പതിരാന പേസ് കൊടുങ്കാറ്റ്, ഹിറ്റ്‌മാന്‍റെ സെഞ്ചുറി പാഴായി; മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തി സിഎസ്‌കെ
മറുപടി ബാറ്റിംഗില്‍ രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷനും ചേര്‍ന്ന് സ്വപ്‌നതുല്യമായ തുടക്കമാണ് മുംബൈ ഇന്ത്യന്‍സിന് നല്‍കിയത്
മുംബൈ: പേസര്‍ മതീഷ പതിരാന നാല് വിക്കറ്റുമായി കൊടുങ്കാറ്റായപ്പോള്‍ ഐപിഎല്‍ 2024 സീസണിലെ എല്‍ ക്ലാസിക്കോയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 20 റണ്‍സിന്‍റെ ആവേശം ജയം. സിഎസ്‌കെ മുന്നോട്ടുവെച്ച 207 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സിന് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ സെഞ്ചുറി (63 ബോളില്‍ 105*) പാഴായി. സ്കോര്‍: ചെന്നൈ സൂപ്പര്‍ കിംഗ്സ്-206/4 (20), മുംബൈ ഇന്ത്യന്‍സ്-186/6 (20). 11-ാം ഓവറില്‍ നൂറ് കടന്നിട്ടും ചെന്നൈ ബൗളര്‍മാരുടെ തിരിച്ചുവരവില്‍ മുംബൈ ആരാധകരുടെ ഹൃദയം തകരുകയായിരുന്നു. മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് ബാറ്റിംഗില്‍ തിളക്കാനായില്ല.
എല്ലാം പതിരാന
മറുപടി ബാറ്റിംഗില്‍ രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷനും ചേര്‍ന്ന് സ്വപ്‌നതുല്യമായ തുടക്കമാണ് മുംബൈ ഇന്ത്യന്‍സിന് നല്‍കിയത്. പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 63 റണ്‍സ് ചേര്‍ത്തു. പവര്‍പ്ലേ കഴിഞ്ഞുള്ള രണ്ടാം ഓവറില്‍ പേസര്‍ മതീഷ പതിരാനയെ പന്തേല്‍പിച്ച സിഎസ്‌കെ നായകന്‍ റുതുരാജ് ഗെയ്‌ക്‌വാദിന്‍റെ തന്ത്രം വിജയിച്ചു. ആദ്യ പന്തില്‍ ഫ്ലിക്കിന് ശ്രമിച്ച ഇഷാന്‍ കിഷന്‍ മിഡ് വിക്കറ്റില്‍ ഷര്‍ദുല്‍ താക്കൂറിന്‍റെ ക്യാച്ചില്‍ വീണു. 15 പന്തില്‍ 23 റണ്‍സാണ് ഇഷാന്‍ നേടിയത്. ഇംപാക്ട് പ്ലെയറായി ക്രീസിലെത്തിയ കഴിഞ്ഞ കളിയിലെ ഹീറോ സൂര്യകുമാര്‍ യാദവിനെ ഒരു പന്തിന്‍റെ ഇടവേളയിലും പതിരാന പറഞ്ഞയച്ചു. അപ്പര്‍കട്ട് കളിച്ച് തേഡ്‌മാനില്‍ മുസ്‌താഫിസൂറിന്‍റെ തകര്‍പ്പന്‍ ക്യാച്ചില്‍ സ്കൈ മടങ്ങുമ്പോള്‍ അക്കൗണ്ട് തുറന്നിരുന്നില്ല.
