കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദമെടുക്കാനായിരുന്നു ആഗ്രഹം. എന്നാല്‍ ചെലവ് വഹിക്കാന്‍ കുടുംബത്തിന് സാധിച്ചിരുന്നില്ല.
ബെംഗളൂരു: ഇംഗ്ലണ്ടിനെതിരെ അമ്പരപ്പിക്കുന്ന പ്രകടനമാണ് റിഷഭ് പന്ത് പുറത്തെടുത്തത്. ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അസാധാരണമായ ബാറ്റിംഗ് പുറത്തെടുത്ത് ആരാധകരെ ത്രസിപ്പിച്ചിരുന്നു. ഇപ്പോള്‍ ഗ്രൗണ്ടിന് പുറത്തും മാതൃകയാവുകയാണ് പന്ത്. കര്‍ണാടകയില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനിയെ സഹായിക്കാന്‍ സാമ്പത്തിക ചെലവ് ഏറ്റെടുത്തിരിക്കുകയാണ് പന്ത്. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് ബിരുദ പഠനത്തിന് വേണ്ടിയുള്ള സാമ്പത്തിക സഹായം ഇന്ത്യന്‍ താരം നല്‍കും. ബാഗല്‍കോട്ട് ജില്ലയിലെ ബിലഗി താലൂക്കിലെ റബകവി ഗ്രാമത്തില്‍ നിന്നുള്ള വിദ്യാത്ഥിനി ജ്യോതി കാനബൂര്‍ മത്, പ്ലസ് ടു പരീക്ഷയില്‍ 83% മാര്‍ക്ക് നേടി വിജയിച്ചിരുന്നു. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദമെടുക്കാനായിരുന്നു ആഗ്രഹം. എന്നാല്‍ ചെലവ് വഹിക്കാന്‍ കുടുംബത്തിന് സാധിച്ചിരുന്നില്ല.
പഠനം ഉപേക്ഷിക്കേണ്ട അവസ്ഥയിലായിരുന്നു ജ്യോതി. വിദ്യാര്‍ത്ഥിനിയുടെ അച്ഛന്‍ തീര്‍ത്ഥയ്യ തന്റെ ഗ്രാമത്തില്‍ ഒരു ചെറിയ ചായക്കട നടത്തുകയാണ്. കോളേജ് പ്രവേശനത്തിന് കളിക്കാനുള്ള ഫീസ് അദ്ദേഹത്തിന് താങ്ങാന്‍ കഴിയുന്നതിനും അപ്പുറമായിരുന്നു. സാമ്പത്തിക സഹായത്തിന് വേണ്ടി അനില്‍ ഹുനഷികാട്ടി എന്ന ഒരു പ്രാദേശിക കോണ്‍ട്രാക്ടര്‍ ബെംഗളൂരുവിലെ തന്റെ സുഹൃത്തുക്കളെ സമീപിച്ചു. അവരില്‍ ഒരാള്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്തുമായി അടുത്ത ബന്ധമുണ്ട്. വാര്‍ത്ത പന്തിന്റെ ശ്രദ്ധയില്‍പ്പെടുകയും, ജാംഖണ്ഡിയിലെ ഒരു കോളേജില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് കോഴ്സ് പ്രവേശനത്തിന് പണം നല്‍കാന്‍ തീരുമാനിക്കുകയുമായിരുന്നു. ആദ്യ സെമസ്റ്ററിലേക്കുള്ള ഫീസായ 40,000 രൂപ ജൂലൈയില്‍ തന്നെ പന്ത് ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു. പിന്നീട് പന്തിന് നന്ദി പറയാനും ജ്യോതി മറന്നില്ല.
അവരുടെ സന്ദേശം ഇങ്ങനെയായിരുന്നു... ''എല്ലാവര്‍ക്കും നമസ്‌കാരം. എന്റെ പേര് ജ്യോതിക. എന്റെ അച്ഛന്റെ പേര് തീര്‍ത്ഥയ്യ, അമ്മയുടെ പേര് രൂപ. ഞാന്‍ ജാംഖണ്ഡിയിലെ റബ്കവി ഗ്രാമത്തിലാണ് താമസിക്കുന്നത്. ബെലഗാവിയിലെ ഒരു സ്‌കൂളില്‍ നിന്ന് എസ്എസ്എല്‍സിയും ബെലഗാവിയിലെ ഒരു കോളേജില്‍ നിന്ന് പിയുസിയും പൂര്‍ത്തിയാക്കി. എനിക്ക് ബിസിഎ പഠിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം ബുദ്ധിമുട്ടി. എന്തെങ്കിലും സ്‌കോളര്‍ഷിപ്പോ സാമ്പത്തിക സഹായമോ ലഭ്യമാണോ എന്ന് അന്വേഷിക്കാന്‍ എന്റെ മാതാപിതാക്കള്‍ ഞങ്ങളുടെ ഗ്രാമത്തില്‍ നിന്നുള്ള അനിലിനെ സമീപിച്ചു. തുടര്‍ന്ന് അനില്‍ ബാംഗ്ലൂരില്‍ താമസിക്കുന്ന തന്റെ സുഹൃത്ത് അക്ഷയ്യുമായി ബന്ധപ്പെട്ടു. അക്ഷയ് എന്റെ സാഹചര്യം ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് പഠനാവ്യത്തിനായി അദ്ദേഹം 40,000 രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. അദ്ദേഹത്തോട് ഞാന്‍ വളരെ നന്ദിയുള്ളവനാണ്. അദ്ദേഹത്തിന് നല്ലത് വരട്ടെയെന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു.'' ജ്യോതി പറഞ്ഞു.
ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയിരുന്നു പന്ത്. കാല്‍വിരലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഓവലില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ അദ്ദേഹം കളിച്ചിരുന്നില്ല. ഇംഗ്ലണ്ടില്‍ ഏഴ് ഇന്നിംഗ്സുകളില്‍ നിന്ന് 68.42 ശരാശരിയില്‍ 2 സെഞ്ച്വറികളും 3 അര്‍ദ്ധസെഞ്ച്വറികളും ഉള്‍പ്പെടെ 479 റണ്‍സാണ് പന്ത് നേടി.

