ഐപിഎല്‍ 2023ലെ ഫോം ഇന്ത്യന്‍ ടീമില്‍ സ്ഥാനം തുടരുന്നതില്‍ കെ എല്‍ രാഹുലിന് നിര്‍ണായകമാകും എന്നാണ് പുതിയ റിപ്പോര്‍ട്ട്

ദില്ലി: ബോര്‍ഡ‍ര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരെ അവശേഷിക്കുന്ന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ കെ എല്‍ രാഹുലിനെ നിലനിര്‍ത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നു. ടെസ്റ്റ് ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് രാഹുലിനെ നീക്കിയെങ്കിലും ടീമില്‍ നിലനിര്‍ത്തുകയായിരുന്നു. എങ്കിലും ടീം ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഫൈനലിന് യോഗ്യത നേടിയാല്‍ കലാശപ്പോരില്‍ രാഹുലിനെ ഉള്‍പ്പെടുത്തുമോ എന്ന് കണ്ടറിയണം. 

ഐപിഎല്‍ 2023ലെ ഫോം ഇന്ത്യന്‍ ടീമില്‍ സ്ഥാനം തുടരുന്നതില്‍ കെ എല്‍ രാഹുലിന് നിര്‍ണായകമാകും എന്നാണ് പുതിയ റിപ്പോര്‍ട്ട്. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഓസീസിനെതിരെ നടക്കുന്ന മൂന്ന് ഏകദിനങ്ങളുടെ പരമ്പരയും രാഹുലിന്‍റെ ഭാവി തീരുമാനിക്കുന്നതില്‍ നിര്‍ണായകമാകും. ശുഭ്‌മാന്‍ ഗില്‍ ഫോമിലാണെന്നതും ടീം സെലക്ഷന്‍ ബുദ്ധിമുട്ടിലാക്കുന്നു എന്നാണ് ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്പോര്‍ടിന്‍റെ റിപ്പോര്‍ട്ട്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയാല്‍ ഐപിഎല്ലിനിടെയാവും ഇന്ത്യന്‍ സ്‌ക്വാഡ് ബിസിസിഐ പ്രഖ്യാപിക്കുക. ജൂണ്‍ ഏഴിന് നടക്കുന്ന ഫൈനലിന് ഒരു മാസം മുമ്പെങ്കിലും താരങ്ങളുടെ പട്ടിക ബിസിസിഐ സമര്‍പ്പിക്കണം. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള സ്‌ക്വാഡില്‍ പേരുണ്ടെങ്കിലും ഇറാനി കപ്പിലെ ഒരു മത്സരത്തില്‍ രാഹുലിനെ കളിപ്പിക്കുന്ന കാര്യം സെലക‌്ടര്‍മാര്‍ പരിഗണിക്കുന്നുണ്ട്. ഇക്കാര്യം സെലക്‌ടര്‍മാരും ടീം മാനേജ്‌മെന്‍റും ചേര്‍ന്ന് തീരുമാനിക്കും. 

അവസാന 12 മാസങ്ങളില്‍ ഫോം കണ്ടെത്താനാവാതെ ഉഴലുകയാണ് കെ എല്‍ രാഹുല്‍. അവസാന 10 ഇന്നിംഗ്‌സുകളില്‍ താരത്തിന് ഇതുവരെ 30+ സ്കോര്‍ കണ്ടെത്താനായിട്ടില്ല. 8, 12, 10, 22, 23, 10, 2, 20, 17, 1 എന്നിങ്ങനെയായിരുന്നു സ്കോറുകള്‍. ഓസീസിനെതിരെ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ 20, 17, 1 എന്നിങ്ങനെയാണ് രാഹുലിന്‍റെ സ്കോര്‍. 13.57 മാത്രമാണ് താരത്തിന്‍റെ ബാറ്റിംഗ് ശരാശരി. ഓസീസിന് എതിരായ അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള സ്‌ക്വാഡില്‍ രാഹുലുണ്ടെങ്കിലും പകരം ശുഭ്‌മാന്‍ ഗില്ലിനെ കളിപ്പിക്കാനാണ് സാധ്യത. വാലറ്റക്കാരനായ മുഹമ്മദ് ഷമിക്ക് വരെ 21.80 ബാറ്റിംഗ് ശരാശരിയുള്ളപ്പോഴാണ് കെ എല്‍ രാഹുല്‍ ബാറ്റ് പിടിക്കാന്‍ പ്രയാസപ്പെടുന്നത്. 

ഫോമില്ലാത്ത കെ എല്‍ രാഹുലിന് എന്തേ ഇത്ര അവസരം; ഒടുവില്‍ വാതുറന്ന് രോഹിത് ശര്‍മ്മ