പഞ്ചാബിന് 72 കോടി രൂപയ്ക്ക് ലേലത്തില്‍ താരങ്ങളെ സ്വന്തമാക്കാം. സണ്‍റൈസേഴ്‌സ് (Sunrisers Hyderabad) ഹൈദരാബാദിന് 68 കോടി രൂപയും രാജസ്ഥാന്‍ റോയല്‍സിന് (Rajasthan Royals) 62 കോടിയും കീശയിലുണ്ട്. 

മുംബൈ: ഫെബ്രുവരി 12, 13 തിയ്യതികളില്‍ ബെംഗളൂരുവില്‍ നടക്കുന്ന ഐപിഎല്‍ താരലേലത്തില്‍ (IPL Auction) ഏറ്റവും കൂടുതല്‍ പണം ബാക്കിയുള്ളത് പഞ്ചാബ് കിംഗ്‌സിന് (Punjab Kings). പഞ്ചാബിന് 72 കോടി രൂപയ്ക്ക് ലേലത്തില്‍ താരങ്ങളെ സ്വന്തമാക്കാം. സണ്‍റൈസേഴ്‌സ് (Sunrisers Hyderabad) ഹൈദരാബാദിന് 68 കോടി രൂപയും രാജസ്ഥാന്‍ റോയല്‍സിന് (Rajasthan Royals) 62 കോടിയും കീശയിലുണ്ട്. 

പുതിയ ഫ്രാഞ്ചൈസിയായ ലഖ്‌നൗവിന് 58 കോടിയും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 57 കോടിയും അഹമ്മദാബാദ് ഫ്രാഞ്ചൈസിക്ക് 52 കോടിയും ചെലവഴിക്കാം. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകള്‍ക്ക് 48 കോടി ചെലവഴിക്കാനാവും. ഡല്‍ഹി ക്യാപിറ്റല്‍സിന് 47.5 കോടി രൂപയാണ് അക്കൗണ്ടിലുള്ളത്. 

അതേസമയം, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, പഞ്ചാബ് കിംഗ്‌സ് എന്നീ ടീമുകള്‍ ഇതുവരെ ക്യാപ്റ്റന്മാരെ നിശ്ചയിച്ചിട്ടില്ല. താരലേലത്തിന് ശേഷമാണ് ടീമുകള്‍ ക്യാപ്റ്റന്‍മാരെ കണ്ടെത്തുക. പഞ്ചാബ് വിട്ട രാഹുല്‍ ലഖ്‌നൗവിന്റെ ക്യാപ്റ്റനായി. മുംബൈ ഇന്ത്യന്‍സ് വിട്ട ഹാര്‍ദിക് പാണ്ഡ്യയെ അഹമ്മദാബാദും ക്യാപ്റ്റനാക്കി. ആദ്യമായിട്ടാണ് ഹാര്‍ദിക്ക് ഐപിഎല്ലില്‍ ക്യാപ്റ്റനാകുന്നത്. 

നിലവില്‍ ഏഴ് ക്യാപ്റ്റന്മാാരാണ് ഐപിഎല്ലിലുള്ളത്. ഇതില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റന്‍ സ്ഥാനം ധോണി, രവീന്ദ്ര ജഡേജയ്ക്ക് കൈമാറുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായി സഞ്ജു സാംസണ്‍ തുടരും. 

മുംബൈ ഇന്ത്യന്‍സിനെ രോഹിത് ശര്‍മ നയിക്കും. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കെയ്ന്‍ വില്യംസണെ നിലനിര്‍ത്തിയിരുന്നു. ഡല്‍ഹി കാപിറ്റല്‍സിനെ റിഷഭ് പന്താണ് നയിക്കുന്നത്. ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നായകന്‍ രാഹുലാണ്. ലക്‌നൗ 17 കോടിരൂപയ്ക്കാണ് രാഹുലിനെ സ്വന്തമാക്കിയത്. 2018ല്‍ ബാംഗ്ലൂര്‍ വിരാട് കോലിക്കും 17 കോടി രൂപ നല്‍കിയിരുന്നു.