Asianet News MalayalamAsianet News Malayalam

റിഷഭ് പന്ത് പയറ്റി നോക്കി, പക്ഷേ തൊടമാട്ടെ; സഞ്ജു സാംസണ്‍ ഇന്നടിച്ചാല്‍ താങ്കമാട്ടെ

റിഷഭ് പന്തിന് റണ്‍വേട്ടക്കാരുടെ പട്ടികയില്‍ സഞ്ജു സാംസണിന്‍റെ അടുത്തെത്താനായില്ല

IPL 2024 Orange Cap standing after LSG vs DC Sanju Samson again above of Rishabh Pant
Author
First Published Apr 13, 2024, 9:00 AM IST

ചണ്ഡീഗഡ്: ഐപിഎല്‍ 2024ല്‍ വീണ്ടുമൊരിക്കല്‍ കൂടി ഇംപാക്ടുണ്ടാക്കുന്ന ബാറ്റിംഗ് കാഴ്‌ചവെച്ചിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്ത്. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് എതിരായ മത്സരത്തില്‍ നാലാമനായി ക്രീസിലെത്തിയ റിഷഭ് 24 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സറും പറത്തി 41 റണ്‍സെടുത്തു. സീസണിലെ മൂന്നാം ഫിഫ്റ്റിയിലേക്ക് എത്താന്‍ കഴിയാതെ വന്ന റിഷഭ് പന്തിന് റണ്‍വേട്ടക്കാരുടെ പട്ടികയില്‍ സഞ്ജു സാംസണിന്‍റെ അടുത്തെത്താനും സാധിച്ചില്ല. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ സഞ്ജു തന്നെയാണ് ഇപ്പോഴും റണ്‍കൊയ്‌ത്തില്‍ മുന്നില്‍. 

ഈ സീസണില്‍ ആറ് കളികളില്‍ 79.75 ശരാശരിയിലും 141.78 പ്രഹരശേഷിയിലും 319 റണ്‍സുമായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഓപ്പണര്‍ വിരാട് കോലിയാണ് റണ്‍വേട്ടയില്‍ തലപ്പത്ത്. അഞ്ച് മത്സരങ്ങളില്‍ 87.00 ശരാശരിയിലും 158.18 സ്ട്രൈക്ക് റേറ്റിലും 261 റണ്‍സുമായി രാജസ്ഥാന്‍ റോയല്‍സിന്‍റെ റിയാന്‍ പരാഗാണ് രണ്ടാമത്. ആറ് കളിയില്‍ 51.00 ശരാശരിയിലും 151.79 പ്രഹരശേഷിയിലും 255 റണ്‍സുള്ള ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്‌മാന്‍ ഗില്ലാണ് മൂന്നാംസ്ഥാനത്ത്. അഞ്ച് മത്സരങ്ങളില്‍ 82.00 ശരാശരിയും 157.69 പ്രഹരശേഷിയും സഹിതം 246 റണ്‍സുള്ള സഞ്ജു സാംസണ്‍ നാലാമത് നില്‍ക്കുന്നു. 226 റണ്‍സുമായി അഞ്ചാമതുള്ള ടൈറ്റന്‍സ് താരം സായ് സുദര്‍ശനും പിന്നില്‍ ആറാംസ്ഥാനത്താണ് റിഷഭ് നില്‍ക്കുന്നത്. ആറ് മത്സരങ്ങളില്‍ 32.33 ശരാശരിയിലും 157.72 സ്ട്രൈക്ക് റേറ്റിലും 194 റണ്‍സാണ് റിഷഭ് പന്തിന്‍റെ സമ്പാദ്യം. 

ഇന്ന് പഞ്ചാബ് കിംഗ്‌സിനെതിരെ എവേ ഗ്രൗണ്ടില്‍ 10 റണ്‍സ് നേടിയാല്‍ തന്നെ സഞ്ജു സാംസണ് അനായാസം ശുഭ്‌മാന്‍ ഗില്ലിനെ മറികടന്ന് മൂന്നാംസ്ഥാനത്തേക്ക് ഉയരാം. സീസണിലെ അഞ്ചാം ജയം തേടിയാണ് രാജസ്ഥാന്‍ റോയല്‍സ് ഇന്നിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് മൂന്ന് വിക്കറ്റിന് സീസണിലെ ആദ്യ തോല്‍വി രാജസ്ഥാന്‍ റോയല്‍സ് വഴങ്ങിയെങ്കിലും സഞ്ജു സാംസണ്‍ 38 പന്തില്‍ പുറത്താവാതെ 68* റണ്‍സുമായി തിളങ്ങിയിരുന്നു. സഞ്ജു പഞ്ചാബിനെതിരെയും മികവ് തുടരും എന്നാണ് ആരാധകരുടെ പ്രതീക്ഷ. ട്വന്‍റി 20 ലോകകപ്പ് ടീമിലെത്താനുള്ള മത്സരത്തില്‍ സഞ്ജുവിന് വെല്ലുവിളി റിഷഭാണ്. ചണ്ഡീഗഡില്‍ ഇന്ന് വൈകിട്ട് ഏഴരയ്ക്ക് പഞ്ചാബ്-രാജസ്ഥാന്‍ മത്സരം ആരംഭിക്കും.   

Read more: 'എടാ മോനേ', വിമര്‍ശകരുടെ വായടപ്പിക്കാന്‍ സഞ്ജു സാംസണ്‍; രാജസ്ഥാന്‍ റോയല്‍സിന് ഇന്ന് അങ്കം, സര്‍പ്രൈസ് വരുമോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios