ഉമ്രാനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി (Ravi Shastri). അതിവേഗത്തില്‍ പന്തെറിയുന്ന ഉമ്രാന്‍ ഇന്ത്യയുടെ ഭാവി വാഗ്ദാനമാണെന്നാണ് ശാസ്ത്രി പറയുന്നത്.

മുംബൈ: രാജസ്ഥാന്‍ റോയല്‍സിനെതിരെ (Rajasthan Royals) സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പേസര്‍ ഉമ്രാന്‍ മാലിക്കിന്റെ (Umran Malik) പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. നാല് ഓവറില്‍ 37 റണ്‍സ് വഴങ്ങി രണ്ട്് വിക്കറ്റാണ് താരം നേടിയത്. ജോസ് ബട്‌ലര്‍ (35), ദേവ്ദത്ത് പടിക്കല്‍ (41) എന്നിവരുടെ നിര്‍ണായക വിക്കറ്റുകളാണ് ഉമ്രാന്‍ വീഴ്ത്തിയത്. പ്രധാനമായും വേഗം കൊണ്ടാണ് യുവതാരം അത്ഭുതപ്പെടുത്തിയത്. നിരന്തരം 145-150 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിയാന്‍ താരത്തിന് സാധിക്കുന്നുണ്ട്. 

ഇപ്പോള്‍ ഉമ്രാനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി (Ravi Shastri). അതിവേഗത്തില്‍ പന്തെറിയുന്ന ഉമ്രാന്‍ ഇന്ത്യയുടെ ഭാവി വാഗ്ദാനമാണെന്നാണ് ശാസ്ത്രി പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഹൈദരാബാദ് ഫാസ്റ്റ് ബൌളര്‍ ഉമ്രാന്‍ മാലിക്കിനെ കരുതലോടെ കൈകാര്യം ചെയ്യണം. അതിവേഗത്തില്‍ പന്തെറിയുന്ന കശ്മീര്‍ പേസര്‍ ,ഭാവി ഇന്ത്യന്‍ താരമാണ്.'' ശാസ്ത്രി വ്യക്തമാക്കി.

മാലിക് മികച്ച പ്രകടനം നടത്തിയിരുന്നെങ്കിലും ഹൈദരാബാദ് ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടിരുന്നു. 61 റണ്‍സിന്റെ കൂറ്റന്‍ പരാജയമാണ് ഹൈദരാബാദ് ഏറ്റുവാങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഹൈദരാബാദിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുക്കാനാണ് സാധിച്ചത്. എയ്ഡന്‍ മാര്‍ക്രം (57), വാഷിംഗ്ടണ്‍ സുന്ദര്‍ (40) എന്നിവര്‍ മാത്രമാണ് ഹൈദരാബാദ് നിരയില്‍ തിളങ്ങിയത്. യൂസ്‌വേന്ദ്ര ചാഹല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. 

രാജസ്ഥാന്‍ ക്യാ്പറ്റന്‍ സഞ്ജു സാംസണായിരുന്നു പ്ലയര്‍ ഓഫ് ദ മാച്ച്. ബാറ്റിംഗില്‍ നടത്തിയ മികച്ച പ്രകടനമാണ് മലയാളി വിക്കറ്റ് കീപ്പറെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. സഞുവിനെ കൂടാതെ ദേവ്ദത്ത്, ബട്‌ലര്‍, ഷിംറോണ്‍ ഹെറ്റ്മയേര്‍ (13 പന്തില്‍ 32 ) എന്നിവരും രാജസ്ഥാന്‍ നിരയില്‍ തിളങ്ങി. നേരത്തെ സഞ്ജുവിനെ പ്രകീര്‍ത്തിച്ചും ശാസ്ത്രി രംഗത്തെത്തിയിരുന്നു. ലോകത്തെ ഏത് ഗ്രൗണ്ടും ക്ലിയര്‍ ചെയ്യാനുള്ള കരുത്ത് സഞ്ജുവിനുണ്ടെന്നായിരുന്നു ശാസ്ത്രിയുടെ പക്ഷം. 

അദ്ദേഹത്തിന്റെ വാക്കുകള്‍.. ''പൂനെയില്‍ കളിക്കാന്‍ അവന് ഇഷ്ടമാണ്. മുമ്പ് ഇതേ ഗ്രൗണ്ടില്‍ നടന്ന ഐപിഎല്‍ മത്സരത്തില്‍ സഞ്ജു സെഞ്ചുറി നേടിയിട്ടുണ്ട്. ഹൈദരാബാദിനെതിരേയും മനോഹരമായി കളിച്ചു. തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത താരത്തിന്റെ ഷോട്ട് സെലക്ഷനൊക്കെ ഗംഭീരമായിരുന്നു.

വിക്കറ്റിന്റെ പേസും മനസിലാക്കി അവന്‍ ബാറ്റ് വീശി. പന്ത് ടേണ്‍ ചെയ്യുന്നില്ലെന്ന് സഞ്ജുവിന് കൃത്യമായ ബോധ്യമുണ്ടായിരുന്നു. സ്ട്രൈറ്റര്‍ ബൗണ്ടറികളാണ് സഞ്ജു ഉന്നം വച്ചത്. ലോകത്തെ ഏത് ഗ്രൗണ്ടും ക്ലിയര്‍ ചെയ്യാനുള്ള കരുത്ത് അവനുണ്ട്. അഞ്ച് ഓവര്‍ കൂടി അവന്‍ ക്രീസില്‍ ഉണ്ടായിരുന്നെങ്കില്‍ സ്‌കോര്‍ 230 കടക്കുമായിരുന്നു. ടീമിന് ആവശ്യമായ ആക്രമണോത്സുകത സഞ്ജു കാണിച്ചു.'' ശാസ്ത്രി വ്യക്തമാക്കി. 

ഇതിനിടെ സഞ്ജു ഒരു റെക്കോര്‍ഡ് സ്വന്തം പേരിലാക്കി. രാജസ്ഥാന് വേണ്ടി ഏറ്റവും കൂടുതല്‍ സിക്‌സുകളെന്ന റെക്കോര്‍ഡാണ് സഞ്ജു സ്വന്തമാക്കിയത്. 110 സിക്‌സുകളാണ് നിലവില്‍ സഞ്ജുവിന്റെ അക്കൗണ്ടിലുള്ളത്. മുന്‍ രാജസ്ഥാന്‍ താരം ഷെയ്ന്‍ വാട്‌സണെയാണ് താരം മറികടന്നത്. 110 സിക്‌സുകള്‍ സഞ്ജുവിന്റെ അക്കൗണ്ടിലുണ്ട്.