19-ാം ഓവറിലാണ് അശ്വിന്‍ ബാറ്റിംഗ് മതിയാക്കി പവലിയനിലേക്ക് കയറിപോയത്. പിന്നീട് റിയാന്‍ പരാഗാണ് ബാക്കിയുള്ള ഓവറുകള്‍ കളിച്ചത്. അശ്വിന്‍ പിന്നീട് പന്തെറയാന്‍ എത്തുകയും ചെയ്തു. 

മുംബൈ: ലഖ്‌നൗ സൂപ്പര്‍ജയന്റ്‌സിനെതിരായ (Lucknow Super Giants) മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) താരം ആര്‍ അശ്വിന്റെ (R Ashwin) റിട്ടയേര്‍ഡ് ഔട്ട് ചര്‍ച്ചയായിരുന്നു. 19-ാം ഓവറിലാണ് അശ്വിന്‍ ബാറ്റിംഗ് മതിയാക്കി പവലിയനിലേക്ക് കയറിപോയത്. പിന്നീട് റിയാന്‍ പരാഗാണ് ബാക്കിയുള്ള ഓവറുകള്‍ കളിച്ചത്. അശ്വിന്‍ പിന്നീട് പന്തെറയാന്‍ എത്തുകയും ചെയ്തു. 

ഇതിനെ കുറിച്ച് ക്യാപ്റ്റന്‍ സഞ്ജു സാംസണും (Sanju Samson) ടീം ഡയറക്ടര്‍ കുമാര്‍ സംഗക്കാരയും പ്രതികരിച്ചിരുന്നു. അത് അശ്വിന്റെ മാത്രം തീരുമാനമല്ലെന്നും ടീം ഒന്നടങ്കമെടുത്തതാണെന്നുമാണ് ഇരുവരും അഭിപ്രായപ്പെട്ടത്. എന്നാല്‍ ഈ തീരുമാനത്തെ കുറിച്ച് അറിയില്ലായിരുന്നുവെന്ന് ക്രീസിലുണ്ടായിരുന്ന ഷിംറോണ്‍ ഹെറ്റ്മയേര്‍ (Shimron Hetmyer) വ്യക്തമാക്കി.

ഇപ്പോള്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് അശ്വിന്‍. രാജസ്ഥാന്‍ വെറ്ററന്‍ സ്പിന്നര്‍ ആദ്യമായിട്ടാണ് ഇക്കാര്യത്തില്‍ പ്രതികരിക്കുന്നത്. അശ്വിന്‍ പറയുന്നതിങ്ങനെ... ''ക്രിക്കറ്റ് ഒരു ടീം ഗെയിമാണ്. പലരും ഇക്കാര്യം ശ്രദ്ധിക്കാറില്ല. ടീമിന്റെ താല്‍പര്യത്തിന് അനുസരിച്ചാണ് അന്നുഞാന്‍ തീരുമാനമെടുത്തത്.'' അശ്വിന്‍ ക്രിക്ക് ബസ്സിനോട് പറഞ്ഞു. 23 പന്തില്‍ 28 റണ്‍സെടുത്ത അശ്വിന്‍ 19ആം ഓവറിന്റെ തുടക്കത്തിലാണ് പിന്മാറിയത്. 

ഐപിഎല്ലില്‍ ആദ്യമായാണ് ഒരു താരം റിട്ടയേര്‍ഡ് ഔട്ടായി പിന്മാറുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരെ വെസ്റ്റ് ഇന്‍ഡീസ് താരം കീറണ്‍ പൊള്ളാര്‍ഡും ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ സുന്‍സമുല്‍ ഇസ്ലാമും ഇതുപോലെ ഔട്ടാകാതെ ക്രീസ് വിട്ടുപോയിട്ടുണ്ട്. മത്സരത്തില്‍ രാജസ്ഥാന്‍ ജയിച്ചിരുന്നു. മൂന്ന് റണ്‍സിന്റെ വിജയമാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാന്‍ 166 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. എന്നാല്‍ ലഖ്നൗവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുക്കാനാണ് സാധിച്ചത്. 

വ്യാഴാഴ്ച ഗുജറാത്തിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് രാജസ്ഥാന്‍. നാലില്‍ മൂന്ന് മത്സരങ്ങളും ജയിച്ച രാജസ്ഥാന് ആറ് പോയിന്റുണ്ട്.