മുപ്പത്തിയാറ് വയസുകാരനായ രോഹിത് ശര്‍മ്മ ഐപിഎല്ലില്‍ ഏറ്റവും വിജയമുള്ള ക്യാപ്റ്റനാണ്

മുംബൈ: ഐപിഎല്‍ 2024 സീസണിന് മുമ്പ് മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ വലിയ സന്തോഷത്തിലാണ്. അവരുടെ സ്റ്റാര്‍ ഓള്‍റൗണ്ടറായിരുന്ന ഹാര്‍ദിക് പാണ്ഡ്യ രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ടീമിലേക്ക് മടങ്ങിവന്നിരിക്കുകയാണ്. മുംബൈ ഇന്ത്യന്‍സില്‍ മടങ്ങിയെത്തിയ ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കുമോ എന്നതാണ് ഉയരുന്ന പുതിയ ചോദ്യം. എന്താണ് സാധ്യതകള്‍ എന്ന് നോക്കാം. 

മുപ്പത്തിയാറ് വയസുകാരനായ രോഹിത് ശര്‍മ്മ ഐപിഎല്ലില്‍ ഏറ്റവും വിജയമുള്ള ക്യാപ്റ്റനാണ്. രോഹിത്തിന്‍റെ ക്യാപ്റ്റന്‍സിയില്‍ മുംബൈ ഇന്ത്യന്‍സ് അഞ്ച് കിരീടങ്ങള്‍ ഉയര്‍ത്തി. രോഹിത് 158 മത്സരങ്ങളില്‍ മുംബൈ ടീമിനെ നയിച്ചപ്പോള്‍ 87 എണ്ണത്തില്‍ ജയിച്ചു. എന്നാല്‍ ബാറ്റിംഗിലേക്ക് വന്നാല്‍ കഴിഞ്ഞ മൂന്ന് സീസണില്‍ 3 അര്‍ധസെഞ്ചുറികള്‍ മാത്രമാണ് രോഹിത് ശര്‍മ്മയ്‌ക്ക് നേടാനായത്. 2016ന് ശേഷം ഒരു സീസണിലും ബാറ്റിംഗ് ശരാശരി 30 തൊടാന്‍ ഹിറ്റ്‌മാന് സാധിച്ചിട്ടില്ല. ഈ കണക്കുകള്‍ ആശങ്കയാണെങ്കിലും ഐപിഎല്ലില്‍ രോഹിത്തിന്‍റെ ഭാവി അവസാനിച്ചിട്ടില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. അടുത്തിടെ അവസാനിച്ച ഏകദിന ലോകകപ്പില്‍ ട്വന്‍റി 20 ശൈലിയില്‍ ബാറ്റ്‌ വീശിയ ഹിറ്റ്‌മാന്‍ 597 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. എന്നാല്‍ ഐപിഎല്‍ 2024 സീസണിന് അപ്പുറത്തേക്ക് രോഹിത് ലീഗില്‍ കളി തുടരുമോ എന്ന് വ്യക്തമല്ല. കാരണം, അടുത്ത വര്‍ഷത്തെ ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പിനുള്ള ടീം ഇന്ത്യയുടെ പദ്ധതികളില്‍ ഹിറ്റ്‌മാനുണ്ടാകാനുള്ള സാധ്യതകള്‍ വളരെ കുറവാണ്. ഇതോടെ ടി20 ഫോര്‍മാറ്റില്‍ ഐപിഎല്ലില്‍ മാത്രമായി കളിക്കുക രോഹിത്തിന് അത്ര പ്രായോഗികമായേക്കില്ല. 

രോഹിത് ശര്‍മ്മ മാറിയാല്‍ ഹാര്‍ദിക് പാണ്ഡ്യയാവും മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ എന്നുറപ്പ്. ഹാര്‍ദിക് പാണ്ഡ്യ കഴിഞ്ഞ രണ്ട് സീസണുകളില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ഓരോ കിരീടത്തിലേക്കും റണ്ണറപ്പിലേക്കും നയിച്ചു. ഇതിനാല്‍ തന്നെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍സിയില്‍ രോഹിത് ശര്‍മ്മയുടെ പിന്‍ഗാമിയാണ് ഹാര്‍ദിക് എന്ന് ഏവരും ഉറപ്പിക്കുന്നു. ക്യാപ്റ്റനാക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് തിരികെ പാളയത്തില്‍ എത്തിച്ചിരിക്കുന്നതും. 2024 ഐപിഎല്‍ സീസണിന്‍റെ അവസാനത്തോടെ മുംബൈയില്‍ ഹാര്‍ദിക്കിന്‍റെ റോള്‍ എന്താണ് എന്ന് വ്യക്തമാകും. നിലവില്‍ ടീം ഇന്ത്യയുടെ ടി20 ക്യാപ്റ്റനാണ് എന്നതും മുംബൈ ഇന്ത്യന്‍സിന്‍റെ നായകസ്ഥാനത്തേക്ക് ഹാര്‍ദിക്കിന് അനുകൂലമായ ഘടകമാണ്. ക്യാപ്റ്റന്‍സി ഏല്‍പിക്കാന്‍ പോന്ന മറ്റ് താരങ്ങളുടെ അഭാവവും മുംബൈയില്‍ ഹാര്‍ദിക് പാണ്ഡ്യയെ തുണച്ചേക്കും. 

Read more: ട്രോഫിക്ക് മുകളില്‍ കാല്‍ കയറ്റിവച്ചുള്ള ഇരുത്തം; മിച്ചല്‍ മാര്‍ഷിനെതിരെ യുപിയില്‍ എഫ്ഐആര്‍?