ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ഓസ്‌ട്രേലിയന്‍ സീനിയര്‍ താരം സ്റ്റീവന്‍ സ്മിത്ത് എട്ടാം സ്ഥാനത്തുണ്ട്. പാകിസ്ഥാന്‍ താരം സൗദ് ഷക്കീല്‍ 10-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് നേട്ടം. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ പന്ത് ഒമ്പതാം സ്ഥാനത്തെത്തി. ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ നാലാം സ്ഥാനത്ത് തുടരുന്നു. ആദ്യ പത്തിലുള്ള രണ്ട് ഇന്ത്യന്‍ താരങ്ങളും ഇവര്‍ തന്നെയാണ്. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ഓസ്‌ട്രേലിയന്‍ സീനിയര്‍ താരം സ്റ്റീവന്‍ സ്മിത്ത് എട്ടാം സ്ഥാനത്തുണ്ട്. പാകിസ്ഥാന്‍ താരം സൗദ് ഷക്കീല്‍ 10-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അതേസമയം ബാബര്‍ അസം നഷ്ടപ്പെട്ട് 19-ാം സ്ഥാനത്തേക്ക് വീണു. നാട്ടില്‍ വെസ്റ്റ് മോശം പ്രകടനമായിരുന്നു ബാബറിന്റേത്. ഇതുതന്നെയാണ് താരത്തിന് തിരിച്ചടിയായത്. മുഹമ്മദ് റിസ്വാന്‍ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 15-ാം സ്ഥാനത്തെത്തി.
ശുഭ്മാന്‍ ഗില്‍ 22-ാം സ്ഥാനത്താണ്. പന്തിന് ശേഷം അടുത്ത റാംങ്കിലുള്ള താരവും ഗില്ലാണ്. വിരാട് കോലി 26-ാം സ്ഥാനത്താണ്. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ 42-ാം സ്ഥാനത്തായി. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ 50-ാം സ്ഥാനത്താണ്. ബൗളര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുമ്ര ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് രണ്ടാം സ്ഥാനത്തായി. രവീന്ദ്ര ജഡേജയാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ സ്പിന്നര്‍. 10-ാം സ്ഥാനത്താണ് ജഡേജ.
വെസ്റ്റ് ഇന്‍ഡീസിനെതിരെ പാകിസ്ഥാന്റെ ഹാട്രിക് ഹീറോയും ഇടങ്കയ്യന്‍ സ്പിന്നറുമായ നൊമാന്‍ അലി നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആദ്യ അഞ്ചില്‍ ഇടം നേടി. പ്ലയര്‍ ഓഫ് ദി സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ട വെസ്റ്റ് ഇന്‍ഡീസിന്റെ ജോമല്‍ വാരിക്കന്‍ 16 സ്ഥാനങ്ങള്‍ കയറി 25-ാം സ്ഥാനത്തെത്തി. ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനം നിലനിര്‍ത്തി. അക്‌സര്‍ പട്ടേല്‍ 12-ാം സ്ഥാനത്തുണ്ട്.
അതേസമയം, ടി20 റാങ്കിംഗില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് കനത്ത തിരിച്ചടി. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ മോശം ഫോമിനെ തുടര്‍ന്ന് സഞ്ജുവിന് 12 സ്ഥാനങ്ങള്‍ നഷ്ടമായി. മലയാളി താരം 29-ാം സ്ഥാനത്തേക്ക് പതിച്ചു. ഇംഗ്ലണ്ടിനെതിരെ ആദ്യ മൂന്ന് ടി20 മത്സരങ്ങളില്‍ നിന്നായി 34 റണ്‍സ് മാത്രമാണ് സഞ്ജു നേടിയത്. മൂന്ന് മത്സരങ്ങളിലും അഞ്ച് ഓവറിനപ്പും സഞ്ജു ബാറ്റ് ചെയ്തിട്ടില്ല. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന തിലക് വര്‍മ രണ്ടാം സ്ഥാനത്തെത്തി. ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് തിലക് രണ്ടാമതെത്തിയത്. ഇംഗ്ലണ്ട് ഓപ്പണര്‍ ഫിലിപ്പ് സാള്‍ട്ടിനെയാണ് തിലക് പിന്തള്ളിയത്. ഓസ്‌ട്രേലിയന്‍ താരം ട്രാവിസ് ഹെഡാണ് ഒന്നാം സ്ഥാനത്ത്.

