ദില്ലി: ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് വിദേശത്തു നടത്താൻ സർക്കാർ അനുമതി. ഐപിഎല്ലിന്‍റെ ചൈനീസ് സ്‌പോൺസറെയും മാറ്റില്ല. ഐപിഎല്‍ സ്പോണ്‍സറായി വിവോ തുടരും. ഐപിഎല്‍ ഭരണ സമിതി യോഗത്തിന്‍റേതാണ് തീരുമാനം. കൊവിഡ് മാനദണ്ഡങ്ങൾ  തീരുമാനിക്കാൻ നാളെ ഫ്രാഞ്ചൈസികളുമായി യോഗം ചേരും. ഒരു ടീമിൽ പരമാവധി 24 കളിക്കാരാവും ഉണ്ടാകുക. 10 ദിവസം രണ്ടു മത്സരങ്ങൾ വീതം നടക്കും. പകൽ മത്സരം ഉച്ചക്ക് ശേഷം 3:30 ന് തുടങ്ങാനാണ് തീരുമാനം. 

ഐപിഎല്‍ യുഎഇയില്‍ തന്നെ, ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

13ാം സീസണ്‍ ഐപിഎല്‍ സെപ്തംബര്‍ 19 മുതല്‍ നവംബര്‍ 10വരെയാവും നടക്കുക. രാവിലെ 7.30 മുതലാവും മത്സരം ആരംഭിക്കുക. ഫൈനല്‍ മത്സരം ഞായറാഴ്ച നടക്കാത്ത ആദ്യ ഐപിഎല്‍ സീസണാവും ഇത്. യുഎഇ യിലാണ് ഇത്തവണ ഐപിഎൽ നടക്കുന്നത്. ഇത് രണ്ടാം തവണയാണ് യുഎഇ ഐപിഎല്ലിന് വേദിയാവുന്നത്. 2014ലെ പൊതു തെരഞ്ഞെടുപ്പ് സമയത്ത് ഐപിഎല്ലിലെ ആദ്യഘട്ടത്തില്‍ 20 മത്സരങ്ങള്‍ക്ക് യുഎഇ വേദിയായിരുന്നു.

മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്‍ കൊവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചത്. അന്താരാഷ്‌ട്ര വിമാന സര്‍വീസിന് പല രാജ്യങ്ങളും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ വിദേശ താരങ്ങളുടെ പങ്കാളിത്തം സംബന്ധിച്ചും ആശയക്കുഴപ്പമുണ്ട്. ട്വന്‍റി 20 ലോകകപ്പ് മാറ്റിവെച്ചതോടെയാണ് ഐപിഎല്‍ നടത്താനുള്ള നീക്കം ബിസിസിഐ സജീവമാക്കിയത്.