അനില്‍ കുംബ്ലെയ്‌ക്കും ഉടമകള്‍ക്കുമൊപ്പം മെഗാതാരലേലത്തില്‍ ജോണ്ടി പങ്കെടുത്തിരുന്നു

മൊഹാലി: ഫീല്‍ഡിംഗ് കോച്ച് ജോണ്ടി റോഡ്‌സിന് (Jonty Rhodes) ബാറ്റിംഗ് പരിശീലകന്‍റെ അധിക ചുമതല നല്‍കി ഐപിഎല്‍ (IPL 2022) ടീം പഞ്ചാബ് കിംഗ്‌സ് (Punjab Kings). വസീം ജാഫര്‍ (Wasim Jaffer) സ്ഥാനമൊഴിഞ്ഞതോടെയാണ് 52കാരനായ ജോണ്ടിയെ ടീം ചുമതലയേല്‍പിച്ചത്. എക്കാലത്തെയും മികച്ച ഫീല്‍ഡര്‍മാരിലൊരാള്‍ എന്ന വിശേഷണമുള്ള ജോണ്ടി റോഡ്‌സ് ഏകദിനത്തില്‍ 5935 റണ്‍സും ടെസ്റ്റില്‍ 2532 റണ്‍സും നേടിയിട്ടുണ്ട്. അനില്‍ കുംബ്ലെയ്‌ക്കും ഉടമകള്‍ക്കുമൊപ്പം മെഗാതാരലേലത്തില്‍ ജോണ്ടി പങ്കെടുത്തിരുന്നു.

ഇതുവരെ ഐപിഎല്‍ കിരീടം നേടാത്ത പഞ്ചാബ് കിംഗ്‌സിനെ ഇതിഹാസ സ്‌പിന്നറും ടീം ഇന്ത്യയുടെ മുന്‍ കോച്ചുമായ അനില്‍ കുംബ്ലെയാണ് പരിശീലിപ്പിക്കുന്നത്. കുംബ്ലെ സ്‌പിന്‍ താരങ്ങളുടെ പരിശീലനത്തിനും മേല്‍നോട്ടം വഹിക്കുമ്പോള്‍ ഡാമിയന്‍ റൈറ്റാണ് പേസ് ബൗളിംഗ് കോച്ച്. ഐപിഎല്‍ 2022 സീസണിന് മുന്നോടിയായുള്ള മെഗാലേലത്തില്‍ മികച്ച താരങ്ങളെ എത്തിക്കാനായതിന്‍റെ പ്രതീക്ഷയിലാണ് പഞ്ചാബ് കിംഗ്‌സ്. 2014ലാണ് പഞ്ചാബ് ടീം അവസാനമായി ഫൈനല്‍ കളിച്ചത്. 

ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍, തമിഴ്‌നാടിന്‍റെ വെടിക്കെട്ട് ഫിനിഷര്‍ ഷാരൂഖ് ഖാന്‍, ഇംഗ്ലീഷ് വെടിക്കെട്ടുവീരന്‍മാരായ ലിയാം ലിവിംഗ്‌സ്റ്റണ്‍, ജോണി ബെയര്‍സ്റ്റോ, വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഒഡീന്‍ സ്‌മിത്ത്, ദക്ഷിണാഫ്രിക്കന്‍ പേസ് മെഷീന്‍ കാഗിസോ റബാഡ തുടങ്ങിയവരെ മെഗാതാരലേലത്തില്‍ പഞ്ചാബ് കിംഗ്‌സ് സ്വന്തമാക്കിയിരുന്നു. അണ്ടര്‍ 19 ലോകകപ്പിലെ ഇന്ത്യന്‍ കിരീടധാരണത്തില്‍ നിര്‍ണായമായ രാജ് ബാവയും പഞ്ചാബിലുണ്ട്. രാജിനെ രണ്ട് കോടി രൂപക്കാണ് പഞ്ചാബ് സ്വന്തമാക്കിയത്. 

താരലേലത്തിന് മുമ്പ് ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍, പേസര്‍ അര്‍ഷ്‌ദീപ് സിംഗ് എന്നിവരെ മാത്രമാണ് പഞ്ചാബ് കിംഗ്‌സ് നിലനിര്‍ത്തിയിരുന്നത്. വരും സീസണിലേക്കുള്ള നായകനെ ഉടന്‍ പഞ്ചാബ് നിശ്ചയിക്കും. ഇന്ത്യന്‍ നായകനെ കണ്ടെത്താനാണ് ടീമിന്‍റെ ശ്രമം എന്നാണ് റിപ്പോര്‍ട്ടുകള്‍. മായങ്ക് അഗര്‍വാളിനൊപ്പം ശിഖര്‍ ധവാനും ക്യാപ്റ്റന്‍ സ്ഥാനത്തേക്കുള്ള പോരാട്ടത്തിലുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ചുരുങ്ങിയസമയത്തെങ്കിലും നയിച്ച പരിചയവും രാജ്യാന്തര ക്രിക്കറ്റിലെയും ഐപിഎല്ലിലേയും വലിയ അനുഭവസമ്പത്തും ധവാനുണ്ട്. 

IPL Auction 2022 : ലേലത്തിനില്ലേലും സസൂക്ഷ്‌മം വീക്ഷിച്ച് പ്രീതി സിന്‍റ; കയ്യടിക്കുന്നത് മുംബൈ ഇന്ത്യന്‍സിന്

പഞ്ചാബ് കിംഗ്‌സ് സ്‌ക്വാഡ്

മായങ്ക് അഗര്‍വാള്‍, അര്‍ഷ്‌ദീപ് സിംഗ്, ശിഖര്‍ ധവാന്‍, കാഗിസോ റബാഡ, ജോണി ബെയര്‍സ്റ്റോ, രാഹുല്‍ ചാഹര്‍, ഹര്‍പ്രീത് ബ്രാര്‍, ഷാരൂഖ് ഖാന്‍, പ്രഭ്‌സിമ്രാന്‍ സിംഗ്, ജിതേഷ് ശര്‍മ്മ, ഇഷാന്‍ പോരല്‍, ലിയാം ലിവിംഗ്‌‌സ്റ്റണ്‍, ഒഡീന്‍ സ്‌മിത്ത്, സന്ദീപ് ശര്‍മ്മ, രാജ് ബാവ, റിഷി ധവാന്‍, പ്രേരക് മങ്കാദ്, വൈഭവ് അറോറ, ഋത്വിക് ചാറ്റര്‍ജി, ബാല്‍തെജ് ദന്ധാ, അന്‍ഷ് പട്ടേല്‍, നേഥന്‍ എല്ലിസ്, അഥര്‍വാ തൈഡേ, ഭാനുകാ രജപക്‌സെ, ബെന്നി ഹവെല്‍. 

IPL Auction 2022 : വെടിക്കെട്ട് വീരന്‍ ലിയാം ലിവിംഗ്സ്റ്റണ് തീവില; 11.50 കോടി മുടക്കി പഞ്ചാബ് കിംഗ്‌സ്