ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ ലഖ്നൗ ഞെട്ടി. ട്രെന്‍റ് ബോള്‍ട്ടെറിഞ്ഞ ഇന്‍സ്വിംഗിംഗ് യോര്‍ക്കറില്‍ ക്യാപ്റ്റല്‍ കെ എല്‍ രാഹുല്‍ ക്ലീന്‍ ബൗള്‍ഡ്. വണ്‍ ഡൗണായി ക്രീസിലെത്തിയത് കൃഷ്ണപ്പ ഗൗതമായിരുന്നു. നേരിട്ട രണ്ടാം പന്തില്‍ ഗൗതമിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ബോള്‍ട്ട് ഏല്‍പ്പിച്ച ഇരട്ടപ്രഹരത്തില്‍ നിന്ന് ലഖ്നൗവിന് കരകയറാനായില്ല.

മുംബൈ: ഐപിഎല്ലിൽ(IPL 2022) രാജസ്ഥാന്‍ റോയല്‍സ്(Rajasthan Royals) ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സിന് (Lucknow Super Giants) പവര്‍ പ്ലേയില്‍ ബാറ്റിംഗ് തകര്‍ച്ച. പവര്‍ പ്ലേ പിന്നിടുമ്പോള്‍ ലഖ്നൗ ആറോവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സെന്ന നിലയിലാണ്. 12 പന്തില്‍ 15 റണ്‍സോടെ ദീപക് ഹൂഡയും എട്ട് പന്തില്‍ ആറ് റണ്‍സോടെ ക്വിന്‍റണ്‍ ഡീകോക്കും ക്രീസില്‍. ക്യാപ്റ്റന്‍ എല്‍ രാഹുല്‍, കൃഷ്ണപ്പ ഗൗതം, ജേസണ്‍ ഹോള്‍ഡര്‍ എന്നിവരുടെ വിക്കറ്റുകളാണ് ലഖ്നൗവിന് പവര്‍ പ്ലേയില്‍ നഷ്ടമായത്. രാജസ്ഥാനുവേണ്ടി ട്രെന്‍റ് ബോള്‍ട്ട് രണ്ടും പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റുമെടുത്തു.

ആദ്യ പന്തിലെ ബോള്‍ട്ടിളകി ലഖ്നൗ

ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ ലഖ്നൗ ഞെട്ടി. ട്രെന്‍റ് ബോള്‍ട്ടെറിഞ്ഞ ഇന്‍സ്വിംഗിംഗ് യോര്‍ക്കറില്‍ ക്യാപ്റ്റല്‍ കെ എല്‍ രാഹുല്‍ ക്ലീന്‍ ബൗള്‍ഡ്. വണ്‍ ഡൗണായി ക്രീസിലെത്തിയത് കൃഷ്ണപ്പ ഗൗതമായിരുന്നു. നേരിട്ട രണ്ടാം പന്തില്‍ ഗൗതമിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ബോള്‍ട്ട് ഏല്‍പ്പിച്ച ഇരട്ടപ്രഹരത്തില്‍ നിന്ന് ലഖ്നൗവിന് കരകയറാനായില്ല.

പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ രണ്ടാം ഓവറില്‍ ഒരു റണ്‍ മാത്രമെടുത്ത ലഖ്നൗവിന് ബോള്‍ട്ടെറിഞ്ഞ മൂന്നാം ഓവറില്‍ ഏഴ് റണ്‍സെ നേടാനായുള്ളു. നാലാം ഓവറില്‍ ജേസണ്‍ ഹോള്‍ഡറെ(8) വീഴ്ത്തി പ്രസിദ്ധ് കൃഷ്ണ മൂന്നാം പ്രഹരമേല്‍പ്പിക്കുമ്പോള്‍ ലഖ്നൗ സ്കോര്‍ ബോര്‍ഡില്‍ 18 റണ്‍സെ ഉണ്ടായിരുന്നുള്ളു. പവര്‍ പ്ലേയില്‍ തന്നെ ബോള്‍ട്ടിന് മൂന്നാം ഓവര്‍ നല്‍കിയ സഞ്ജു ഒരു വിക്കറ്റ് കൂടി സ്വന്തമാക്കി കളി കൈയിലാക്കാന്‍ നോക്കിയെങ്കിലും ലഖ്നൗ വീഴാതെ പിടിച്ചു നിന്നു. പവര്‍ പ്ലേയിലെ അവസാന ഓവര്‍ എറിഞ്ഞ അശ്വിന്‍ അഞ്ച് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ലഖ്നൗവിനെ വരിഞ്ഞുകെട്ടി.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 165 റണ്‍സെടുത്തത്. 36 പന്തില്‍ 59 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഷിമ്രോണ്‍ ഹെറ്റ്മെയറാണ് രാജസ്ഥാന്‍റെ ടോപ് സ്കോറര്‍. ലഖ്നൗവിനായി കൃഷ്ണപ്പ ഗൗതമും ജേസണ്‍ ഹോള്‍ഡറും രണ്ട് വിക്കറ്റ് വീതമെടുത്തു.ദേവ്ദത്ത് പടിക്കലും ജോസ് ബട്‌ലറും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമിട്ടെങ്കിലും മധ്യനിര തകര്‍ന്നടിഞ്ഞതാണ് രാജസ്ഥാന് തിരിച്ചടിയായത്. ബട്‌ലര്‍ പുറത്തായശേഷം ക്രീസിലെത്തിയ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ രണ്ട് ബൗണ്ടറിയുമായി നല്ല തുടക്കമിട്ടെങ്കിലും ജേസണ്‍ ഹോള്‍ഡറുടെ ഫുള്‍ട്ടോസില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. 12 പന്തില്‍ 13 റണ്‍സാണ് സഞ്ജുവിന്‍റെ നേട്ടം.

പിന്നാലെ ദേവ്ദത്ത് പടിക്കലും(29 പന്തില്‍ 29) റാസി വാന്‍ഡര്‍ ഡസ്സനും(4) മടങ്ങിയതോടെ 67-4 എന്ന സ്കോറില്‍ രാജസ്ഥാന്‍ തകര്‍ന്നടിഞ്ഞു. അവസാന ഓവറുകള്‍ തകര്‍ത്തടിച്ച അശ്വിന്‍റെയും(23 പന്തില്‍ 28) ഹെറ്റ്മെയറുടെയും(36 പന്തില്‍ 59*) വെടിക്കെട്ട് ബാറ്റിംഗ് കരുത്തിലാണ് രാജസ്ഥാന്‍ ഭേദപ്പെട്ട സ്കോറിലെത്തിയത്. ആറ് സിക്സും ഒരു ഫോറും പറത്തിയാണ് ഹെറ്റ്മെയര്‍ 59 റണ്‍സടിച്ചത്. അവസാന മൂന്നോവറില്‍ മാത്രം രാജസ്ഥാന്‍ 50 റണ്‍സാണ് അടിച്ചു കൂട്ടിയത്. ലഖ്നൗവിനായി ജേസണ്‍ ഹോള്‍ഡറും കൃഷ്ണപ്പ ഗൗതമും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ആവേശ് കാന്‍ ഒരു വിക്കറ്റെടുത്തു.