അടുത്ത മാസം ഒൻപതിന് തുടങ്ങുന്ന ഐപിഎല്ലിന് മുൻപ് ക്വാറന്റീൻ പൂ‍ർത്തിയാക്കാനാണ് താരങ്ങൾ നേരത്തേ എത്തിയത്.

മുംബൈ: ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിനായി(ഐപിഎല്‍) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങൾ മുംബൈയിൽ എത്തി. അടുത്ത മാസം ഒൻപതിന് തുടങ്ങുന്ന ഐപിഎല്ലിന് മുൻപ് ക്വാറന്റീൻ പൂ‍ർത്തിയാക്കാനാണ് താരങ്ങൾ നേരത്തേ എത്തിയത്. ഒരാഴ്ചത്തെ ക്വാറന്റീന് ശേഷം താരങ്ങൾ പരിശീലനം തുടങ്ങും. ഇതിനിടെ താരങ്ങളെ പലതവണ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. 

ദിനേശ് കാർത്തിക്, വരുൺ ചക്രവർത്തി, രാഹുൽ തൃപാഠി, കമലേഷ് നാഗർകോട്ടി, മലയാളി താരം സന്ദീപ് വാരിയർ, വൈഭവ് അറോറ തുടങ്ങിയവരാണ് ആദ്യം എത്തിയത്. സഹ പരിശീലകനായ അഭിഷേക് നായരും സഹ ബൗളിംഗ് പരിശീലകൻ ഓംകാർ സാൽവിയും ടീമിനൊപ്പം ചേർന്നിട്ടുണ്ട്. വിൻഡീസ് താരങ്ങളായ സുനിൽ നരൈനും ആന്ദ്രേ റസലും ഉടൻ തന്നെ ടീമിനൊപ്പം ചേരും. ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിൽ കളിക്കുന്ന നായകൻ ഓയിൻ മോർഗൻ, ശുഭ്മൻ ഗിൽ, കുൽദീപ് യാദവ്, പ്രസിദ് കൃഷ്ണ എന്നിവരെ ക്വാറന്റീനിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

അതേസമയം ഐപിഎൽ പതിനാലാം സീസണിൽ കളിക്കാൻ കെകെആര്‍ താരം ഷാക്കിബ് അൽ ഹസ്സന് നൽകിയ അനുമതി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പുനപരിശോധിച്ചേക്കും. ഐപിഎൽ പങ്കാളിത്തവുമായി ബന്ധപ്പെട്ട് താൻ നൽകിയ കത്ത് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് തെറ്റായി വ്യാഖ്യാനിച്ചുവെന്ന് ഷാക്കിബ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ നീക്കം. 

ഏകദിന പരമ്പരയും പിടിക്കാന്‍ കോലിപ്പട; ആദ്യ മത്സരം ഇന്ന്, മാനംകാക്കാന്‍ ഇംഗ്ലണ്ട്

ഇന്ത്യയിൽ നടക്കാനിരിക്കുന്ന ലോകകപ്പിന് ഒരുങ്ങാൻ ഐപിഎല്ലിൽ കളിക്കാൻ അനുവദിക്കണമെന്നായിരുന്നു ഷാക്കിബിന്റെ ആവശ്യം. ഷാക്കിബിന്റെ ആവശ്യം പരിഗണിച്ച ക്രിക്കറ്റ് ബോർഡ്, ശ്രീല‌ങ്കയ്‌ക്കെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് മത്സരങ്ങളിൽ കളിക്കാൻ ഓൾറൗണ്ടർ ആഗ്രഹിക്കുന്നില്ലെന്നും വെളിപ്പെടുത്തി. ടെസ്റ്റിൽ കളിക്കാൻ താൻ ആഗ്രഹിക്കു‌ന്നില്ലെന്ന്‌ കത്തിൽ എവിടെയും പരാമർശിച്ചിട്ടില്ലെന്ന വിശദീകരണവുമായി ഷാക്കിബ് രംഗത്തെത്തിയതാണ് പ്രശ്നം രൂക്ഷമാവാൻ കാരണം. 

ഇതോടെയാണ് ഐപിഎല്ലിൽ കളിക്കാൻ അനുമതി നൽകിയ എൻഒസി പുനപരിശോധിക്കുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയത്. ഫെബ്രുവരിയില്‍ നടന്ന താരലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 3.2 കോടിക്കാണ് ഷാക്കിബിനെ സ്വന്തമാക്കിയത്. ഐപിഎല്ലില്‍ 63 മത്സരങ്ങള്‍ കളിച്ച് പരിചയമുള്ള ഷാക്കിബ് 746 റണ്‍സും 59 വിക്കറ്റും നേടിയിട്ടുണ്ട്.

അസ്‌ഹറുദ്ദീനും സച്ചിനും ആര്‍സിബി ക്യാമ്പിലെത്തി; അസ്‌ഹറിന് സുഹൃത്തുക്കളുടെ സര്‍പ്രൈസ്