ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ സഞ്ജുവിന്‍റെ ഈ തന്ത്രം വിജയിക്കുകയും ചെയ്തു
ജയ്പൂർ: ഐപിഎല്ലില്‍ ഇംപാക്ട് പ്ലെയർ നിയമം ഏറ്റവും മികച്ചതായി ഉപയോഗിക്കുന്ന ടീമുകളിലൊന്ന് സഞ്ജു സാംസണ്‍ നായകനായ രാജസ്ഥാന്‍ റോയല്‍സ്. പ്ലേയിംഗ് ഇലവനില്‍ മൂന്ന് വിദേശ താരങ്ങളെ മാത്രം ഇറക്കി പകരം ഇംപാക്ട് പ്ലെയറായി വിദേശികളെ കരുതിവെക്കുന്ന തന്ത്രം സഞ്ജു സാംസണ്‍ പയറ്റി വിജയിച്ചിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ സഞ്ജുവിന്‍റെ ഈ തന്ത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഒരു ഐപിഎല്‍ ടീമിന് പ്ലേയിംഗ് ഇലവനില്‍ നാല് വിദേശ താരങ്ങളെയാണ് കളിപ്പിക്കാന്‍ കഴിയുക. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ കളിയില്‍ മൂന്ന് വിദേശികളെ മാത്രമേ ഇലവനില്‍ ഇറക്കിയുള്ളൂ. ലഖ്നൗ സൂപ്പർ ജയന്‍റ്സിനെതിരായ ആദ്യ മത്സരത്തിലും ഇതേ തന്ത്രമാണ് റോയല്‍സ് പരീക്ഷിച്ചത്. ഇംപാക്ട് പ്ലെയർ നിയമം അനുസരിച്ച് മത്സര സാഹചര്യം പരിഗണിച്ച് ഇറക്കാന്‍ രണ്ട് വിദേശ താരങ്ങളെ കരുതിവെച്ചിരിക്കുകയായിരുന്നു രാജസ്ഥാന്‍ റോയല്‍സിന്‍റെ മലയാളി നായകന്‍ സഞ്ജു സാംസണ്‍.
Read more: ഹാർദിക് പാണ്ഡ്യയെ കൂവിയാൽ പണിപാളും, വിട്ടുവീഴ്ചയില്ല; അവസാന മുന്നറിയിപ്പ്
ക്യാപിറ്റല്‍സിന് എതിരായ മത്സരത്തില്‍ ജോസ് ബട്‍ലർ, ഷിമ്രോന്‍ ഹെറ്റ്മെയർ, ട്രെന്‍ഡ് ബോള്‍ട്ട് എന്നിവരായിരുന്നു രാജസ്ഥാന്‍ നിരയിലുണ്ടായിരുന്ന വിദേശികള്‍. അഞ്ച് ഇംപാക്ട് പ്ലെയർ സബ്സ്റ്റിറ്റ്യൂട്ടുകളുടെ പട്ടികയില്‍ റോവ്മാന്‍ പവല്‍, നന്ദ്രേ ബര്‍ഗര്‍ എന്നിവരുണ്ടായിരുന്നു. ബാറ്റിംഗ് നിരയ്ക്ക് പിഴച്ചാല്‍ പവലിനെ ഇറക്കി വെടിക്കെട്ട് ഒരുക്കാം, ബാറ്റിംഗ് നല്ല രീതിയില്‍ പോവുകയും ആറാം ബൗളറായി ഒരു താരത്തെ ആവശ്യവുമായി വന്നാല്‍ ബർഗറെ കളിപ്പിക്കാം- ഇതാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ മനസിലുള്ളത്. ഡല്‍ഹിക്ക് എതിരെ 36-3 എന്ന നിലയിലായപ്പോള്‍ പവലിനെ ഇറക്കാന്‍ രാജസ്ഥാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ റിയാന്‍ പരാഗ് തകർത്തടിച്ചതോടെ പവലിനെ ആശ്രയിക്കേണ്ടിവന്നില്ല.
ഇതോടെ ഒരു ബൗളറെ ഇംപാക്ട് പ്ലെയറായി ഇറക്കാന്‍ രാജസ്ഥാന്‍ റോയല്‍സ് തീരുമാനിക്കുകയായിരുന്നു. മൂന്ന് ഓവർ പന്തെറിഞ്ഞ ബർഗർ 29 റണ്ണിന് രണ്ട് വിക്കറ്റ് നേടി തിളങ്ങുകയും ചെയ്തു. ഇംപാക്ട് പ്ലെയർമാരെ ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിക്കുന്ന ക്യാപ്റ്റനാണ് സഞ്ജു സാംസണ്‍ എന്നാണ് ആരാധകരുടെ പ്രശംസ. ഒരു വോട്ടെടുപ്പില്‍ 55 ശതമാനത്തിലധികം പേരാണ് രാജസ്ഥാന് വോട്ട് ചെയ്തത്.
Read more: ശശാങ്ക് സിംഗിന്‍റെ പ്രതികാരം; അന്ന് തള്ളിപ്പറഞ്ഞ അതേ പ്രീതി സിന്‍റ തുള്ളിച്ചാടുന്ന വീഡിയോ വൈറല്‍
