ഇന്നത്തെ മത്സരത്തിൽ വിജയിക്കാനായില്ലെങ്കിൽ കൊൽക്കത്തയുടെ നില പരുങ്ങലിലാകും.

കൊൽക്കത്ത: ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് രാജസ്ഥാൻ റോയൽസുമായി ഏറ്റുമുട്ടും. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് കൊൽക്കത്ത ഈഡൻ ഗാർഡനിലാണ് മത്സരം. കളിച്ച പതിനൊന്ന് മത്സരങ്ങളിൽ എട്ടിലും തോറ്റ രാജസ്ഥാൻ പ്ലേ ഓഫ് കാണാതെ പുറത്തായി. ഇനിയുള്ള മൂന്ന് മത്സരങ്ങളും ജയിച്ച് മാനം കാക്കാനാണ് റോയൽസിന്റെ ശ്രമം. 

ഇന്നത്തെ മത്സരത്തിൽ വിജയിക്കാനായില്ലെങ്കിൽ നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്തയുടെ നില പരുങ്ങലിലാകും. ഇന്ന് തോറ്റാൽ പിന്നീട് അവശേഷിക്കുന്ന എല്ലാ മത്സരങ്ങളിലും വിജയിച്ചാൽ മാത്രമേ കൊൽക്കത്തയ്ക്ക് പ്ലേ ഓഫിലെത്താൻ വിദൂര സാധ്യതയെങ്കിലും ബാക്കിവെയ്ക്കാനാകൂ. മൂന്ന് മത്സരങ്ങളിൽ തുടർച്ചയായി പരാജയപ്പെട്ട കൊൽക്കത്ത അവസാന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ പരാജയപ്പെടുത്തി വിജയവഴിയിൽ തിരിച്ചെത്തിയിരുന്നു. ആന്ദ്രെ റസലിൻറെയും വെങ്കടേഷ് അയ്യരുടെയും ഫോമില്ലായ്മയാണ് കൊൽക്കത്തയ്ക്ക് തലവേദനയാകുന്നത്. 23.75 കോടിയ്ക്ക് ടീമിൽ തിരിച്ചെത്തിച്ച വെങ്കടേഷ് 20.28 ശരാശരിയിൽ 142 റൺസ് മാത്രമാണ് ഇതുവരെ നേടിയത്. 

മറുഭാഗത്ത്, ടൂർണമെന്റിൽ നിന്ന് തലയുയർത്തി തന്നെ മടങ്ങാനാണ് രാജസ്ഥാൻ തയ്യാറെടുക്കുന്നത്. 35 പന്തിൽ സെഞ്ച്വറി നേടിയ വൈഭവ് സൂര്യവൻഷിയിൽ രാജസ്ഥാൻ അമിത പ്രതീക്ഷ വെയ്ക്കുന്നുണ്ട്. ഗുജറാത്തിനെതിരായ സെഞ്ച്വറിയ്ക്ക് പിന്നാലെ അവസാന മത്സരത്തിൽ വൈഭവ് റൺസ് നേടാതെ പുറത്തായിരുന്നു. മുംബൈ ഇന്ത്യൻസിനോട് 100 റൺസിന് പരാജയപ്പെട്ട് എത്തുന്ന രാജസ്ഥാന് ഇന്ന് ജയം അനിവാര്യമാണ്. 9 പോയിന്റുമായി ലീഗിൽ ഏഴാം സ്ഥാനത്തുള്ള കൊൽക്കത്തയ്ക്ക് പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ ഇന്ന് ജയിച്ചേ തീരൂ. ഇതിന് മുമ്പ് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ കൊൽക്കത്ത എട്ട് വിക്കറ്റിന് രാജസ്ഥാനെ തകർത്തിരുന്നു.