18 പന്തില്‍ മൂന്ന് സിക്സ് സഹിതം 25 റണ്‍സെടുത്ത് അപകടകാരിയായി മാറിയ ആന്ദ്രെ റസലിന്‍റെയും പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച സാം ബില്ലിംഗ്സിന്‍റെയും വിക്കറ്റുകളാണ് ഹര്‍ഷല്‍ വീഴ്ത്തിയത്. ഇതില്‍ റസലിന്‍റെ വിക്കറ്റ് മത്സരത്തില്‍ നിര്‍ണായകമായി. 

മുംബൈ: ഐപിഎല്ലില്‍(IPL 2022) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് (RCB v KKR) ജയമൊരുക്കിയത് സ്പിന്നര്‍ വാനിന്ദു ഹസരങ്കയുടെ(Wanindu Hasaranga) സ്പിന്‍ ബൗളിംഗായിരുന്നു. നാലോവറില്‍ 20 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത ഹസരങ്കയുടെ ബൗളിംഗാണ് കൊല്‍ക്കത്തയുടെ നടുവൊടിച്ചത്.

എന്നാല്‍ ഹസരങ്കക്കൊപ്പം മറ്റൊരു ബൗളര്‍ കൂടി ഇന്നലെ ശ്രദ്ധേയമായ ബൗളിംഗ് കാഴ്ചവെച്ചു. ഐപിഎല്‍ താരലേലത്തില്‍ പത്തു കോടിയിലധികം രൂപ നല്‍കി ബാംഗ്ലൂര്‍ തിരിച്ചുപിടിച്ച ഹര്‍ഷല്‍ പട്ടേലിന്‍റെ(Harshal Patel) ബൗളിംഗായിരുന്നു. നാലോവറില്‍ രണ്ട് മെയ്ഡന്‍ ഓവര്‍ അടക്കം 11 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്ത ഹര്‍ഷല്‍ ബാംഗ്ലൂരിന്‍റെ വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി.

'കോലി സീസണില്‍ 600ല്‍ കൂടുതല്‍ റണ്‍സ് നേടും'; പിന്തുണച്ച് എബി ഡിവില്ലിയേഴ്‌സ്

18 പന്തില്‍ മൂന്ന് സിക്സ് സഹിതം 25 റണ്‍സെടുത്ത് അപകടകാരിയായി മാറിയ ആന്ദ്രെ റസലിന്‍റെയും പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച സാം ബില്ലിംഗ്സിന്‍റെയും വിക്കറ്റുകളാണ് ഹര്‍ഷല്‍ വീഴ്ത്തിയത്. ഇതില്‍ റസലിന്‍റെ വിക്കറ്റ് മത്സരത്തില്‍ നിര്‍ണായകമായി.

ഹര്‍ഷലിന്‍റെ ആദ്യ രണ്ടോവറുകള്‍ വിക്കറ്റ് മെയ്ഡനുകളായിരുന്നു. ഇതോടെ ഐപിഎല്‍ ചരിത്രത്തില്‍ ഒരു മത്സരത്തില്‍ രണ്ട് മെയ്ഡന്‍ ഓവറുകളെറിയുന്ന രണ്ടാമത്തെ മാത്രം ബൗളറെന്ന റെക്കോര്‍ഡ് ഹര്‍ഷല്‍ സ്വന്തമാക്കി. ബാംഗ്ലൂരില്‍ ഹര്‍ഷലിന്‍റെ സഹതാരമായ മുഹമ്മദ് സിറാജ് ആണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്. സിറാജിന്‍റെ നേട്ടവും കൊല്‍ക്കത്തക്കെതിരെ ആയിരുന്നു.

2020 ഐപിഎല്ലില്‍ അബുദാബിയില്‍ നടന്ന മത്സരത്തില്‍ എട്ട് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത സിറാജ് രണ്ട് മെയ്ഡനുകളെറിഞ്ഞ് ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബൗളറായിരുന്നു. ഹര്‍ഷലിന്‍റെ മെയ്ഡന്‍ ഓവറുകള്‍ വന്നത് മധ്യ ഓവറുകളിലായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. സിറാജ് പവര്‍പ്ലേയുടെ തുടക്കത്തിലാണ് തുടര്‍ച്ചയായി രണ്ട് മെയ്ഡന്‍ ഓവറുകള്‍ എറിഞ്ഞത്.

'അവന്‍ പ്രതിഭയാണ്, സൂക്ഷിച്ച് കൈകാര്യം ചെയ്യണം'; സെലക്റ്റര്‍മാര്‍ക്ക് രവി ശാസ്ത്രിയുടെ നിര്‍ദേശം

ഹര്‍ഷലിന്‍റെ പന്തില്‍ രണ്ട് പന്ത് നിര്‍ഭാഗ്യം കൊണ്ട് ബൗണ്ടറി കടന്നില്ലായിരുന്നെങ്കില്‍ ബൗളിംഗ് പ്രകടനം കൂടുതല്‍ മികച്ചതാവുമായിരുന്നു. ബാറ്റിംഗിനിറങ്ങിയപ്പോള്‍ നിര്‍ണായക ബൗണ്ടറികള്‍ നേടിയും ഹര്‍ഷല്‍ മികവ് കാട്ടി. മത്സരത്തിലെ പത്തൊമ്പതാം ഓവറില്‍ രണ്ട് ബൗണ്ടറികള്‍ നേടിയ ഹര്‍ഷലിന്‍റെ ബാറ്റിംഗാണ് കനത്ത സമ്മര്‍ദ്ദത്തിലായ ബാംഗ്ലൂരിന്‍റെ വിജയം സാധ്യമാക്കിയത്. കഴിഞ്ഞ സീസണിലെ വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കിയിരുന്നു. ഇത്തവണ രണ്ട് മത്സരങ്ങളില്‍ നാലു വിക്കറ്റുമായി ഹര്‍ഷല്‍ വിക്കറ്റ് വേട്ടയില്‍ മുമ്പിലുണ്ട്.