സീസണിലാദ്യം ഏറ്റുമുട്ടിയപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ് ആറ് വിക്കറ്റിന് പഞ്ചാബ് കിംഗ്‌സിനെ തോല്‍പിച്ചിരുന്നു
മുംബൈ: ഐപിഎല്ലില്‍ (IPL 2022) ഇന്ന് ഗുജറാത്ത് ടൈറ്റന്‍സും പഞ്ചാബ് കിംഗ്സും (GT vs PBKS) നേര്‍ക്കുനേര്‍. മുംബൈ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ (DY Patil Sports Academy) രാത്രി ഏഴരയ്ക്കാണ് മത്സരം. 9 കളിയിൽ 16 പോയിന്‍റുമായി ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് (Gujarat Titans) പ്ലേ ഓഫ് ഉറപ്പിക്കാനാണ് ഇന്ന് ഇറങ്ങുന്നത്. 9 കളിയിൽ 8 പോയിന്‍റുമായി എട്ടാം സ്ഥാനത്തുള്ള പഞ്ചാബിന് (Punjab Kings) ജയം അനിവാര്യമാണ്.
സീസണിലാദ്യം ഏറ്റുമുട്ടിയപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ് ആറ് വിക്കറ്റിന് പഞ്ചാബ് കിംഗ്‌സിനെ തോല്‍പിച്ചിരുന്നു. പഞ്ചാബ് വച്ചുനീട്ടിയ 190 റണ്‍സ് വിജയലക്ഷ്യം ഗുജറാത്ത് നാല് വിക്കറ്റ് നഷ്ടത്തില്‍ അവസാന പന്തില്‍ നേടി. 59 പന്തില്‍ 96 റണ്‍സ് നേടിയ ശുഭ്‌മാന്‍ ഗില്ലായിരുന്നു ഗുജറാത്തിന്‍റെ ടോപ് സ്‌കോറര്‍. സായ് സുദര്‍ശന്‍ 35ഉം നായകന്‍ ഹര്‍ദിക് പാണ്ഡ്യ 27ഉം റണ്‍സെടുത്തു. അവസാന രണ്ട് പന്തില്‍ സിക്‌സര്‍ പറത്തി രാഹുല്‍ തെവാട്ടിയയായിരുന്നു മത്സരം ജയിപ്പിച്ചത്. ബൗളിംഗില്‍ റാഷിദ് ഖാന്‍ മൂന്നും ദര്‍ശന്‍ നല്‍കണ്ഡേ രണ്ടും മുഹമ്മദ് ഷമിയും ഹര്‍ദിക് പാണ്ഡ്യയും ലോക്കീ ഫെര്‍ഗൂസനും ഓരോ വിക്കറ്റും വീഴ്‌ത്തി.
ഇന്നലെ രാജസ്ഥാന് തോല്‍വി
ഐപിഎല്ലില്‍ ഇന്നലെ തുടര്‍ച്ചയായ അഞ്ച് തോല്‍വികള്‍ക്ക് ശേഷം രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് കീഴടക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തി. ആദ്യം ബാറ്റ് ചെയ്ത് രാജസ്ഥാന്‍ ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം അഞ്ച് പന്തുകള്‍ ബാക്കിനിര്‍ത്തി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത മറികടന്നു. നാലാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ റിങ്കു സിംഗും(23 പന്തില്‍ 42*), നീതീഷ് റാണയും(37 പന്തില്‍ 48*) ചേര്‍ന്നാണ് കൊല്‍ക്കത്തക്ക് ജയമൊരുക്കിയത്.
ജയത്തോടെ 10 കളികളില്‍ എട്ട് പോയിന്‍റ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഏഴാം സ്ഥാനത്തേക്ക് കയറി പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തി. തുടര്‍ച്ചയായ രണ്ടാം പരാജയം വഴങ്ങിയ രാജസ്ഥാന്‍ റോയല്‍സ് 10 കളികളില്‍ 12 പോയന്‍റുമായി മൂന്നാം സ്ഥാനത്ത് തുടരുന്നു. സ്കോര്‍: രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 152-5, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 19.1 ഓവറില്‍ 158-3.
IPL 2022: രാജസ്ഥാനെ വീഴ്ത്തി കൊല്‍ക്കത്ത വീണ്ടും വിജയവഴിയില്‍
