കുല്‍ദീപിനെ കൈവിടാന്‍ തീരുമാനിച്ച കൊല്‍ക്കത്തയോട് നന്ദിയുണ്ട്. കാരണം ഒരുവര്‍ഷം കൂടി അവന്‍ അവിടെ തുടര്‍ന്നിരുന്നെങ്കില്‍ അവനിലെ ക്രിക്കറ്റ് താരം പൂര്‍ണമായും നശിച്ചുപോയേനെ. ഒരുവര്‍ഷം ടീമില്‍ നിലനിര്‍ത്തിയിട്ടും കൊല്‍ക്കത്ത ഒരു മത്സരത്തില്‍ പോലും അവനെ കളിപ്പിച്ചില്ല.

മുംബൈ: ഐപിഎല്ലില്‍(IPL 2022) ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ(DC) ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്(Kuldeep Yadav) ശക്തമായി തിരിച്ചുവരവ് നടത്താന്‍ കാരണം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണെന്ന്(Rohit Sharma) കുല്‍ദീപിന്‍റെ ബാല്യകാല പരിശീലകന്‍ കപില്‍ ദേവ് പാണ്ഡെ. വിരാട് കോലി ക്യാപ്റ്റനായിരുന്ന കാലത്ത് ബാറ്റിംഗ് കഴിവുകള്‍ കൂടി കണക്കിലെടുത്ത് അക്സര്‍ പട്ടേലിനെയാണ് അദ്ദേഹം ടീമിലേക്ക് കൂടുതലായി പരിഗണിച്ചിരുന്നതെന്നും കപില്‍ ദേവ് പാണ്ഡെ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

കഴിഞ്ഞ മൂന്നുവര്‍ഷത്തോളും ടെസ്റ്റിലും ഏകദിനത്തിലും ടി20യിലും കുല്‍ദീപിന് കാര്യമായ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. ഐപിഎല്ലില്‍ കൊല്‍ക്കത്തയും അവനില്‍ വിശ്വാസമര്‍പ്പിച്ചില്ല. ഇതിലെല്ലാം അവന്‍ തീര്‍ത്തും നിരാശനായിരുന്നു. അവന്‍ എന്നെ വിളിച്ച് സംസാരിക്കുമ്പോഴൊക്കെ പ്രതീക്ഷ കൈവിടരുതെന്ന് ഞാന്‍ ഉപദേശിക്കുമായിരുന്നു. കഠിനാധ്വാനം ചെയ്യാനും തിരിച്ചുവരാന്‍ കഴിയുമെന്നും അവനോട് പറയാറുണ്ടായിരുന്നു.

രണ്ട് കോടി രൂപക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് അവനെ ടീമിലെടുത്തപ്പോള്‍ പണം നോക്കണ്ട ഡല്‍ഹിയില്‍ നിനക്ക് നിന്‍റെ പ്രതിഭ പുറത്തെടുക്കാന്‍ അവസരം ലഭിക്കുമെന്ന് ഉറപ്പാണെന്നും ഞാനവനോട് പറഞ്ഞു. ഐപിഎല്ലില്‍ മികവ് കാട്ടി അവന്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അവന് മതിയായ അവസരം നല്‍കുകയും പിന്തുണക്കുകയും ചെയ്ത ഡല്‍ഹി ടീമിനോട് നന്ദിയുണ്ട്.

അതുപോലെ കുല്‍ദീപിനെ കൈവിടാന്‍ തീരുമാനിച്ച കൊല്‍ക്കത്തയോടും. കാരണം ഒരുവര്‍ഷം കൂടി അവന്‍ അവിടെ തുടര്‍ന്നിരുന്നെങ്കില്‍ അവനിലെ ക്രിക്കറ്റ് താരം പൂര്‍ണമായും നശിച്ചുപോയേനെ. ഒരുവര്‍ഷം ടീമില്‍ നിലനിര്‍ത്തിയിട്ടും കൊല്‍ക്കത്ത ഒരു മത്സരത്തില്‍ പോലും അവനെ കളിപ്പിച്ചില്ല.

ഇന്ത്യന്‍ ടീമിന്‍റെ നായകന്‍ മാറിയതും കുല്‍ദീപിന് ഗുണകരമായി. ഏഴ് മാസത്തെ ഇടവേളക്കുശേഷം ഫെബ്രുവരിയില്‍ വിന്‍ഡീസിനെതിരായ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ കുല്‍ദീപ് ഇടം നേടി. ക്യാപ്റ്റന്‍ വിശ്വാസമര്‍പ്പിച്ചപ്പോഴെല്ലാം ആ വിശ്വാസം കാക്കാന്‍ അവനായിട്ടുണ്ട്. ഏകദിനത്തില്‍ രണ്ട് ഹാട്രിക്കും ടി20യില്‍ മികച്ച റെക്കോര്‍ഡുമുള്ള ബൗളറാണവന്‍. എന്നിട്ടും അവന് ദേശീയ ടീമില്‍ കാര്യമായി അവസരങ്ങള്‍ ലഭിച്ചില്ല. ഇപ്പോഴുള്ള കുല്‍ദീപിന്‍റെ തിരിച്ചുവരവിന് പിന്നില്‍ രോഹിത് ശര്‍മയാണ്.

ഐപിഎല്ലിന് മുമ്പ് വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ രോഹിത് അവന് അവസരം നല്‍കി. അവന്‍റെ യോ യോ ടെസ്റ്റിലും തിരിച്ചുവരവിലുമെല്ലാം രോഹിത് ശ്രദ്ധാലുവായിരുന്നു. രോഹിത് ഇല്ലായിരുന്നെങ്കില്‍ കുല്‍ദീപ് ഇപ്പോള്‍ ക്രിക്കറ്റ് രംഗത്തെ ഉണ്ടാവുമായിരുന്നില്ല. ഓരോ ക്യാപ്റ്റനും ഓരോ ശൈലിയാണ്. കോലി ക്യാപ്റ്റനായിരുന്നപ്പോള്‍ പരിചയസമ്പത്തിനാണ് അദ്ദേഹം മുന്‍തൂക്കം നല്‍കിയത്. അതുകൊണ്ട് അശ്വിനും ജഡേജയും ടീമിലെത്തി.

ബാറ്റിംഗ് കഴിവുകള്‍ കൂടി കണക്കിലെടുത്ത് അക്സര്‍ പട്ടേലിനെയും അദ്ദേഹം പിന്തുണച്ചു. കളിക്കാരില്‍ ക്യാപ്റ്റന്‍ വിശ്വാസമര്‍പ്പിച്ചാലെ അയാള്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനാവു. മികച്ച ഫോമിലുള്ള ചാഹലുമായി ചേര്‍ന്ന് കുല്‍ദീപിന് ടി20 ലോകകപ്പില്‍ മികച്ച പ്രകടനം നടത്താനാവുമെന്നം കപില്‍ ദേവ് പാണ്ഡെ പറഞ്ഞു. നിലവില്‍ ഐപിഎല്ലില്‍ ഒമ്പത് മത്സരങ്ങളില്‍ 17 വിക്കറ്റുമായി വിക്കറ്റ് വേട്ടയില്‍ ചാഹലിന് തൊട്ടുപിന്നിലാണ് കുല്‍ദീപ്.