മൂന്നാം വിക്കറ്റില്‍ തിലക് വര്‍മ്മയ്ക്കൊപ്പം തകര്‍ത്തടിച്ച് രോഹിത് ശര്‍മ്മ 11-ാം ഓവറില്‍ മുംബൈയെ 100 കടത്തി. ടീം സ്കോര്‍ 130ല്‍ നില്‍ക്കേ തിലകിനെ (20 പന്തില്‍ 31) ഷര്‍ദുലിന്‍റെ കൈകളില്‍ സമ്മാനിച്ച് പതിരാന വീണ്ടും വഴിത്തിരിവുണ്ടാക്കി. പതിരാനയ്ക്ക് പിന്നാലെ ഷര്‍ദുലും തകര്‍ത്ത് എറിഞ്ഞതോടെ മുംബൈ ഇന്ത്യന്‍സ് 15 ഓവറില്‍ 132-3. 16-ാം ഓവറില്‍ തുഷാര്‍ ദേശ്‌പാണ്ഡെ ഹാര്‍ദിക് പാണ്ഡ്യക്ക് പണി കൊടുത്തു. പാണ്ഡ്യ 6 ബോളില്‍ 2 റണ്‍സ് മാത്രമായി കൂടാരം കയറി. രണ്ട് സിക്‌സടിച്ച് ആവേശം കൂട്ടിയ ബിഗ് മാന്‍ ടിം ഡേവിഡിനെ (5 പന്തില്‍ 13) 17-ാം ഓവറില്‍ മുസ്‌താഫിസൂര്‍ യാത്രയാക്കി. 18-ാം ഓവറില്‍ റൊമാരിയോ ഷെപ്പേഡിനെ (2 പന്തില്‍ 1) ബൗള്‍ഡാക്കി പതിരാന നാല് വിക്കറ്റ് തികച്ചു.
അവസാന രണ്ട് ഓവറില്‍ 47 റണ്‍സാണ് മുംബൈ ഇന്ത്യന്‍സിന് ജയിക്കാനായി വേണ്ടിയിരുന്നത്. ഇതിലേക്ക് എത്താന്‍ മുംബൈക്ക് കഴിയാതെ വന്നപ്പോള്‍ രോഹിത് 61 പന്തില്‍ തികച്ച സെഞ്ചുറി മാത്രമായി ഹോംഗ്രൗണ്ടിലെ കാണികള്‍ക്ക് ആശ്വാസം. രോഹിത് ശര്‍മ്മ 63 പന്തില്‍ 105* ഉം, മുഹമ്മദ് നബി ഏഴ് പന്തില്‍ 4 ഉം* റണ്‍സുമായി പുറത്താവാതെ നിന്നു.
ധോണി ഫിനിഷിംഗ്
നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റിന് 206 റണ്‍സ് എന്ന പടുകൂറ്റന്‍ സ്കോര്‍ എഴുതിച്ചേര്‍ക്കുകയായിരുന്നു. അവസാന ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യയെ ഹാട്രിക് സിക്‌സറിന് പറത്തി 'തല' ഫിനിഷിംഗാണ് സിഎസ്‌കെയെ 200 കടത്തിയത്. ധോണിയുടെ ഈ കാമിയോയാണ് സിഎസ്‌കെയുടെ ജയത്തില്‍ നിര്‍ണായകമായ ഒരു ഘടകം. എം എസ് ധോണി 4 പന്തില്‍ 20* ഉം, ശിവം ദുബെ 38 പന്തില്‍ 66* ഉം റണ്‍സുമായി പുറത്താവാതെ നിന്നപ്പോള്‍ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്‌ക്‌വാദിന്‍റെ ഇന്നിംഗ്‌സും (40 പന്തില്‍ 69) ചെന്നൈക്ക് നിര്‍ണായകമായി. അജിങ്ക്യ രഹാനെ (8 പന്തില്‍ 5), രചിന്‍ രവീന്ദ്ര (16 പന്തില്‍ 21), ഡാരില്‍ മിച്ചല്‍ (14 പന്തില്‍ 17) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്കോര്‍. മുംബൈക്കായി ഹാര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റ് നേടിയെങ്കിലും 43 റണ്‍സ് വഴങ്ങി ബൗളിംഗിലും നിരാശനായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം