്ന് ചെറുപ്പമായതുകൊണ്ട് ഞാനൊന്നും പ്രതികരിച്ചില്ല. ആരുടെയും പേരു പറഞ്ഞ് അവരെ മോശമാക്കാന്‍ ഉദ്ദ്യേശിക്കുന്നില്ല. ക്രിക്കറ്റില്‍ നിത്യ ശത്രുതയോ നിത്യ സൗഹൃദമോ ഇല്ലെന്നും ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

ഇന്ത്യൻ ടീമിലെ സീനിയര്‍ താരങ്ങളായ സച്ചിനോ ഗാംഗുലിയോ ദ്രാവിഡോ ആണോ അതെന്ന ചോദ്യത്തിന് പത്താന്‍ നല്‍കിയ മറുപടിയും ശ്രദ്ധേയമായിരുന്നു. അത് സച്ചിനോ ഗാംഗുലിയോ ദ്രാവിഡോ, സെവാഗോ, ലക്ഷ്മണോ അല്ലെന്ന് പത്താന്‍ പറഞ്ഞു. ദാദ സ്വന്തം ഓപ്പണര്‍ സ്ഥാനം പോലും മറ്റുള്ളവര്‍ക്ക് വേണ്ടി നല്‍കിയ ആളാണ്. അതുകൊണ്ട് തന്നെ ഇവരാരുമല്ല, എന്നെക്കാള്‍ മികച്ച ബാറ്ററാണെന്ന് സ്വയം കരുതുന്ന ആളാണ് അതെന്നും ക്യാപ്റ്റന്‍ അയാള്‍ പറ‍ഞ്ഞതെ കേള്‍ക്കുമായിരുന്നുള്ളുവെന്നും പത്താന്‍ പറഞ്ഞു. എന്നാല്‍ തന്‍റെ ജേഴ്സിയില്‍ കുത്തിപ്പിടിച്ചശേഷം കളിക്കാനിറങ്ങിയ ആ മത്സരത്തില്‍ ആ താരത്തിന് തിളങ്ങാനായിരുന്നില്ലെന്നും പെട്ടെന്ന് ഔട്ടായി പുറത്തായെന്നും പത്താന്‍ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക