കഴിഞ്ഞ മത്സരത്തില്‍ പൂജ്യത്തിന് മടങ്ങിയ വൈഭവ് ഇത്തവണ ബൗണ്ടറിയോടെയാണ് തുടങ്ങിയത്. എന്നാല്‍ വൈഭവിന് അമിതാവേശം വിനയായി.

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 207 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന രാജസ്ഥാന്‍ റോയല്‍സിന് നല്ല തുടക്കം. ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ ഓപ്പണര്‍ വൈഭവ് സൂര്യവന്‍ശി മടങ്ങിയെങ്കിലും പവര്‍ പ്ലേ പിന്നിടുമ്പോള്‍ രാജസ്ഥാന്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 59 റണ്‍സെന്ന ഭേദപ്പെട്ട നിലയിലാണ്. 11 പന്തില്‍ 22 റണ്‍സോടെ റിയാന്‍ പരാഗും 18 പന്തില്‍ 32 റണ്‍സോടെ യശസ്വി ജയ്സ്വാളും ക്രീസില്‍. നാലു റണ്‍സെടുത്ത വൈഭവ് സൂര്യവന്‍ശിയുടെയും റണ്‍സൊന്നുമെടുക്കാത്ത കുനാല്‍ സിംഗ് റാത്തോഡിന്‍റെയും വിക്കറ്റുകളാണ് രാജസ്ഥാന് നഷ്ടമായത്. വൈഭവ് അറോറക്കും മൊയീൻ അലിക്കുമാണ് വിക്കറ്റുകള്‍.

പവറില്ലാതെ വൈഭവ്

കഴിഞ്ഞ മത്സരത്തില്‍ പൂജ്യത്തിന് മടങ്ങിയ വൈഭവ് ഇത്തവണ ബൗണ്ടറിയോടെയാണ് തുടങ്ങിയത്. എന്നാല്‍ വൈഭവിന് അമിതാവേശം വിനയായി. അടുത്ത പന്തില്‍ വൈഭവ് അറോറയെ സിക്സിന് പറത്താനുള്ള വൈഭവിന്‍റെ ശ്രമം അജിങ്ക്യാ രഹാനെയുടെ തകര്‍പ്പന്‍ ക്യാച്ചില്‍ അവസാനിച്ചു. രണ്ട് പന്തില്‍ നാലു റണ്‍സായിരുന്നു വൈഭവിന്‍റെ സംഭാവന. കുനാല്‍ റാത്തോഡാണ് രാജസ്ഥാനായി മൂന്നാം നമ്പറിലിറങ്ങിയത്. രണ്ടാം ഓവര്‍ എറിയാനെത്തിയ മൊയീന്‍ അലിയെ ആദ്യ പന്തില്‍ തന്നെ തൂക്കിയടിക്കാന്‍ യശസ്വി ജയ്സ്വാള്‍ ശ്രമിച്ചെങ്കിലും ക്യാച്ചില്‍ നിന്ന് രക്ഷപ്പെട്ടു. എന്നാല്‍ അവസാന പന്തില്‍ സിക്സ് അടിക്കാന്‍ ശ്രമിച്ച കുനാല്‍ റാത്തോഡ് അക്കൗണ്ട് തുറക്കും മുമ്പ് മടങ്ങി.

മൊയീന്‍ അലിയെ ഉയര്‍ത്തിയടിച്ച കുനാലിനെ ആന്ദ്രെ റസല്‍ പിടികൂടി. ആദ്യ രണ്ടോവറില്‍ 9 റണ്‍സ് മാത്രമെടുക്ക രാജസ്ഥാനു വേണ്ടി നേരിട്ട മൂന്നാം പന്തില്‍ തന്നെ സിക്സ് അടിച്ചാണ് ക്യാപ്റ്റന്‍ റിയാൻ പരാഗ് തുടങ്ങിയത്. ഹര്‍ഷിത് റാണ എറിഞ്ഞ പവര്‍ പ്ലേയില്‍ നാലാം ഓവറില്‍ 15 റണ്‍സടിച്ച പരാഗ് പവര്‍ കാട്ടി. വരുണ്‍ ചക്രവര്‍ത്തിയെറിഞ്ഞ അഞ്ചാം ഓവറില്‍ രണ്ട് ബൗണ്ടറിയടക്കം യശസ്വി ജയ്സ്വാള്‍ 9 റണ്‍സ് നേടിയപ്പോള്‍ അവസാന ഓവറില്‍ ഹര്‍ഷിത് റാണയെ ബൗണ്ടറി കടത്തിയ യശസ്വി രാജസ്ഥാനെ 50 കടത്തി. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ 13 റണ്‍സടിച്ച് രാജസ്ഥാന്‍ 59 റണ്‍സിലെത്തി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത വെടിക്കെട്ട് അര്‍ധസെഞ്ചുറി നേടിയ ആന്ദ്രെ റസലിന്‍റെയും റഹ്മാനുള്ള ഗുര്‍ബാസ്, അംഗ്രിഷ് രഘുവംശി, അജിങ്ക്യാ രഹാനെ, റിങ്കു സിംഗ് എന്നിവരുടെ ബാറ്റിംഗ് മികവിന്‍റെയും കരുത്തിലാണ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തത്. 25 പന്തിൽ 57 റണ്‍സുമായി പുറത്താകാതെ ആന്ദ്രെ റസലാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍. അംഗ്രിഷ് രഘുവംശി 31 പന്തില്‍ 44 റണ്‍സെടുത്തപ്പോള്‍ റഹ്മാനുള്ള ഗുര്‍ബാസ് 25 പന്തില്‍ 35 റണ്‍സും രഹാനെ 24 പന്തില്‍ 30 റൺസുമെടുത്തപ്പോള്‍ റിങ്കു സിംഗ് ആറ് പന്തില്‍ 19 റണ്‍സുമായി റസലിനൊപ്പം പുറത്താകാതെ നിന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക