ശുഭ്മാന്‍ ഗില്‍ ടീമില്‍ തിരിച്ചെത്തുമ്പോള്‍ സ്വാഭാവികമായും പ്ലേയിംഗ് ഇലവനില്‍ നിന്ന് ഇഷാന്‍ കിഷന്‍ പുറത്താവും. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലുമാവും ഇന്ന് ഓപ്പണര്‍മാരാകുക. മൂന്നാം നമ്പറില്‍ പാകിസ്ഥാന്‍റെ ഏക്കാലത്തെയും തലവേദനയായ വിരാട് കോലി ഇറങ്ങും.

അഹമ്മദാബാദ്: ലോകകപ്പില്‍ പാകിസ്ഥാനെതിരായ പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ശുഭ്മാന്‍ കളിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഡെങ്കിപ്പനി ബാധിച്ച് ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും നഷ്ടമായ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ടീമില്‍ തിരിച്ചെത്തുമെന്ന സൂചനയാണ് ഇന്ത്യന്‍ ക്യാംപില്‍ നിന്ന് ലഭിക്കുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഗില്‍ കളിക്കാനുള്ള സാധ്യത 99 ശതമാനമാണെന്ന് വ്യക്തമാക്കി കഴിഞ്ഞു.

ശുഭ്മാന്‍ ഗില്‍ ടീമില്‍ തിരിച്ചെത്തുമ്പോള്‍ സ്വാഭാവികമായും പ്ലേയിംഗ് ഇലവനില്‍ നിന്ന് ഇഷാന്‍ കിഷന്‍ പുറത്താവും. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലുമാവും ഇന്ന് പാകിസ്ഥാനെതിരെ ഓപ്പണര്‍മാരാകുക. മൂന്നാം നമ്പറില്‍ പാകിസ്ഥാന്‍റെ ഏക്കാലത്തെയും തലവേദനയായ വിരാട് കോലി ഇറങ്ങും. അഫ്ഗാനെതിരെയും ഓസ്ട്രേലിയക്കെതിരെയും അര്‍ധസെഞ്ചുറികളുമായി കോലി മിന്നും ഫോമിലാണെന്നത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു.

ഇന്ത്യ - പാകിസ്ഥാന്‍ ഏകദിന ലോകകപ്പ് മത്സരത്തില്‍ മഴ കളിക്കുമോ? കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ഇങ്ങനെ

നാലാം നമ്പറില്‍ ശ്രേയസ് എത്തുമ്പോള്‍ കെ എല്‍ രാഹുല്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ തന്നെയാകും തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ബൗളിംഗ് നിരയിലാണ് മറ്റൊരു മാറ്റത്തിന് സാധ്യതയുള്ളത്. അഫ്ഗാനെതിരായ മത്സരത്തില്‍ കളിച്ച ഷാര്‍ദ്ദുല്‍ താക്കൂറിന് പകരം പേസര്‍ മുഹമ്മദ് ഷമി നാളെ പ്ലേയിംഗ് ഇലവനില്‍ എത്തിയേക്കും. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി അഹമ്മദാബാദില്‍ പന്തെറിഞ്ഞ് പരിചയമുള്ള ഷമിയുടെ സാന്നിധ്യം ബൗളിംഗ് നിരക്ക് മുതല്‍ക്കൂട്ടാവും.

ഷമി എത്തുമ്പോള്‍ ബാറ്റിംഗ് ശക്തി കുറയുമെന്ന വാദത്തിന് അടിസ്ഥാനമില്ലെന്നാണ് വിലയിരുത്തല്‍. അഹമ്മദാബാദിലെ പിച്ച് മധ്യ ഓവറുകളില്‍ സ്പിന്നര്‍മാരെ തുണക്കുമെന്നാണ് കരുതുന്നതെങ്കിലും ആര്‍ അശ്വിന്‍ ഇന്ന് പ്ലേയിംഗ് ഇലവനില്‍ കളിക്കാനുള്ള സാധ്യത കുറവാണ്. പാക് മധ്യനിരയില്‍ കൂടുതല്‍ വലംകൈയന്‍ ബാറ്റര്‍മാരാണെന്നതിനാല്‍ കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും തന്നെയാകും ഇന്ത്യയുടെ സ്പിന്‍ നിരയില്‍ ഉണ്ടാകുക. ഷമിക്ക് പുറമെ മുഹമ്മദ് സിറാജും ജസ്പ്രീത് ബുമ്രയും പേസ് നിരയില്‍ അണിനിരക്കും.

ഇമ്രാൻ ഖാനും അക്രവും അഫ്രീദിയും ശ്രമിച്ചിട്ടും ഇന്ത്യയെ വീഴ്ത്താനായിട്ടില്ല, ബാബറിന് മുന്നിൽ വലിയ വെല്ലുവിളി

പാകിസ്ഥാനെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക