രാജസ്ഥാന്‍ റോയല്‍സിനെതിരെ ഓപ്പണറായി ഇറങ്ങിയ വിരാട് കോലി 72 പന്തില്‍ പുറത്താവാതെ 113* റണ്‍സാണ് നേടിയത്
ജയ്പൂർ: 'കിംഗ്' എന്ന് വിളിക്കുന്നത് വെറുതെയല്ല എന്ന് ഒരിക്കല്‍ക്കൂടി വിമർശകരെ ഓർമ്മിപ്പിക്കുന്ന ഇന്നിംഗ്സ്. ഐപിഎല്‍ 2024ല്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ആർസിബിക്കായി വിരാട് കോലി നേടിയ സെഞ്ചുറിയെ ഇങ്ങനെ വിശേഷിപ്പിക്കാം. ഐപിഎല്‍ കരിയറിലെ എട്ടാം സെഞ്ചുറിയാണ് കോലി കുറിച്ചത്. ഏറ്റവും കൂടുതല്‍ ഐപിഎല്‍ സെഞ്ചുറികളുടെ എണ്ണത്തില്‍ ക്രിസ് ഗെയ്‍ലിനെ ഒരുപടി കൂടി പിന്നിലാക്കാന്‍ രാജസ്ഥാനെതിരെ ശതകത്തോടെ കോലിക്കായി. എട്ടാം ഐപിഎല്‍ സെഞ്ചുറിക്ക് പിന്നാലെ കോലിയെ വാഴ്ത്തിപ്പാടുകയാണ് ആരാധകർ. 'കിംഗ് കോലി' എന്ന ഹാഷ്ടാഗ് സാമൂഹ്യമാധ്യമമായ എക്സില്‍ ട്രെന്‍ഡിംഗായിരിക്കുകയാണ്.
രാജസ്ഥാന്‍ റോയല്‍സിനെതിരെ ഓപ്പണറായി ഇറങ്ങിയ വിരാട് കോലി 72 പന്തില്‍ പുറത്താവാതെ 113 റണ്‍സാണ് നേടിയത്. 12 ഫോറും നാല് സിക്സും കോലി പറത്തി. ഇതോടെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 183 റണ്‍സെടുത്തു. ആദ്യ വിക്കറ്റില്‍ വിരാട് കോലി- ഫാഫ് ഡുപ്ലസിസ് സഖ്യം 13.6 ഓവറില്‍ 125 റണ്‍സ് പടുത്തുയർത്തി. 33 ബോളില്‍ 44 റണ്‍സ് നേടി ഫാഫ് പുറത്താവുകയായിരുന്നു. എന്നാല്‍ ശക്തമായി തിരിച്ചെത്തിയ റോയല്‍സ് ബൗളർമാർ അവസാന ആറോവറില്‍ 58 റണ്‍സെ വിട്ടുകൊടുത്തുള്ളൂ. ആദ്യ രണ്ടോവറില്‍ 26 റണ്‍സ് വഴങ്ങിയ പേസർ നാന്ദ്രേ ബർഗർ പിന്നീടുള്ള രണ്ടോവറില്‍ 8 മാത്രമേ വിട്ടുകൊടുത്തുള്ളൂ എന്നത് ശ്രദ്ധേയമായി.
ആർസിബി നിരയില്‍ ഗ്ലെന്‍ മാക്സ്‍വെല്‍ 3 പന്തില്‍ 1നും അരങ്ങേറ്റക്കാരന്‍ സൗരവ് ചൗഹാന്‍ 6 പന്തില്‍ 9നും മടങ്ങി. കോലിക്കൊപ്പം 6 പന്തില്‍ 5* റണ്‍സുമായി കാമറൂണ്‍ ഗ്രീന്‍ പുറത്താവാതെ നിന്നു. രാജസ്ഥാന്‍ റോയല്‍സിനായി യൂസ്‍വേന്ദ്ര ചഹല്‍ രണ്ടും നാന്ദ്രേ ബർഗർ ഒന്നും വിക്കറ്റ് നേടി.
