ചെന്നൈ: കൊവിഡ് 19 ആശങ്കയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പരിശീലന ക്യാമ്പ് നിര്‍ത്തിവച്ചതോടെ നായകന്‍ എം എസ് ധോണി നാട്ടിലേക്ക് മടങ്ങി. ധോണി താല്‍ക്കാലികമായി ചെന്നൈ വിടുന്നതായി സിഎസ്‌കെ ട്വീറ്റ് ചെയ്‌തു. ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കുന്ന 'തല'യുടെ വീഡിയോ സഹിതമാണ് ട്വീറ്റ്.

ഐപിഎല്‍ ഏപ്രില്‍ 15 വരെ നിര്‍ത്തിവച്ചിരിക്കുന്നതിനാല്‍ പരിശീലനം ഉപേക്ഷിക്കുന്നതായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്നലെയാണ് അറിയിച്ചത്. ഐപിഎല്‍ ഭരണസമിതിയും ഫ്രാഞ്ചൈസികളും ചേര്‍ന്നാണ് ഐപിഎല്‍ തിയതി മാറ്റാന്‍ തീരുമാനമെടുത്തത്. ഏപ്രില്‍ 15 വരെ വിദേശ താരങ്ങള്‍ക്ക് വിസയും ലഭിക്കില്ല. 13-ാം സീസണ്‍ മാര്‍ച്ച് 29ന് ആരംഭിക്കാനാണ് ബിസിസിഐ പദ്ധതിയിട്ടിരുന്നത്. 

Read more: ആറ് സാധ്യതകള്‍ തേടി ബിസിസിഐ; ഐപിഎല്‍ ഉപേക്ഷിച്ചാല്‍ ഏറ്റവും വലിയ നഷ്‌ടം ധോണിക്ക്

സീസണില്‍ മത്സരങ്ങള്‍ വെട്ടിച്ചുരുക്കേണ്ടിവരുമെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി ഇന്നലെ വ്യക്തമാക്കിയിരുന്നു. ടൂര്‍ണമെന്‍റ് ഉപേക്ഷിക്കാതിരിക്കാന്‍ മറ്റ് വഴികളും ബിസിസിഐ തേടുന്നുണ്ട്. 

ഐപിഎല്‍ വെട്ടിച്ചുരുക്കേണ്ടിവരുമെന്ന് ഗാംഗുലി

അതേസമയം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുമുണ്ട്. ചെപ്പോക്ക് സ്റ്റേഡിയത്തില്‍ പൂട്ടിയിട്ടിരുന്ന മൂന്ന് ഗ്യാലറി സ്റ്റാന്‍ഡുകളും തുറക്കും. കോര്‍പ്പറേഷനും മദ്രാസ് ക്രിക്കറ്റ് ക്ലബ്ബും തമ്മിലുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ എട്ട് വര്‍ഷമായി സ്റ്റേഡിയത്തിലെ മൂന്ന് സ്റ്റാന്‍ഡുകളും അടഞ്ഞുകിടക്കുകയായിരുന്നു. മൂന്ന് സ്റ്റാന്‍ഡുകളിലും 12,000 പേര്‍ക്കാണ് കളികാണാന്‍ സൗകര്യമുള്ളത്.