ബെംഗളൂരുവില്‍ നടന്ന താരലേലത്തിന്‍റെ രണ്ടാംദിനം വാശിയേറിയ ലേലംവിളിക്കൊടുവില്‍ എട്ട് കോടി രൂപയ്‌ക്കാണ് ജോഫ്ര ആര്‍ച്ചറെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്

മുംബൈ: ഐപിഎല്‍ മെഗാതാരലേലം (IPL Auction 2022) അവസാനിച്ചത് മുതല്‍ മുംബൈ ഇന്ത്യന്‍സ് (Mumbai Indians) ആരാധകര്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ഇംഗ്ലീഷ് പേസ് എക്‌സ്‌പ്രസ് ജോഫ്ര ആര്‍ച്ചര്‍ (Jofra Archer) ഈ സീസണില്‍ കളിക്കുമോ? ഒടുവില്‍ ഈ ചോദ്യത്തിന് ആര്‍ച്ചര്‍ തന്നെ മറുപടി നല്‍കിയിരിക്കുകയാണ്. ഐപിഎല്ലില്‍ 35 മത്സരങ്ങളുടെ പരിചയമുള്ള ആര്‍ച്ചര്‍ 7.13 ഇക്കോണമിയില്‍ 46 വിക്കറ്റ് നേടിയിട്ടുണ്ട്. 15 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയതാണ് മികച്ച പ്രകടനം. 

'അടുത്ത വര്‍ഷമേ (ഐപിഎല്‍ 16-ാം സീസണ്‍) കളിക്കുന്നുള്ളൂ. കരുതിയതിനേക്കാള്‍ വേഗത്തില്‍ ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ട്. എങ്കിലും മുംബൈ ഇന്ത്യന്‍സിനായി അടുത്ത വര്‍ഷം കളിക്കാനെ സാധ്യതയുള്ളൂ. ആരുടെയും പ്രതീക്ഷ ഏറ്റാന്‍ ആഗ്രഹിക്കുന്നില്ല. ആരെയും നിരാശപ്പെടുത്തേണ്ടതുമില്ല. അതിനാല്‍ അടുത്ത വര്‍ഷം മാത്രമേ മുംബൈക്കായി കളിക്കുന്നുള്ളൂ' എന്നാണ് ജോഫ്ര ആര്‍ച്ചറുടെ പ്രതികരണം. ഐപിഎല്‍ 2023, 24 സീസണുകള്‍ മുന്‍നിര്‍ത്തിയാണ് ലേലത്തിന് ആര്‍ച്ചര്‍ രജിസ്റ്റര്‍ ചെയ്‌തതെന്ന് ഐപിഎല്‍ സിഒഒ ഹേമങ് അമിന്‍ മുമ്പ് വ്യക്തമാക്കിയിരുന്നു. 

ബെംഗളൂരുവില്‍ നടന്ന താരലേലത്തിന്‍റെ രണ്ടാംദിനം വാശിയേറിയ ലേലംവിളിക്കൊടുവില്‍ എട്ട് കോടി രൂപയ്‌ക്കാണ് ജോഫ്ര ആര്‍ച്ചറെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. ആര്‍ച്ചറിനായി രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്‌സും ഹൈദരാബാദും ലേലത്തില്‍ സജീവമായി രംഗത്തുണ്ടായിരുന്നു. മുംബൈ കുപ്പായത്തില്‍ ജസ്‌പ്രീത് ബുമ്രക്കൊപ്പം ആര്‍ച്ചര്‍ ഒന്നിക്കുന്നത് ആരാധകര്‍ സ്വാഗതം ചെയ്‌തിരുന്നു. പരിക്കുമൂലം ഒരു വര്‍ഷത്തോളമായി ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ഇംഗ്ലീഷ് ക്രിക്കറ്റര്‍. 

Scroll to load tweet…

വാംഖഢെയില്‍ മാര്‍ച്ച് 26ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തോടെയാണ് ഐപിഎല്‍ 2022ന് കര്‍ട്ടന്‍ ഉയരുക. കൊവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ മുംബൈയിലും പുനെയിലുമായാണ് മത്സരങ്ങളെല്ലാം. 65 ദിവസം നീണ്ടുനില്‍ക്കുന്ന വരും സീസണില്‍ 70 ലീഗ് മത്സരങ്ങളും നാല് പ്ലേ ഓഫ് കളികളും നടക്കും. മാര്‍ച്ച് 27ന് സീസണിലെ ആദ്യ ഇരട്ട പോരാട്ടം അരങ്ങേറും. ബ്രബോണില്‍ ഡല്‍ഹി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സും നേര്‍ക്കുനേര്‍ വരും.

12 ദിവസങ്ങളില്‍ രണ്ട് വീതം മത്സരങ്ങള്‍ നടക്കും. ആദ്യ മത്സരം ഇന്ത്യന്‍സമയം ഉച്ചകഴിഞ്ഞ് 3.30നും രണ്ടാം മത്സരം രാത്രി 7.30നുമാണ് ആരംഭിക്കുക. ലീഗ് ഘട്ടം മെയ് 22ന് വാംഖഢെയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-പഞ്ചാബ് കിംഗ്‌സ് മത്സരത്തോടെ അവസാനിക്കും. മെയ് 29നാണ് കലാശപ്പോര്. പ്ലേ ഓഫ് മത്സരക്രമം പിന്നീട് പ്രഖ്യാപിക്കും. 2019 സീസണിന് ശേഷം ആദ്യമായാണ് സമ്പൂര്‍ണ ഐപിഎല്ലിന് ഇന്ത്യ വേദിയാവുന്നത്. 

IPL 2022 schedule announced: ഐപിഎല്ലിന് കൊടിയേറുക ചെന്നൈ-കൊല്‍ക്കത്ത അങ്കത്തോടെ; സമയക്രമം പ്രഖ്യാപിച്ചു