ആര്‍സിബി പേസാക്രമണത്തില്‍ വിറച്ച് 20 ഓവറിനിടെ ഡല്‍ഹി ക്യാപിറ്റല്‍സ് എട്ട് വിക്കറ്റിന് 162 റണ്‍സ് മാത്രമാണ് നേടിയത്
ദില്ലി: ഐപിഎല്‍ പതിനെട്ടാം സീസണിലെ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ 162 റണ്‍സ് പിന്തുടരുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് തകര്‍ച്ചയോടെ തുടക്കം. ദില്ലിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ആര്‍സിബി പവര്‍പ്ലേയില്‍ 35-3 എന്ന സ്കോര്‍ മാത്രമേ നേടിയുള്ളൂ. ഓപ്പണര്‍ ജേക്കബ് ബേത്തലിനെയും (6 പന്തില്‍ 12), പിന്നാലെ വണ്‍ഡൗണ്‍ ബാറ്റര്‍ ദേവ്‌ദത്ത് പടിക്കലിനെയും (2 പന്തില്‍ 0), ക്യാപ്റ്റന്‍ രജത് പാടിദാറിനെയും (6 പന്തില്‍ 6) വീഴ്ത്താന്‍ ഡല്‍ഹിക്കായി. ബേത്തലിനെയും പടിക്കലിനെയും ഡല്‍ഹി ക്യാപിറ്റന്‍ അക്സര്‍ പട്ടേല്‍ പുറത്താക്കിയപ്പോള്‍ പാടിദാര്‍, കരുണ്‍ നായരുടെ ത്രോയില്‍ റണ്ണൗട്ടാവുകയായിരുന്നു.
അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡല്‍ഹി ക്യാപിറ്റല്‍സ് നിശ്ചിത 20 ഓവറില്‍ 162-8 എന്ന സ്കോറിലൊതുങ്ങി. ഡല്‍ഹിക്കായി മധ്യനിര താരം കെ എല്‍ രാഹുല്‍ 39 പന്തില്‍ 41 റണ്‍സെടുത്തു. ട്രിസ്റ്റണ്‍ സ്റ്റബ്‌സാണ് (18 പന്തില്‍ 34) മികച്ച പ്രകടനം പുറത്തെടുത്ത മറ്റൊരു താരം. അഭിഷേക് പോരെല്‍ തകര്‍പ്പന്‍ തുടക്കം നേടിയെങ്കിലും 11 പന്തില്‍ 28 എടുത്ത് മടങ്ങി. ഫാഫ് ഡുപ്ലസിസ് 22 റണ്‍സില്‍ ഒതുങ്ങിയപ്പോള്‍ 15 റണ്‍സാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ അക്സര്‍ പട്ടേലിന്‍റെ സമ്പാദ്യം.
ആര്‍സിബി പേസാക്രമണത്തിന് മുന്നില്‍ വിറച്ച് 20 ഓവറിനിടെ എട്ട് വിക്കറ്റുകള്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് നഷ്ടമായി. പേസര്‍മാരായ ഭുവനേശ്വര്‍ കുമാര്‍ മൂന്നും ജോഷ് ഹേസല്‍വുഡ് രണ്ടും വിക്കറ്റുകളുമായി ഡല്‍ഹി ക്യാപിറ്റല്‍സിനെ വിറപ്പിക്കുകയായിരുന്നു. തുടക്കത്തില്‍ അടി വാങ്ങിയ ശേഷം ശക്തമായി തിരിച്ചെത്തുകയായിരുന്നു ഭുവി. യാഷ് ദയാല്‍, ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റും ബെംഗളൂരുവിനായി നേടി. ഡല്‍ഹി ക്യാപിറ്റല്‍സ്- റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തില്‍ ഇന്ന് ജയിക്കുന്നവര്‍ക്ക് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറാം.
