അണ്ടര്‍ 19 ലോകകപ്പ് സൂപ്പര്‍ സിക്‌സില്‍ ഇന്ത്യ, പാകിസ്ഥാന്‍, ഇംഗ്ലണ്ട് ടീമുകള്‍ സെമി ഫൈനലിനായി കടുത്ത പോരാട്ടത്തിലാണ്. ഉയര്‍ന്ന നെറ്റ് റണ്‍റേറ്റുള്ള ഇന്ത്യയെ വലിയ മാര്‍ജിനില്‍ തോല്‍പ്പിച്ചാല്‍ മാത്രമേ പാകിസ്ഥാന് സെമി സാധ്യതയുള്ളൂ. 

ഹരാരെ: അണ്ടര്‍ 19 ലോകകപ്പ് സൂപ്പര്‍ സിക്‌സ് ഗ്രൂപ്പ് രണ്ടില്‍ നിന്ന് ആരൊക്കെ സെമി ഫൈനലിലെത്തും? ഇന്ത്യ, ഇംഗ്ലണ്ട്, പാകിസ്ഥാന്‍ ടീമുകള്‍ കടുത്ത പോരാട്ടമാണ് സെമി ഫൈനല്‍ സ്ഥാനത്തിനായി നടത്തുന്നത്. ബംഗ്ലാദേശ്, ന്യൂസിലന്‍ഡ്, സിംബാബ്‌വെ എന്നിവര്‍ നേരത്തെ പുറത്തായിരുന്നു. ഗ്രൂപ്പില്‍ ഒന്നാമത് നില്‍ക്കുന്ന ഇന്ത്യ മൂന്നില്‍ മൂന്നും ജയിച്ച് ആറ് പോയിന്റുമായി ഒന്നാമത്. ഇംഗ്ലണ്ടും ഇങ്ങനെ തന്നെ. എന്നാല്‍ നെറ്റ് റണ്‍റേറ്റ് ഇന്ത്യക്ക് അനുകൂലമാണ്. +3.337 നെറ്റ് റണ്‍റേറ്റുണ്ട് ഇന്ത്യക്ക്. ഇംഗ്ലണ്ടിന് +1.989. മൂന്നില്‍ രണ്ട് മത്സരം ജയിച്ച പാകിസ്ഥാന്‍ മൂന്നാം സ്ഥാനത്താണ്. നാല് പോയിന്റുള്ള അവര്‍ക്ക് +1.484 നെറ്റ് റണ്‍റേറ്റാണുള്ളത്.

അതുകൊണ്ടുതന്നെ ഞായറാഴ്ച്ച നടക്കാനിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നിര്‍ണായകമാകും. ഇംഗ്ലണ്ട് ശനിയാഴ്ച്ച ന്യൂസിലന്‍ഡുമായിട്ടാണ് കളിക്കുക. ഇംഗ്ലണ്ടിനേയും പാകിസ്ഥാനേയും അപേക്ഷിച്ച് ഇന്ത്യ കുറച്ചുകൂടെ സുരക്ഷിതമാണ്. ഉയര്‍ന്ന നെറ്റ് റണ്‍റേറ്റ് തന്നെയാണ് അതിന് കാരണം. പാകിസ്ഥാന് സൂപ്പര്‍ സിക്‌സില്‍ കടക്കണമെങ്കില്‍ ഇന്ത്യയെ ഉയര്‍ന്ന മാര്‍ജിനില്‍ തന്നെ തോല്‍പ്പിക്കേണ്ടി വരും. ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് കടക്കുക എളുപ്പമായിരിക്കില്ല. എന്തായാലും ഇന്ത്യ - പാകിസ്ഥാന്‍ പോര് തീ പാറുമമെന്ന് ഉറപ്പാണ്. ഇംഗ്ലണ്ട് ആവട്ടെ, ന്യൂസിലന്‍ഡിനെ അനായാസം മറികടക്കാമെന്ന് കണക്കുകൂട്ടലിലാണ്.

അടുത്തിടെ നടന്ന അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനോട് പരാജയപ്പെട്ടതിന്റെ കയ്‌പ്പേറിയ ഓര്‍മ്മകള്‍ ഇന്ത്യന്‍ യുവനിരയ്ക്കുണ്ട്. ആ തോല്‍വിക്ക് ലോകകപ്പ് വേദിയില്‍ മറുപടി നല്‍കാനാണ് ആയുഷ് മാത്രെയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ തയ്യാറെടുക്കുന്നത്. ഈ ലോകകപ്പില്‍ കളിച്ച മൂന്ന് ഗ്രൂപ്പ് മത്സരങ്ങളിലും വന്‍ വിജയം നേടിയ ഇന്ത്യ മികച്ച ഫോമിലാണുള്ളത്.

മത്സരസമയം, കാണാനുള്ള വഴികള്‍

ഫെബ്രുവരി ഒന്ന് ഞായറാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1:00 മണിക്ക് സിംബാബ്വെയിലെ ക്വീന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബിലാണ് മത്സരം നടക്കുക. ഇന്ത്യയില്‍ ജിയോ ഹോട്ട്സ്റ്റാര്‍ ആപ്പിലൂടെയും സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കിലൂടെയും മത്സരം തത്സമയം കാണാം.

YouTube video player