18 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെ വിരാട് കോലി ഇന്ന് കപ്പുയര്‍ത്തുമോ? ഐപിഎല്‍ പ്രേമികളൊന്നാകെ ആകാംക്ഷയില്‍ 

അഹമ്മദാബാദ്: കപ്പിനും ചുണ്ടിനുമിടയിലെ ക്രിക്കറ്റ് യുദ്ധത്തിന് ഇന്ന് തിരശ്ശീല വീഴും. രണ്ടര മാസവും 74 പോരാട്ടങ്ങളും നീണ്ട ഐപിഎല്‍ പതിനെട്ടാം എഡിഷനിന്ന് കലാശപ്പോര്. ടീമിന്‍റെ കന്നിക്കിരീടത്തിനായി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു- പഞ്ചാബ് കിംഗ്സ് ടീമുകള്‍ അഹമ്മദാബാദിലാണ് മുഖാമുഖം വരുന്നത്. നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്ക് ഐപിഎല്‍ കലാശപ്പോര് തുടങ്ങുമ്പോള്‍ എല്ലാ കണ്ണുകളും ഒരു താരത്തിലേക്കാണ്, വിരാട് കോലി. ഇക്കുറിയെങ്കിലും ഐപിഎല്ലിന്‍റെ സ്വര്‍ണക്കപ്പ് ഉയര്‍ത്തുമോ കിംഗ്? 

തങ്ങളോടുതന്നെ കണക്കുകള്‍ ഏറെ തീര്‍ക്കാനുണ്ട് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനും പഞ്ചാബ് കിംഗ്സിനും. കയ്യലകലത്ത് മുമ്പ് കപ്പ് കൈവിട്ട ടീമുകളാണ് ഇരുവരും. 2014ലിലായിരുന്നു പഞ്ചാബിന്‍റെ മുന്‍ ഫൈനല്‍ പ്രവേശനം. എന്നാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ചരിത്രത്തില്‍ മുമ്പ് മൂന്നുവട്ടം ഫൈനല്‍ കളിച്ചിട്ടുള്ളവരാണ് ആര്‍സിബി. 2009ലെ രണ്ടാം ഐപിഎല്‍ എഡ‍ിഷനില്‍ തന്നെ ബാംഗ്ലൂര്‍ ടീം ഫൈനലിലെത്തി. എന്നാല്‍ അന്ന് ജൊഹന്നസ്‌ബര്‍ഗിലെ കിരീടപ്പോരാട്ടത്തില്‍ ആറ് റണ്‍സ് തോല്‍വിയുമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നിരാശരായി നാട്ടിലേക്ക് മടങ്ങി. അന്ന് ഫൈനലിലിറങ്ങിയ വിരാട് കോലി ഇന്നും ആര്‍സിബിക്ക് ഒപ്പമുണ്ട്. 

2011ലും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഐപിഎല്‍ ഫൈനല്‍ കളിച്ചു. എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സായിരുന്നു എതിരാളികള്‍. അന്ന് ചെന്നൈയുടെ 205 റണ്‍സിന് മുന്നില്‍ അടിപതറിയ ബാംഗ്ലൂര്‍ 58 റണ്‍സിന്‍റെ തോല്‍വി ഏറ്റുവാങ്ങി. 32 പന്തില്‍ 35 റണ്‍സെടുത്ത കോലി അന്നും തലതാഴ്ത്തി ഡഗൗട്ടിലേക്ക് തിരികെ നടന്നു. 

2016ലായിരുന്നു ആര്‍സിബിയുടെ മൂന്നാം ഫൈനല്‍. എതിരാളികളായി വന്നത് വാര്‍ണര്‍ കരുത്തില്‍ കുതിച്ചിരുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദ്. വിരാട് കോലി 973 റണ്‍സടിച്ചിട്ടും എബിഡി 687 റണ്‍സ് പേരിലാക്കിയിട്ടും ആ സീസണില്‍ ബാംഗ്ലൂരിന് കിരീടം കൈയകലത്തില്‍ അകന്നു. ഫൈനലിലെ കോലിയുടെ ഫിഫ്റ്റിയും ടീമിനെ രക്ഷിച്ചില്ല, എട്ട് റണ്‍സിനായിരുന്നു സണ്‍റൈസേഴ്സിന്‍റെ വിജയം. 

ഐപിഎല്ലിന്‍റെ 2008ലെ പ്രഥമ സീസണ്‍ മുതല്‍ ഒറ്റ ടീമിനായി കളിച്ചുവരുന്ന താരമാണ് വിരാട് കോലി. ആര്‍സിബി കുപ്പായത്തിലല്ലാതെ കോലിയെ ഐപിഎല്‍ ആരാധകര്‍ കണ്ടിട്ടില്ല. ധോണി എന്നാല്‍ ചെന്നൈ പോലെ, കോലി എന്നാല്‍ ആരാധകര്‍ക്ക് ബാംഗ്ലൂരാണ്. 2011 മുതല്‍ 2023 വരെ കോലി ആര്‍സിബി ടീമിനെ നയിക്കുകയും ചെയ്തു. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി 266 ഐപിഎല്‍ മത്സരങ്ങളില്‍ കളത്തിലിറങ്ങിയിട്ടുണ്ട് വിരാട്. ആകെ 258 ഇന്നിംഗ്‌സുകളില്‍ ബാറ്റേന്തിയ റണ്‍മെഷീന്‍ 39.53 ശരാശരിയിലും 132.92 സ്ട്രൈക്ക് റേറ്റിലും 8618 റണ്‍സ് നേടി. ഐപിഎല്‍ റണ്‍വേട്ടയില്‍ കോലി തന്നെ ഗോട്ട്. എട്ട് സെഞ്ചുറികള്‍ നേടിയ കോലിതന്നെ ഐപിഎല്‍ ചരിത്രത്തില്‍ കൂടുതല്‍ മൂന്നക്കമുള്ള താരവും. 63 അര്‍ധസെഞ്ചുറികളുമായി ഫിഫ്റ്റികളിലും കോലി തന്നെ തലപ്പത്ത്. 

ഒരു ഐപിഎല്‍ കിരീടം അര്‍ഹിക്കുന്നുണ്ട് വിരാട് കോലി. അത് എതിരാളികളും സമ്മതിക്കും. സമ്മോഹനമായ 18 ഐപിഎല്‍ സീസണുകള്‍ ആര്‍സിബിയുടെ കുപ്പായത്തില്‍ അവകാശപ്പെടാന്‍ കഴിയുന്ന കോലിക്ക് കിരീടമുയര്‍ത്താന്‍ ഏറ്റവും അനുയോജ്യമായ കാലവും ഇതുതന്നെ. കോലിയാണേല്‍ 8 ഫിഫ്റ്റികള്‍ സഹിതം 614 റണ്‍സുമായി ഫോമിലും. ഇത്തവണത്തെ ക്വാളിഫയര്‍ വണ്ണില്‍ പഞ്ചാബ് കിംഗ്സിനെ നിലംപരിശാക്കിയ ആര്‍സിബി നല്‍കുന്നത് സൂചനയോ... ഈ ഐപിഎല്‍ കിരീടം കിംഗിനുള്ളതോ... ആ കിരീടക്കാത്തിരിപ്പ് അവസാനിക്കുകയാണോ? 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം