Asianet News MalayalamAsianet News Malayalam

രാജസ്ഥാന്‍ റോയല്‍സിന് പെരുത്ത് വിശ്വാസം; സഞ്ജു-ദേവ്ദത്ത് മലയാളി കൂട്ടുകെട്ട് തുടരും

സഞ്ജു-ദേവ്ദത്ത് മലയാളി കൂട്ടുകെട്ട് വരും സീസണിലും രാജസ്ഥാനില്‍ കാണുമെന്നുറപ്പായി

IPL 2023 Devdutt Padikkal retained by Rajasthan Royals
Author
First Published Nov 15, 2022, 5:36 PM IST

ജയ്പൂർ: ഐപിഎല്‍ പതിനാറാം സീസണിന് മുന്നോടിയായി മലയാളി ഇടംകൈയന്‍ ഓപ്പണർ ദേവ്ദത്ത് പടിക്കലിനെ നിലനിർത്തി രാജസ്ഥാന്‍ റോയല്‍സ്. കഴിഞ്ഞ സീസണിന് മുമ്പ് 7.75 കോടി രൂപയ്ക്കാണ് പടിക്കല്‍ രാജസ്ഥാനിലെത്തിയത്. കഴിഞ്ഞ സീസണ്‍ മോശമായി എങ്കിലും സമീപകാല ആഭ്യന്തര ഫോമാണ് താരത്തെ തുണച്ചത്. അടുത്തിടെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മഹാരാഷ്ട്രക്കെതിരെ കർണാടക ഓപ്പണറായ പടിക്കല്‍ 62 പന്തില്‍ പുറത്താകാതെ 124* റണ്‍സ് നേടിയിരുന്നു. മഹാരാജ ടി20 ടൂർണമെന്‍റില്‍ ക്വാളിഫയറില്‍ 96 ഉം ഫൈനലില്‍ 56 ഉം റണ്‍സ് നേടി. 

മലയാളി താരം സഞ്ജു സാംസണാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ നായകന്‍. ഇതോടെ സഞ്ജു-ദേവ്ദത്ത് മലയാളി കൂട്ടുകെട്ട് വരും സീസണിലും രാജസ്ഥാനില്‍ കാണുമെന്നുറപ്പായി. കഴിഞ്ഞ സീസണില്‍ രാജസ്ഥാനായി 122.87 സ്ട്രൈക്ക് റേറ്റിലും 22.11 ശരാശരിയുമാണ് പടിക്കല്‍ ബാറ്റ് ചെയ്തത്. ഐപിഎല്ലില്‍ തന്‍റെ മൂന്ന് സീസണുകളിലെ ഏറ്റവും മോശം പ്രകടനമായിരുന്നു ഇത്. ഓപ്പണിംഗിന് പുറമെ നാലാം നമ്പറിലും താരത്തെ കഴിഞ്ഞ തവണ രാജസ്ഥാന്‍ റോയല്‍സ് പരീക്ഷിച്ചെങ്കിലും വിജയിച്ചില്ല. ടീം ഇന്ത്യക്കായി രണ്ട് ടി20 മത്സരങ്ങള്‍ കളിച്ച താരത്തിന് 22 റണ്‍സ് മാത്രമേയുള്ളൂ നീലക്കുപ്പായത്തില്‍ സമ്പാദ്യം. 

സഞ്ജു സാംസണിന് പുറമെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‍ലറെയും രാജസ്ഥാന്‍ റോയല്‍സ് നിലനിർത്തുമെന്ന് ഉറപ്പാണ്. ദക്ഷിണാഫ്രിക്കന്‍ ബാറ്റർ റാസ്സീ വാന്‍ ഡർ ഡസ്സന്‍, ന്യൂസിലന്‍ഡ് ഓൾറൗണ്ട‍ർ ഡാരില്‍ മിച്ചല്‍ എന്നിവരെ രാജസ്ഥാന്‍ ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ രണ്ട് മത്സരം കളിച്ച ഡസ്സനും മൂന്ന് മത്സരങ്ങളില്‍ മിച്ചലിനും കാര്യമായ ചലനമുണ്ടാക്കാനായിരുന്നില്ല. രണ്ട് പേർക്കും 100 താഴെ സ്ട്രൈക്ക് റേറ്റും 17ല്‍ താഴെ ശരാശരിയുമേ അവസാന സീസണിലുള്ളൂ. കഴിഞ്ഞ മെഗാ താരലേലത്തിന്‍റെ അവസാന നിമിഷങ്ങളിലാണ് ഇരുവരെയും രാജസ്ഥാന്‍ സ്വന്തമാക്കിയത്.  

സിഎസ്‍കെയില്‍ വന്‍ ട്വിസ്റ്റ്; ജഡേജ തുടരും, ഇതിഹാസ താരം ബ്രാവോ പുറത്തേക്ക്


 

Follow Us:
Download App:
  • android
  • ios